Wednesday, June 28, 2017

16. സമസ്യകള്‍‍...

ഭാഗം : പതിനാറ്

സല്‍മു കരഞ്ഞുറങ്ങി എന്ന് തോന്നുന്നു. ഉമ്മയുടെ ചുമലില്‍ ആണ് ഇന്നലെ രാത്രി മുതല്‍. ഉടച്ചകഞ്ഞി കുടിപ്പിക്കാന്‍ സല്‍മൂനെയും കൊണ്ട് മുറ്റത്ത് നടക്കുമ്പോഴാണ് ബാപ്പയും അബ്ദുവും കൂടി പള്ളിയിലേക്ക് ഇറങ്ങിയത്. “സൈന്വോ ഈ കരിക്കൂട്ണ് നേരത്ത് (സന്ധ്യാ സമയം) ആ പെണ്ണിനേം കൊണ്ട് ഇബ് ടെ നിക്കണ്ട... അവുത്ത്ക്ക് പൊയ്ക്കോ” എന്ന് ബാപ്പ പറഞ്ഞപ്പോള്‍ അകത്തേക്ക് കയറുകയും ചെയ്തു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി അന്ന് മുതല്‍ മനസ്സില്‍ എന്തിനെന്നറിയാത്ത ആധി തന്നെയായിരുന്നു. ഇടയ്ക്കിടെ വരാറുള്ള ഉമ്മയെ കാണുമ്പോഴൊക്കെ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്ന് ആര്‍ത്തിയോടെ അന്വേഷിക്കാറുണ്ട്. “ഓന്റെ സ്വഭാവം അനക്ക് അറിഞ്ഞൂടെ സൈന്വോ... ഒരു വിവരും ഇല്ല്യാ..” എന്ന പ്രതീക്ഷിച്ച മറുപടിയും കിട്ടും.വന്നാല്‍ സല്‍മൂനെ കുറെ കളിപ്പിച്ച് തിരിച്ച് പോവും. അപ്പോഴൊക്കെ “ഇജ്ജ് പോര്ണ് ല്യേ സല്‍മൂട്ട്യേ... “ എന്ന് ചോദിക്കും എന്ന് പലവട്ടം കരുതിയിരുന്നു. ആ വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ഈ നിമിഷം വരെ എന്തായിരിക്കും എന്നോടുള്ള പിണക്കത്തിന്റെ കാരണം എന്ന് തന്നെയാണ് തിരിച്ചും മറിച്ചും ആലോചിച്ചത്.

ഇന്നലെ മുതല്‍ സല്‍മു ഉമ്മയോടൊപ്പം അടങ്ങിക്കഴിയുന്നുണ്ട്. എന്റെ ഉള്ളിന്റെ ഉരുക്കം അവള്‍ക്കും പിടികിട്ടിയിരിക്കും. സാധാരണ ഇവിടെ വന്നാല്‍ വിടാതെ കൂടെ തന്നെ കൂടാറുള്ളതാണ് അവള്‍. മറ്റാരെയും അടുപ്പിക്കാത്ത ചിണുങ്ങിക്കരച്ചില്‍ എപ്പോഴും കൂട്ടിനുണ്ടാവും. ഇന്നലെ രാത്രി മുഴുവന്‍ ഉമ്മയാണ് ഉറക്കിയിട്ടുണ്ടാവുക. ബാപ്പ പറഞ്ഞ വാര്‍ത്ത മനസ്സിനെ വിശ്വസിപ്പിക്കാന്‍ ഇനിയും ശ്രമിച്ച് കൊണ്ടിരിക്കുന്നു. “അന്നെ കാര്യം ഒയിവാക്കി എന്നും പറഞ്ഞ് ഒരു കത്ത് വന്ന്ക്ക്ണ്’ എന്ന ബാപ്പയുടെ ശബ്ദം ഏതോ ഗുഹക്കകത്ത് നിന്ന് കേട്ടപോലെയാണ് തോന്നിയത്. കാലിന്നടിയില്‍ നിന്ന് തുടങ്ങിയ പെരുപെരുപ്പും ചൂടുംമേലാകെ വ്യാപിച്ചു, തലയ്ക്കത്ത് തീപ്പന്തമെരിഞ്ഞു, ശരീരമാസകലം സൂചി ഇറക്കുന്ന പ്രതീതി, കാഴ്ച കലങ്ങിയൊലിച്ചതും കാലിന്റെ ബലം കുറഞ്ഞ് കുറഞ്ഞ് വരുന്നതും “ന്റെ കുട്ടീ... “ എന്ന ബാപ്പാന്റെ കരച്ചിലും നേരിയ ഓര്‍മ്മയുണ്ട്.

കണ്ണുതുറക്കുമ്പോള്‍ കട്ടിലില്‍ തലവെച്ച് നിലത്ത് പടിഞ്ഞിരിക്കുന്ന ഉമ്മയെയാണ് ആദ്യം കണ്ടത്. തൊട്ടപ്പുറത്ത് സല്‍മൂന്റെ തൊട്ടില്‍ അനങ്ങുന്നുണ്ട്. അത് കണ്ടതോടെ സ്ഥലകലങ്ങളില്‍ തിരിച്ചെത്തി. ഉള്ളില്‍ ഉയര്‍ന്ന തേങ്ങല്‍ പണിപ്പെട്ട് ഒതുക്കിയെങ്കിലും കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു. എത്ര അടക്കാന്‍ ശ്രമിച്ചിട്ടും സങ്കടം തേങ്ങലായപ്പോഴേക്ക് ഉമ്മയുടെ കൈകള്‍ മുടിയിലൂടെ സഞ്ചിരിച്ച് തുടങ്ങി. ചുണ്ടുകള്‍ നെറ്റിയില്‍ അമരുമ്പോള്‍ “ന്റെ കുട്ടി ങ്ങനെ കരഞ്ഞ്ട്ടെന്താ കാര്യം... ഒക്കെ സര്യാവും. ഇജ്ജ് സബൂറാക്ക് (ക്ഷമിക്കുക)... “ എന്ന് മന്ത്രിച്ചു. ആ സാന്ത്വനം അകത്ത് അമര്‍ത്തിയ സങ്കടത്തിന്റെ കുത്തൊഴുക്ക് കൂട്ടി. മുളചീന്തും പോലെ തേങ്ങിക്കരയുമ്പോള്‍ ഉമ്മ പുറത്ത് തട്ടി ആശ്വസിപ്പിച്ച് കൊണ്ടിരുന്നു. തൊട്ടില്‍ അനങ്ങിയപ്പോള്‍ കണ്ണും മൂക്കും അമര്‍ത്തിത്തുടച്ച്എണീറ്റിരുന്നു. ബാപ്പ വാതിലില്‍ തന്നെയുണ്ട്. കണ്ണുകള്‍ ഇടഞ്ഞപ്പോള്‍ കണ്‍കോളുകളില്‍ തുടങ്ങി കവിളിലൂടെ ഒലിച്ചൊഴുകുന്ന ചാലുകളാണ് ആദ്യം ശ്രദ്ധിച്ചത്.


കണ്ണീരടങ്ങുന്നില്ല... ഉറവ വറ്റാത്ത കണ്ണീര് തുടക്കുമ്പോള്‍ ഉമ്മ പറഞ്ഞു.. “ന്റെ കുട്ടിന്റെ ചാവം (ശാപം) ഓന് ണ്ടാവര്ത്. അന്റെ ഈ കണ്ണ്ന്ന് ഇപ്പോ വര്ന്നത് ചോരേണ്. അയ് ന് ള്ളത് പടച്ചോന്‍ കൊട്ത്തോളും.ഞമ്മക്ക് സബൂറാക്കാം. ന്താ ണ്ടായത് ന്ന് ബീത്താത്തനോട് ഞമ്മക്ക് ചോയ്ക്കാം.. ഇമ്മ കഞ്ഞിന്റെള്ളം ചൂടാക്കിത്തരാം... ഇന്റെ കുട്ടി കൊറ്ച്ചെങ്കിലും കുടിച്ച്. അന്റെ തടി മത്രം ഇജ്ജ് നോക്ക്യാപോരാ.. ആ കുട്ടിക്ക് അന്റെ പാല് തന്നെ കൊട്ക്കണ്ടേ....”
‘പറക്കമുറ്റാത്ത ഈ പൈതലിനെയും കൊണ്ട് ഇനി എന്ത്...?" എന്ന ചോദ്യം അകം പൊള്ളിച്ചുകൊണ്ടിരുന്നു.

കഞ്ഞിപ്പാത്രത്തില്‍ ചിരട്ട കൈല്‍ ഇളക്കാനാല്ലാതെ അത് വായിലേക്ക് ഉയര്‍ത്താന്‍ തോന്നിയില്ല. “എന്തിനായിരിക്കും എന്നോട് ഇങ്ങനെ.. “ എന്ന ചോദ്യം മനസ്സ് തുടര്‍ന്ന് കൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷം അഞ്ച് ആവാറായെങ്കിലും ഇന്നേവരെ ഒരു പിണക്കം കൂടി ഉണ്ടായിട്ടില്ലായിരുന്നു. കല്ല്യാണം കഴിഞ്ഞ് ആ വീടിന്റെ പടി കയറിയ അന്ന് മുതല്‍ അത് സ്വന്തം വീടായിരുന്നു. അവിടെ മൂത്ത മകളായിരുന്നു. ഭര്‍ത്താവിന്റെ ഒരു വാക്കിനെയും എതിര്‍ത്ത് സംസാരിച്ച ഓര്‍മ്മയില്ല. എന്നിട്ടും കളപറിച്ച് കളയുമ്പോലെ ആ കുടുംബത്തില്‍ നിന്ന് എടുത്തെറിയപ്പെട്ടപ്പോള്‍ നിലയില്ലാ വെള്ളത്തില്‍ എത്തിപ്പെട്ട പ്രതീതി.

നേരം വെളുത്ത ഉടന്‍ ഉപ്പയും ഉമ്മയും ബിത്താത്തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. “ഇജ്ജ് ഏണ്ടും പോണ്ട.. ഓള് ബ് ടെ ഒറ്റക്കാണ്. സല്‍മൂനെ ഒന്ന് നോക്ക്..” എന്ന് അബ്ദുവിനോട് ഉപ്പ പറയുന്നത് കേട്ടു. “ങ്ങള് പ്പ ന്തിനാ ഓന്റെ പെരീക്ക് പോണത്... ഓള് ഞമ്മളെ പെരീല് നിന്നോട്ടേ... ന്നാലും ഓല്‍ക്ക് ഇട്ട് തട്ടാനൊന്നും കൊട്ക്കണ്ട. ഓലെ കാല് പുട്ച്ചാനും പോണ്ട... “ അബ്ദുവിന്റെ അരിശം ഇന്നലെ തുടങ്ങിയതാണ്. “അനക്ക് അത് പറ്യാ.. ഓക്ക് ഒരു പെമ്പാട്ട്യാണ്... ഞങ്ങളെ കാലം കയിഞ്ഞാലും ഓക്ക് ജീവിച്ചണ്ടേ...” അവര്‍ ഇറങ്ങിയപ്പോള്‍ സല്‍മൂനെയും കൊണ്ട് അകത്തേക്ക് നടന്നു. സങ്കടത്തിന്റെ പുതിയ തിര അകത്ത് ഉരുണ്ട് കൂടിത്തുടങ്ങിയിരിക്കുന്നു.

*** *** *** *** **** ******
ഖാദറും ആമിനുവും കയറിച്ചെല്ലുമ്പോള്‍ ഹംസ ഉമ്മുറത്തെ തിണ്ടില്‍ കിടന്നിരുന്നു.അകത്ത് നിന്ന് വന്ന ബീത്താത്ത ആളാകെ മാറിയിരുന്നു. എപ്പോഴും ചുറുചുറുക്കോടെ നടക്കാറുള്ള അവര്‍ കൂനിക്കൂടിയാണ് നടക്കുന്നത്. മുഖം ചീര്‍ത്തിട്ടുണ്ട്... കേറിയിരിക്കാന്‍ ആഗ്യം കാണിച്ചു. “ന്തേ ആമിന്വോ ഞമ്മളെ കുട്ട്യേക്ക് പറ്റ്യേത്... അന്നോട് ഓള് വല്ലതും പറഞ്ഞോ...” എന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ബീത്താത്തയുടേ ശബ്ദം ഇടറിയിരുന്നു. നിറകണ്ണുകളുമായി ‘ഇല്ലന്ന്’ തലയാട്ടാനേ ആമിനുവിന് കഴിഞ്ഞുള്ളൂ. വരാന്തയിലെ തിണ്ടില്‍ ദൂരെക്ക് നോക്കി ഖാദര്‍ ഇരുന്നു. പോവുന്ന മുമ്പ് തന്നെ സൈയ്തു ഇത് തീരുമാനിച്ചിരിക്കാം എന്നും അത് കൊണ്ടാണ് കുറച്ച് ദിവസം അവള് അവിടെ നില്‍ക്കട്ടേ..., തല്‍ക്കാലം കൂട്ടികൊണ്ട് വരണ്ട എന്ന് തീരുമാനിച്ചത്. രണ്ടാള്‍ക്കിടയില്‍ അവരറിയുന്ന ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവരെല്ലാം ചിന്തിച്ചത് എന്തായിരിക്കും ഇതിന് പ്രേരിപ്പിച്ച വികാരം എന്നത് മാത്രമായിരുന്നു. ഇനി അലീമുവിനോട് സൈനു വല്ലതും പറഞ്ഞിട്ടുണ്ടോ എന്നറിയാന്‍ വേലിയരികില്‍ പോയി ബീത്താത്ത അവളെ വിളിച്ചു. കദീജുവിനെ ഒക്കത്ത് വെച്ചാണ് അലീമു എത്തിയത്. അവള്‍ക്കും ഒന്നും പറയാനില്ലായിരുന്നു. ഹംസയോടും അയമുദുവിനോടും അതേ കുടുബത്തില്‍ തന്നെ പെട്ട കുഞ്ഞുവിനോടും ഖാദര്‍ അന്വേഷിച്ചു. പക്ഷേ സൈയ്തുവിന്റെ പെരുമാറ്റത്തില്‍ ഇങ്ങനെ ഒരു തീരുമാനത്തിന്റ് ലാഞ്ചന പോലും ഇല്ലായിരുന്നു. പോയക്കാര്യത്തിന് ഒരു തീരുമാനവും ആവാതെയാണ് ഖാദറും ആമിനുവും മടങ്ങിയത്.

പിറ്റേന്ന് ബീത്താത്ത സൈനുവിന്റെ വീട്ടിലെത്തി... കണ്ടപ്പോള്‍ രണ്ടാളുടെയും കണ്ണ് നിറഞ്ഞു. സൈനുവിനെ ഏറ്റവും നന്നായി ആശ്വസിപ്പിച്ചതും ബീത്താത്തയായിരുന്നു. ഇടയ്ക്കിടെ അവരുടെ സന്ദര്‍ശനം കൊണ്ട് അവള്‍ വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിത്തുടങ്ങി. ഇതിനിടയില്‍ ഹംസയും അയമുദുവും കൂടി സൈയ്തുവിനെ അന്വേഷിച്ച് വയനാട് വരെ പോയി. സൈനുവിനെ തിരിച്ചെടുക്കണം എന്ന ബീത്താത്തന്റെ അഭ്യര്‍ത്ഥന അറിയിച്ചപ്പോള്‍ “ഞാന്‍ കാര്യം ഒഴിവാകീട്ട്ണ്ടങ്കി അത് പിന്നെ തിരിച്ചെട്ക്കാനല്ല... “ എന്ന് തീര്‍ത്ത് പറഞ്ഞെത്രെ. ‘എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന ചോദ്യത്തിന് സൈയ്തു മൌനിയായിരുന്നു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കാരണമില്ലാത്ത ആ ‘തലാഖ്’ അത്ഭുതമായി. ഒരിക്കല്‍ ബീത്താത്ത സല്‍മൂനെ കണ്ട് തിരിച്ച് പോവാനിറങ്ങുമ്പോള്‍ ഖാദറിനെ പുറത്തേക്ക് വിളിച്ചു.. “ന്റെ കുട്ടിന്റെ കണ്ണീര് ഇനിക്ക് കാണാന്‍ വെജ്ജ ന്റെ ഖാദറേ... ഓള് ഇനിക്ക് മരോള് ആയിരുന്നില്ല... മോള് ആയിരുന്നു. ഇന്ന്ട്ടും ആ ബലാല് എന്തിനിത് ചെയ്തുന്ന് പടച്ചോന് മാത്രേ അറിയൂ...“ പഴയ കാര്യങ്ങളൊക്കെ ഓര്‍ത്ത ശേഷം അവര്‍ കൂട്ടിച്ചേര്‍ത്തു... “ഞമ്മളെ മോളെ ഇങ്ങനെ നിര്‍ത്ത്യ മത്യോ... ഓള്‍ക്ക് അയ് ന് മാത്രം പ്രായം ഒന്നും ആയിട്ടില്ലല്ലോ... ഒന്നും കൂടി കെട്ടിച്ചയക്കുന്ന കാര്യം ഇജ്ജ് അലോയിച്ച്ട്ട്ണ്ടോ...”
“ഞാം അലോയ്ച്ചാത്തത് കൊണ്ടല്ല... ആരെങ്കിലും തലീല് കെട്ടിവെക്കാം മാത്രം മക്കളൊന്നും ഇല്ല്യല്ലോ ഇച്ച്... പിന്നെ ഒരു പെങ്കുട്ടിം ഇല്ല്യേ... നല്ല കൂട്ടര് വല്ലോം വെരാണെങ്കി നോക്കണം...”
“ഞാനും അത് ആലോയ്ച്ച്ണ്ട്... ഞമ്മക്കൊന്ന് നോക്കാ... ഓളെ പെറ്റത് ആമിനു ആണ് ന്നേ ഉള്ളൂ... ഇന്റെ കുട്ട്യെന്നേണ്... ”
“ഞമ്മക്ക് അന്വേസിച്ച് നോക്കാം... തഞ്ചം ഒത്ത ആരെങ്കിലും കിട്ടട്ടേ...”
“ഇന്‍സാ അല്ലാ... ഇജ്ജ് അഞ്ച് വഖ്ത്തിലും ദോര്‍ക്ക്.. ഒക്കെ സര്യാവും.” ബീത്താത്ത പടിയിറങ്ങുമ്പോഴും ആ പിതാവിന്റെ മനസ്സ് ശൂന്യമായിരുന്നു.

അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഒരു രാത്രി സൈയ്തു നാട്ടില്‍ തിരിച്ചെത്തി. പായും തലയിണയും എടുത്ത് കൊടുക്കുമ്പോള്‍ ‘സൈനുവിന്റെ കണ്ണീരിന്റെ ശാപം ജീവിതകാലം മുഴുവന്‍ വിടാതെ കൂടെയുണ്ടാവും. എല്ലാ കാലത്തും ആരോഗ്യം ഉണ്ടാവുകയില്ല’ എന്നായിരുന്നു ബീത്താത്തയുടെ പ്രതികരണം. നാട്ടിലെത്തിയ ശേഷവും സൈയ്തു പുറത്തിറങ്ങിയില്ല... ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല. മുന്നാം ദിവസം പുലര്‍ന്നത് നാടിനെ ഞെട്ടിച്ച മറ്റൊരു വാര്‍ത്തയുമായി ആയിരുന്നു.

10 comments:

Rasheed Chalil said...

സമസ്യകള്‍...

കാട്ടിപ്പരുത്തി said...

ഓരോ കഥകളും നൽകുന്നത് ഓരോ സാമൂഹിക ചിത്രങ്ങൾ കൂടിയാകുന്നു, ഒരു കഥയേക്കാൾ ഒരു ധർമ്മവുമതുൾകൊള്ളുന്നു. ഒരു മുഴു വായനക്കായി കാത്തിരിക്കുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

ഇനിയും ഞെട്ടാനോ..

കാത്തിരിക്കാമല്ലെ..

lejose said...

വാര്‍ത്ത എന്തായിരുന്നു?

Unknown said...

കഥയിലൂടെ അക്കാലത്തെ സമൂഹത്തിന്റെ ഒരു പരിച്ചേദം കൂടിയാണ് അനാവരണം ചെയ്യപ്പെടുന്നത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

shams said...

ന്റള്ളോ.. എന്തിനാങ്ങനെ ഞെട്ടിക്ക്ണ് ന്റെത്തിര്യേ..
വേഗം പോരട്ടെ അടുത്തതും.
നന്നായിരിക്കുന്നു.

ആര്‍ബി said...

ഉറവ വറ്റാത്ത കണ്ണീര് തുടക്കുമ്പോള്‍ ഉമ്മ പറഞ്ഞു.. “ന്റെ കുട്ടിന്റെ ചാവം (ശാപം) ഓന് ണ്ടാവര്ത്. അന്റെ ഈ കണ്ണ്ന്ന് ഇപ്പോ വര്ന്നത് ചോരേണ്. അയ് ന് ള്ളത് പടച്ചോന്‍ കൊട്ത്തോളും.ഞമ്മക്ക് സബൂറാക്കാം. ന്താ ണ്ടായത് ന്ന് ബീത്താത്തനോട് ഞമ്മക്ക് ചോയ്ക്കാം.. ഇമ്മ കഞ്ഞിന്റെള്ളം ചൂടാക്കിത്തരാം... ഇന്റെ കുട്ടി കൊറ്ച്ചെങ്കിലും കുടിച്ച്. അന്റെ തടി മത്രം ഇജ്ജ് നോക്ക്യാപോരാ.. ആ കുട്ടിക്ക് അന്റെ പാല് തന്നെ കൊട്ക്കണ്ടേ....”

തയക്കം വന്ന ക്ഷമയുടെ പര്യായങ്ങളാണല്ലോ മാതാപിതാക്കള്‍...




തെച്ചിക്കോടനും കാട്ടിപരുത്തിയും പറഞ്ഞ പോലെ കാലത്തിന്റെ കണ്ണാടീയാവുന്നു ഓരോ വാക്കുകളും...

പട്ടേപ്പാടം റാംജി said...

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കാരണമില്ലാത്ത ആ ‘തലാഖ്’ അത്ഭുതമായി

കാലഘട്ടത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുന്ന കഥ.

Popy Kuttan said...

hmm kaathirikkunnu baaakki bhagangalkkayi

Rasheed Chalil said...

എല്ലാവായനക്കാര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി.