Wednesday, June 28, 2017

18. പുതുനാമ്പുകള്‍.

ഭാഗം : പതിനെട്ട്.

വെയില് കത്തിത്തുടങ്ങിയതോടെ നിരയൊപ്പിച്ച് നീങ്ങുന്ന കൊയ്തുക്കാരുടെ താളവും മുറുകിയിരിക്കുന്നു. സ്ഥിരം കൊയ്തുക്കാരായ നാലഞ്ച് പേര്‍ കൂടാതെ ചിലര്‍ രാവിലെ കൊയ്തിനെത്തിയതോടെ അതൊരു വഴക്കിന് വഴിവെച്ചു. നാട്ടുമ്പുറത്ത് എല്ലാവര്‍ക്കും ജോലി ലഭിക്കുന്ന കൃഷിപ്പണിക്കാലത്തെ വരുമാനം കൊണ്ടാണ്, ഭൂരിപക്ഷവും അടുത്ത ഒരു വര്‍ഷം ജീവിക്കുന്നത്. അത് കൊണ്ട് ജോലിക്ക് വേണ്ടിയുള്ള ആ പിടിവലി സാധാരണ സംഭവമാണ്. ഒരാള്‍ കൂടുതലായാല്‍ ലഭിക്കേണ്ട വിഹിതത്തിലെ കുറവ് തന്നെ പ്രധാന പ്രശ്നം. മുഴുപ്പട്ടിണിക്ക് പകരം അരവയര്‍ നിറച്ച് ഉറങ്ങാവുന്ന വരും ദിനങ്ങളാണ് നാട്ടുമ്പുറത്തുകാരന്റെ സ്വപ്നം.

വിരിപ്പ്, കരിങ്കോറ, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ നാലു വിളകളാണ് നടപ്പുള്ളത്... വര്‍ഷക്കാലത്തിന്റെ തുടക്കത്തില്‍ പൂട്ടിയെടുത്ത കണ്ടത്തില്‍ നേരിട്ട് വിത്തെറിഞ്ഞാണ് വിരിപ്പുപണി തുടങ്ങാറുള്ളത്. അല്ലാത്ത വിളകള്‍ക്ക് വിത്തെറിയും മുമ്പ് അത് രണ്ട് നേരം നനച്ച് മുളപ്പിച്ചെടുക്കണം. അത് വളര്‍ന്ന് ഞാറ് ആവുമ്പോഴേക്കും ബാക്കിയുള്ള കണ്ടങ്ങള്‍ പൂട്ടി, വരമ്പ് വെച്ച്, തോലും വളവും ചേര്‍ത്ത് പലവട്ടം ഉഴുതും ഊര്‍ന്നും നന്നാക്കിയിടണം. പറിച്ച് മുടിയാക്കിയ ഞാറ് ചെറുമികള്‍ നിരയും വരിയുമൊപ്പിച്ച് നട്ടുകഴിഞ്ഞാല്‍ ആദ്യഘട്ടം അവസാനിച്ചു. പിന്നെ കളപറിച്ച്, വെള്ളം തിരിച്ച്, നെല്ലിന്റെ വളര്‍ച്ചയോടൊപ്പം കൂടെയുണ്ടാവണം. വിളഞ്ഞ് പാകമായാല്‍ കൊയ്തെടുത്ത ചുരുട്ടുകള്‍ കറ്റയാക്കി വീട്ടിലെത്തിച്ച് മെതിച്ചെടുത്ത ശേഷമാണ്, വിത്തെറിയും മുമ്പ് നിലം ഉഴുതൊരുക്കിയവര്‍ മുതല്‍ നെല്ല് പത്തായത്തിലാക്കുന്നവര്‍ വരെയുള്ളവര്‍ക്ക് കൂലി ലഭിക്കുന്നത്. വിരിപ്പ് കഴിഞ്ഞാല്‍ വീണ്ടും നന്നാക്കി മുണ്ടകന്‍ കൂടി നടത്തും. വിരിപ്പിനും മുണ്ടകനും ഇടയില്‍ വെച്ച് തുടങ്ങുന്ന വിളയാണ് കരിങ്കോറ. അത് കൊണ്ട് തന്നെ കരിങ്കോറപ്പാടത്ത് സാധാരണ ഒറ്റവിളയേ നടക്കൂ. വെള്ളക്ഷാമം ഇല്ലാത്ത പാടമാണെങ്കില്‍ വേനലില്‍ പുഞ്ചകൃഷിയും പതിവുണ്ട്.

അബ്ദു മുതിര്‍ന്ന ശേഷം ഒരു മേല്‍നോട്ടക്കരന്റെ ആവശ്യമേയുള്ളൂ. നെല്‍കൃഷി കൂടാതെ തോട്ടത്തില്‍ നൂറ് കൂട്ടം കൂടി കൂട്ടക്കൊടി(വെറ്റില) തുടങ്ങി. അത് നനക്കലും നുള്ളലും വില്‍ക്കലും എല്ലാം അവന്‍ തന്നെ ആയതോടെ പതുക്കെ വിശ്രമത്തിലേക്ക് ഉള്‍വലിഞ്ഞിരുന്നു. കൃഷിപ്പണിക്കാലമായാല്‍ വീട്ടില്‍ ഇരുപ്പുറക്കില്ല. ജീവിതം ഒന്ന് കരക്കടുത്തെന്ന് കരുതിയപ്പോഴാണ് സൈനു ഉപേക്ഷിക്കപ്പെട്ടത്. അവളും മകളും ഒരിക്കലും ഒരു ഭാരമായിട്ടില്ലങ്കിലും ഞങ്ങളുടെ കാല ശേഷം എങ്ങനെ എന്നൊരു ചോദ്യം മുമ്പിലുണ്ട്.

“ബാപ്പാ... ഇങ്ങള് ബേജാറാവ്ന്നത് ന്ത് നാ... ഓള് ഇബ് ടെ കയിഞ്ഞോട്ടേ... ഇബ് ടെ ഇള്ളതോണ്ട് എല്ലാര്‍ക്കും കൂടി കയിയാം... “ അബ്ദുന്റെ ആദ്യ പ്രതികരണം അതായിരുന്നു. പക്ഷേ ആമിനുവാണ് അന്ന് യാഥാര്‍ത്ഥ്യ ബോധത്തോടെ സംസാരിച്ചത്. ഒരു വിവാഹത്തെക്കുറിച്ച് പറഞ്ഞാല്‍ സൈനൂന്റെ കണ്ണുകള്‍ നിറയും. കഴിഞ്ഞ ദിവസം അടുത്തിരുത്തി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ നഷ്ടമായതിന്റെ ഞെട്ടല്‍ അപ്പോഴും അവള്‍ക്കുണ്ടായിരുന്നു. “പ്പാന്റെ കുട്ടി സമ്മയ്ക്കണം... നാളെ പിറ്റേന്ന് ഇന്റീം ഇമ്മാന്റിം കാലം കയിഞ്ഞാലും അനക്കും ഓക്കും ജീവിക്കണ്ടേ..” എന്ന് പറഞ്ഞപ്പോള്‍ അവള്‍ നിസ്സഹായതയോടെ നോക്കി.

“സൈനു ന്തേടീ...“ ഉച്ചക്കഞ്ഞിയുമായി ആമിനു വന്നപ്പോള്‍ ആന്വേഷിച്ചു.
“ആ പെണ്ണ് ഒറങ്ങിട്ട് ല്ല്യാ... “

കഞ്ഞിപ്പാത്രവുമായി ആമിനു തിരിച്ച് പോവാന്‍ ഒരുങ്ങിയപ്പോല്‍ അബ്ദു പറഞ്ഞു... “ന്തിനാ ബാപ്പ ഇങ്ങള് ഇങ്ങനെ വെയില് കൊണ്ട് ഇര്ക്ക്ണത്... പെരീക്ക് പൊയ്ക്കോളീ...” “അത് സര്യാ... ഇങ്ങള് ആണ്ട് പോരി... “ ആമിനുവാണ്. രണ്ടാളും കൂടി നിര്‍ബന്ധിച്ചപ്പോല്‍ പതുക്കെ വീട്ടിലേക്ക് നടന്നു.

പടികയറുമ്പോള്‍ തന്നെ ബീത്താത്തനെ കണ്ടു സല്‍മൂനെ കാണാന്‍ വന്നതായിരിക്കും.
“ഇങ്ങള് എപ്പളാ വന്നത്...”
“ആമിനു അപ്പോ ഇബ്ടന്ന് എറങ്ങീട്ടുള്ളൂ ന്ന് സല്‍മു പറഞ്ഞു.”
“ഉം.. പടത്ത് കൊയ്ത് നടക്കാ... അബ്ദു ണ്ട് അവ്ടെ... ന്നാലും പോയിലങ്കി സെര്യാവൂല്ല.”
“ഉം... ഈ പടത്തും പറമ്പിലും ഒക്കെ തന്നെല്ലേ ഞമ്മള് വള്‍ന്നത്..”
“ഇജ്ജ് മ്മാക്ക് കഞ്ഞി കൊട്ത്തീലേ...” സൈനൂനോട് അന്വേഷിച്ചു.
“ഇല്യ... മ്മ ങ്ങള് വന്ന്ട്ട് കുടിച്ചാന്ന് പറഞ്ഞ് ഇരിക്കാണ്.“
“ന്നാ ഇങ്ങളും ആമിനും കൂടെ കുടിച്ചോളീ... ഞാന്‍ പാടത്ത്ന്ന് ആ പണിക്കാരെ ഒപ്പം തിന്ന്”

സല്‍മൂനെ ഓമനിച്ച് തിരിച്ച് പോവാന്‍ ഒരുങ്ങുമ്പോള്‍ ബീത്താത്ത വിളിച്ചു... “ഖാദ് റേ... ഇജ്ജ് ഒന്ന് വന്നാ...” കൂടെ തന്നെ ഇറങ്ങുമ്പോള്‍ ആമിനുവിന്റെ കണ്ണിലെ തിളക്കം ശ്രദ്ധിച്ചു.
“അല്ല ഞമ്മള് ഇബളെ ഇങ്ങനെ നിര്‍ത്ത്യാ മത്യോ... “
“പോര.. ഞാന്‍ അന്വേസിക്കുന്നുണ്ട്. നമ്മക്ക് ഒത്ത ആരെങ്കിലും വേണ്ടേ... പിന്നെ ഒരു കുട്ടിം ള്ളതല്ലേ...”
“ഞമ്മളെ കാലം കയിഞ്ഞാലും ഐറ്റ്ങ്ങക്ക് ജീവിക്കണ്ടേ...”
“ഉം..”
“ഇന്റെ കുട്ട്യേള് യത്തീമാകര്ത് എന്ന് ഇക്കൊരു വാസി ണ്ട്. പണ്ട് ഞാന്‍ തന്നെ ആണ് അന്റെ മോളെ ചോയ്ച്ചത്. അപ്പളൊക്കെ ഇന്റെ കുടീല് മരണം ബരെ ണ്ടാവണം ന്നേര്ന്ന് കര്തീരന്നത്. ഇച്ച് ഒര അനത്ത് വെള്ളം തരാന്‍ ഒരു പെമ്പാട്ടി ഇല്ല്യാത്തോളാ... അതൊക്കെ കര്ത്യാണ് സൈനൂനെ ഓനെ കോണ്ട് കെട്ടിച്ചത്. അത് ഇങ്ങനെ ആവുന്ന് കര്തീട്ട് ല്ല്യല്ലോ ഞമ്മള്” അവരുടെ തൊണ്ട ഇടറിയിരുന്നു
“ഇല്ല്യാ... അയ് ന് ഇങ്ങളൊട് ഞങ്ങക്കൊന്നും ഇല്ല്യല്ലോ... ഓളും ആരോടും പര് വം പറയാറില്ല... ഓലെ വിധി അങ്ങനെ ആയീന്ന് കര്താന്നാല്ലാതെ...”
“അങ്ങനെ ആയീന്ന് വെച്ച് ഓളെ മരണം വരെ അങ്ങനെ നിര്‍ത്താന്‍ പറ്റോ... “
“അത് പറ്റൂല്ല... ഞാനും അലോയ് ക്ക്ണ്ണ്ട്... ”
“അതാ പറീണത്... ഇന്റെ മനസ്സില് തോന്ന്യ ഒരു അലോചനണ്ട്... ഇജ്ജും കൂടി സമ്മയ്ച്ചാല്‍ ഞമ്മക്ക് ഓലോട് ചോയ്ക്കാം...”
“ഉം.. ങ്ങള് പറയീ....”
“ന്റെ കുഞ്ഞു... യത്തീമാണ്. കൈ ക്കെ നാല് മുക്കാല് ഇല്ല്യാ... ന്നാലും ഓന്‍ ഓളെ നോക്കികോളും... അനക്ക് സമ്മതാണോ...”
“ഇങ്ങള് കുഞ്ഞൂനോട് ചോയ്ച്ചാ... “
“ഞാന്‍ പറഞ്ഞാ ന്റെ കുട്ടി കേക്കും... അത് ഒറപ്പാണ്... പക്ഷേ ആദ്യം അന്റെ സമ്മതം വേണം..”
“ഞാന്‍ പ്പോ ന്താ പറയാ...”
“കൊറെ ആലോയ്ച്ചിട്ട്ന്നൊന്നും കാര്യല്ല...“
“ഞാന്‍ അബ്ദുനോടും ആമിനൂനോടും ഒകെ ഒന്ന് ചോയ്ച്ച് നോക്കട്ടേ...”
“ആമിനൂന് സമ്മതക്കൊറവ് ഒന്നും ഇല്ല്യാ... കായിം പണോം കൊറവാണ് ന്നല്ലേ ഒള്ളൂ... ഓന്‍ നല്ലോനാ... ഞാന്‍ വളത്തിണ്ടാക്യ കുട്ട്യാ...”
“ന്തായാലും ഇങ്ങള് കുഞ്ഞൂനോടും കൂടി ഒന്ന് ചോയ്ച്ച് നോക്കീ...”
“അപ്പോ അനക്ക് സമ്മതാണ് അല്ലേ... സൈനൂനോട് ചോയ്ക്കാന്‍ ആമിനൂനെ ഏല്‍പ്പിച്ച്ട്ടുണ്ട്.”
“ഉം..”
“ഞാന്‍ കുഞ്ഞൂനെ കണ്ട്ട്ടേ പെരീക്ക് പോവൊള്ളൂ...”
“ഓന്‍ അബുഹാജിന്റെ ചക്കാലീല് ണ്ടാവുല്ലേ...”
“ഇല്ല്യാ ... ആ മൂരി ചത്തപ്പോ ഓന് പിന്നെ അവ്ടെ പണി നിര്‍ത്തി. ഇന്ന് രായീന്‍ ഹാജിക്ക് തോല്‍പ്പണി ആണ്ന്ന് പറഞ്ഞീന്ന്.”
“ന്നാ ഇങ്ങള് ചോയ്ച്ച്ട്ട് വിവരം പറീ..”
“ന്നാ ഞാന്‍ എറങ്ങട്ടേ... ഒക്കെ പടച്ചോന്‍ സലമത്താക്കട്ടേ...”
“ആമീന്‍..” എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോള്‍ മനസ്സ് ഒരുങ്ങിത്തുടങ്ങിയിരുന്നു.

**** ***** ***** ***** ****
ആല്‍പ്പറമ്പിലെ അടിപ്പൊന്ത വെട്ടി കെട്ടാക്കുമ്പോഴാണ് അമ്മായി വിളിച്ചത്. അവര്‍ക്ക് കുന്ന് കയറാന്‍ ബുദ്ധിമുട്ടാവും. ചക്കാലയിലെ പണി നിര്‍ത്തിയ ശേഷം അത്യവശ്യമുണ്ടെങ്കില്‍ അവര്‍ അന്വേഷിച്ച് വരാറുണ്ട്. പണി നിര്‍ത്തി കുന്നിറങ്ങി. അടുത്തെത്തുമ്പോള്‍ ഇമവെട്ടാതെ നോക്കുന്ന അവരുടെ നനഞ്ഞ കണ്ണുകളാണ് ശ്രദ്ധിച്ചത് .
“ന്തേ അമ്മായിയേ.... ഞാന്‍ ങ്ങളോട് പറഞ്ഞ്ട്ട് ല്ല്യേ ആവ്സ്യണ്ടങ്കി ആ ഹംസനെ ഒന്ന് പറഞ്ഞയച്ചാ മതീന്ന്...”
“അന്നോട് ഒരു വല്യ കാര്യം പറ്യാനാ ഞാന്‍ വന്നത്. “
പാറപ്പുറത്ത് പടിഞ്ഞിരിക്കുമ്പോള്‍ ചോദിച്ചു... “അത് ന്താ... “
“ഇജ്ജ് ഇന്റെ പള്ളീല് പെറ്ന്ന്ട്ട്ല്ല്യാന്നെ ഒള്ളൂ... ന്റെ കുട്ട്യാ.. യത്തീമായിറ്റ് ഇന്റെ കൈക്ക കിട്ടുമ്പോ എന്തേര്ന്ന് അന്റെ പാട് ന്ന് അനക്ക് ഓര്‍മ്മണ്ടോ...”
“ഞാന്‍ മറക്കോ അമ്മായ്യേ അതൊക്കെ... ന്റെ മ്മാക്ക് ബദല് ള്ളത് ഇങ്ങള് ന്നെ അല്ലേ...”
“ന്നാ ഞാന്‍ അന്നെ നോക്യ പോലെ ഒരു യത്തിം കുട്ടിനെ ഇജ്ജ് നോക്കണം..”
“എത്താ ങ്ങള് പറീണത്...”
“ആ... അനക്ക് ഇന്റെ സൈനൂനെ കെട്ടിക്കൂടെ... “ ഒന്നും പറയാനാവാതെ തരിച്ചിരുന്നു. അവര്‍ ഒന്നു പറയാതെ മുഖത്തേക്ക് തന്നെ നോക്കിയിരുപ്പാണ്. മൌനം തുടര്‍ന്നപ്പോള്‍ അവര്‍ കൂട്ടിച്ചേര്‍ത്തു. “ഓള് നല്ലോളാ... ഇസ്റ്റക്കേട് ഉണ്ടെങ്കില്‍ അതും പറയ്... അന്റെ സമ്മതം മാത്രം മതി.”
“ഇനിക്ക് ഇസ്റ്റക്കേട് ഒന്നും ല്ല്യാ... പക്ഷേ ഓല് വല്യ തറവാടാണ്. കൊജ്ജാനും മെതിക്കാനുമൊക്കെ ണ്ട്. ഇന്റെ കഥ ഇങ്ങക്ക് അറീലേ...”
“കായിം പണും ഒക്കെ ണ്ടാക്ക്യ ണ്ടാവൂല്ലേ... പിന്നെ ഓല് ക്ക് സമ്മതക്കൊറവൊന്നും ഇല്ല്യാ... അനക്ക് സമ്മതാണോ...”
“ഇങ്ങള് പറഞ്ഞാ പിന്നെ ഞാന്‍ ന്താ പറ്യാ...”
“ന്റെ കുട്ടിനെ പടച്ചോന്‍ സഹായിക്കും.. വായിലിട്ട വെരല് കൂടി കടിച്ചാത്ത പാവാണ് ന്റെ കുട്ടി.. ഓളെ ഇഞ്ഞും കസ്റ്റപ്പെട്ത്തര്ത്...“

“ഇജ്ജ് ബെയ്ന്നാരം ഒന്ന് അങ്ങ്ട്ട് വാ... ഞാന്‍ രായീന്‍ ഹാജിനെ ഒന്ന് കാണട്ടേ...” എന്നും പറഞ്ഞ് ബീത്താത്ത തിരിച്ച് നടക്കുമ്പോഴും കുഞ്ഞു ആലോചനയില്‍ മുഴുകിയിരിപ്പായിരുന്നു.

8 comments:

ഇത്തിരിവെട്ടം said...

പുതുനാമ്പുകള്‍.

തെച്ചിക്കോടന്‍ said...

പുതുനാമ്പുകള്‍, ശുഭപ്രതീക്ഷകള്‍.

കൃഷിപ്പണിയെപ്പറ്റി ഒരു ഗവേഷണം തന്നെ നടത്തിയിട്ടുണ്ടല്ലോ..?!
മുന്‍പ് വീടിനു മുന്‍പില്‍ പരന്നു കിടക്കുന്ന പാടങ്ങളുണ്ടായിരുന്നു (ആരാന്റെ), ഇപ്പോള്‍ ഇടതൂര്‍ന്ന കമുങ്ങിന്‍ തോട്ടം മാത്രം, സ്വല്പം പോലും പാടമില്ല!!. പഴമയെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.

ആശംസകള്‍

shams said...

ഇത്തിരീ...
ഓര്‍മ്മകളില്‍ പാടത്തെ ചെളിയുടേയും ചേറിന്റേയും ചൂര് നിറച്ചു
അഭിനന്ദനങ്ങള്‍.

റ്റോംസ് കോനുമഠം said...

പുതുനാമ്പുകള്‍ വായിച്ചു.
പഴയതിലേക്ക് പോയില്ല, സമയം പോലെ ആവാം.
ക്ണ്ടതില്‍ സന്തോഷം

ആര്‍ബി said...

“ഇജ്ജ് മ്മാക്ക് കഞ്ഞി കൊട്ത്തീലേ...” സൈനൂനോട് അന്വേഷിച്ചു.
“ഇല്യ... മ്മ ങ്ങള് വന്ന്ട്ട് കുടിച്ചാന്ന് പറഞ്ഞ് ഇരിക്കാണ്.“
“ന്നാ ഇങ്ങളും ആമിനും കൂടെ കുടിച്ചോളീ... ഞാന്‍ പാടത്ത്ന്ന് ആ പണിക്കാരെ ഒപ്പം തിന്ന്”


ithireee,, pazhaya kaalathilekku kondu pokunnathil 100% ningal vijayikkunnund tto...


thudaratte,,,,

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

നല്ല വായനാനുഭവം നൽകുന്ന ഇതെല്ലാം സൌകര്യപ്രദാമായി വീണ്ടും വായിക്കണം..

ആശംസകൾ

mukthar udarampoyil said...

നല്ല എഴുത്ത്..
നല്ല വായന...
നനവൂറുന്ന ഓര്‍മകള്‍...
ഭാവുകങ്ങള്‍...

ഇത്തിരിവെട്ടം said...

വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.