Wednesday, June 28, 2017

14. വഴിയമ്പലം.

ഭാഗം : പതിനാല്.

കിണറ്റുവക്കിലെ അലക്കുകല്ലില്‍ ഇരുത്തി വെള്ളം മുക്കിയൊഴിച്ചപ്പോള്‍ സല്‍മു കൈ കൊട്ടിച്ചിരിച്ചു. സൈനു ഇവളെ കുളിപ്പിക്കാന്‍ പഠിച്ച് വരുന്നേ ഉള്ളൂ. വല്ലപ്പോഴും അതിന് ശ്രമിച്ചാല്‍ “പെണ്ണ് അടങ്ങി ഇരിക്കൂല ...” എന്നാണ് അവളുടെ പരാതി. സാരമില്ല, കുട്ടികള്‍ അങ്ങനെ തന്നെയാണ്. അത് അനുസരിച്ച് നമ്മുടെ കൈകള്‍ക്ക് തഴക്കം വരണം എന്ന് പറഞ്ഞ് മനസ്സിലാക്കി. ലോകം തിരിയാത്ത പ്രായത്തിലാണ് മരുമകളായി അവള്‍ എത്തുന്നത്. അന്ന് കുഞ്ഞാമൂന്റെ മോളുടെ കല്യാണദിവസം ആമിനൂനോട് “അന്റെ സൈനൂനെ എന്റെ സൈയ്തൂന് തന്നൂടെ...” എന്ന് ചോദിച്ചത് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു. ഓമനിച്ച് വളര്‍ത്താ‍നും വാര്‍ദ്ധക്യത്തില്‍ സഹായിക്കാനും ഒരു പെണ്‍കുട്ടി ഇല്ലാത്തതിന്റെ ദുഃഖം മാറിയത് സൈനു മരുമകളായി എത്തിയതിന് ശേഷമാണ്. ഇന്നലെ “വയനാട്ട്ക്ക് പോണ്ടാന്ന് ഇജ്ജ് സെയ്തൂനോട് പറഞ്ഞീല്ലേ..” ന്ന് ചോദിച്ചപ്പോള്‍ മറുപടി അവളുടെ നിറഞ്ഞ കണ്ണുകളായിരുന്നു. തമ്മില്‍ വല്ല പിണക്കവുമുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ “ഒന്നൂല്ല്യ മ്മാ.. പോയി മുന്നാല് മാസം കയിഞ്ഞാ വരും ന്നാ പറഞ്ഞത്..” എന്ന് പറയുമ്പോള്‍ ശബ്ദം ഇടറിയിരുന്നു. വൈകീട്ട് സൈയ്തു വന്നപ്പോഴും ചോദിച്ചു.““ഇനിക്ക് പോണം.. തല്‍ക്കാലം സൈനൂനിം കുട്ടിനിം ഓളോടെ കൊണ്ടാക്കാം... കൊറച്ചീസം അവ്ടെ നിന്നോട്ടെ..” എന്നായിരുന്നു മറുപടി.

നാട്ടില്‍ തന്നെ അത്യവശ്യത്തിന് പണിയുണ്ട്. പിന്നെയെന്തിനാണ് നാട് ഒഴിവാക്കുന്നത് എന്ന് പലവട്ടം ചിന്തിച്ചിട്ടും ചോദിച്ചിട്ടും ഉത്തരം കിട്ടിയില്ല. സൈനുവും സല്‍മുവും പോയാല്‍ പിന്നെയും വീടുറങ്ങും. രാവിലെ സുബഹി നിസ്കാരം കഴിയുമ്പോഴേക്ക് നിസ്കാരപ്പായയിലേക്ക് അവള്‍ മുട്ടുകുത്തിയെത്തും. പിന്നെ അവളോടൊപ്പം തന്നെ. ഉരുണ്ടിറങ്ങിയ സല്‍മുവിനെ തിരിച്ചിരുത്തി വെള്ളം ഒഴിക്കുമ്പോഴാണ് കുഞ്ഞു പടി കടക്കുന്നത് കണ്ടത്. അവനെ കണ്ടാല്‍ എപ്പോഴും വരാത്തതിന് പരുവം പറയുന്നത് പതിവാണ്. അത് കൊണ്ട് കാണാത്ത പോലെ ഇരുന്നു. നടപ്പും സംസാരവും പെരുമാറ്റവും എല്ലാം ആങ്ങളയെ പോലെ തന്നെ. സെയ്തു കയര്‍ത്തതിന്, താമസം മാറ്റിയപ്പോള്‍ നന്നായി എന്നേ തോന്നിയുള്ളൂ. വളര്‍ന്ന് കഴിഞ്ഞ അവന്‍ എന്തിനാണ് ഇവരുടെ ഔദാര്യത്തില്‍ കഴിയുന്നത് എന്ന തോന്നലായിരുന്നു അപ്പോള്‍.

“ഇവള് ന്താ കുളിക്കാന്‍ സമ്മയ്ക്ക്ണ് ല്ല്യേ... അമ്മായേ” അവന്‍ അടുത്തെത്തിയിരിക്കുന്നു.
“അനക്ക് ഈ വജ്ജൊക്കെ ഓര്‍മ്മണ്ട ഡാ...”
“അത് ന്താ അമ്മായിയേ അങ്ങനെ പറിണത്. ഇത് ന്റെ പെരേനെ അല്ലേ... ആ മൂരി വീണത് കൊണ്ട് ഇപ്പോ രാവും പകലും അവ്ടെ തന്നെ പണി. അതാ ഇങ്ങട്ട് വാരാന്‍ പറ്റാഞ്ഞത്.“
“ കുറച്ചീസം കഴിയുമ്പോ അന്നെ കണ്ടീലങ്കി വല്ലാത്ത പൊറുതിയെടാ... അതാടാ.”
“അയ്നെന്താ..., ഞാന്‍ എപ്പളും വരാറില്ല്യേ...”
“ഇജ്ജ് അവ്ടെ ഇരിക്ക്... ഞാന്‍ ഇതീനെ ഒന്ന് തോത്തട്ടേ.. (തോര്‍ത്തട്ടേ...”)


*************** ************** *****************


ബീവിഅമ്മായി സല്‍മൂനെയും കൊണ്ട് അകത്ത് പോയപ്പോള്‍ പതുക്കെ തൊഴുത്തിലേക്ക് നടന്നു. മഗ് രിബ് ബാങ്ക് വിളിക്കാറായിത്തുടങ്ങി. അമ്മായിയോട് സംസരിച്ച് നിസ്കാരത്തിന് പള്ളിയിലെത്താം എന്ന് കരുതിയിരുന്നതാണ്. ഇനി നടക്കുമെന്ന് തോന്നുന്നില്ല. കാരിയും കരിമ്പനും കണ്ടപ്പോള്‍ തന്നെ തലയുയര്‍ത്തി. പുല്ലൂട്ടിനടുത്ത് കുന്തിച്ചിരുന്നപ്പോള്‍ തന്നെ മുര്‍ദ്ദാവ് തടവാന്‍ തലകുനിച്ച് തന്നു. രണ്ട് പിടി പച്ചപുല്ല് കുടഞ്ഞിട്ട് കൊടുത്ത് അവിടെ ഇരുന്നു. കൊതുക് ശല്യം കുറയ്ക്കാനുള്ള ചകിരി പുകഞ്ഞ് തുടങ്ങിയിരിക്കുന്നു.
“കുഞ്ഞ്വോ ഇജ്ജ് ഒവ് ടെ...”
“ഞാന്‍ ഇവ്ടെണ്ട്... തൊവ്ത്ത് ല്. നമ്മളെ കാരിക്കും കരിമ്പനും ഒരു ഒടച്ചില് പറ്റീക്ക്ണല്ലോ... ന്ത് പറ്റി.” തിരിച്ച് നടക്കുമ്പോള്‍ അന്വേഷിച്ചു.
“ഉം... അയ്റ്റ്ങ്ങളെ സരിക്ക് നോക്കണ്ടേ... ആ പച്ചപ്പുല്ല് ങ്ങനെ കൊടുക്കും. പള്ള നറച്ച് പണി എടുപ്പിക്കും.. അല്ലാതെ പുണ്ണാക്കും, പര്ത്തിം ഒന്നും കൊടുക്ക്ണ് ല്ല്യാ... ഇബ്ടെ ള്ളോരൊക്കെ തുക്ക്ടി സായ്പ്പ് മാരല്ലേ... നാക്കാല്യേളെ നോക്കാന്‍ മട്യാ..” വരാന്തയിലെ തിണ്ടില്‍ കാല് നീട്ടിയിരുന്ന് വെറ്റിലപ്പാത്രം തുറക്കുമ്പോള്‍ അമ്മായി പറഞ്ഞു. ഒന്നും മറുപടി പറയാനില്ലാത്തത് കൊണ്ട് മിണ്ടാതിരുന്നു. “ബാങ്ക് കൊട്ത്തൂന്ന് തോന്ന്ണ്, ഇഞ്ഞ് അത് കയിഞ്ഞ്ട്ട് മുറ്ക്കാം...“
“ഞാനും നിസ്കരിച്ച് വരാം.“ വുദു എടുക്കാനായി കിണറ്റിന്‍ കരയിലേക്ക് നടന്നു.

അമ്മായി സംസരിച്ചത് മുഴുവന്‍ മരിച്ചപോയ ഭര്‍ത്താവിനെ കുറിച്ചും മക്കളെ വളര്‍ത്താനുള്ള കഷ്ടപ്പാടുകളെ കുറിച്ചും ആയിരുന്നു. സെയ്തുക്ക തിരിച്ച് പോവുന്നതില്‍ അമ്മായിക്ക് നല്ല വിഷമമുണ്ട്. അവസാനമാണ് വിളിപ്പിച്ച കാര്യം പറഞ്ഞത്. കാരിയേയും കരിമ്പനേയും വില്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. സെയ്തുക്കാക്ക് പൈസയുടെ അത്യവശ്യമുണ്ട്. വേണമെങ്കില്‍ വാങ്ങാം. അല്ലെങ്കില്‍ അവയെ വേറെ ആവശ്യക്കാരുണ്ടോന്ന് അന്വേഷിക്കണം. “ന്റെ എര്ത്ത് ഇപ്പോ കായി ഒന്നും ഇല്ല്യ അമ്മായിയേ... ഞാന്‍ കോള് കാര് ണ്ടോ ന്ന് നോക്കാം..” എന്ന് പറഞ്ഞ് അമ്മായി ഇറങ്ങുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു.

ഇടവഴിയിലേക്കുള്ള പടി ഇറങ്ങുമ്പോഴാണ് സൈയ്തുക്ക വരുന്നത് കണ്ടത്. “രണ്ടീസം കഴിഞ്ഞ് എനിക്ക് വയനാട്ട്ക്ക് തന്നെ പോണം...” എന്ന് കണ്ടപ്പാടെ പറഞ്ഞു.
“അമ്മായി ഇന്നോറ് പറഞ്ഞു... ഞാന്‍ അവ്ട്ന്നാ വര്ന്നത്..”
“ആ കാരിനെം കരിമ്പനേം ഇജ്ജ് എടുത്തോ“
“ന്റെ എര്ത്ത് ഐന് മാത്രം കായി ഇല്ല്യാ... ന്നാലും ഞമ്മക്ക് നോക്കാം. ആര്ക്കും വേണ്ടങ്കി രണ്ടീസം കഴിഞ്ഞാല്‍ കോട്ടക്കല്‍ ചന്തയല്ലേ... അന്ന് നോക്കാം..”
“ഉം... “ സെയ്തുക്ക നടന്നു. അല്ലെങ്കിലും പഴയ സംഭവത്തിന് ശേഷം സംസാരം ആവശ്യത്തിന് മാത്രമാണ്. തിരിച്ചും അങ്ങനെ തന്നെ. സംസാരിച്ച് തുടങ്ങുമ്പോള്‍ അന്ന് അറിഞ്ഞോ അറിയാതെയോ പുറത്ത് വന്ന വാക്കുകള്‍ കുത്തിനോവിക്കും. അവകാശമില്ലാത്ത ഔദാര്യമാണ് അമ്മായി കാണിച്ചെതെന്ന് തോന്നും. സെയ്തുക്കയെ കാണുമ്പോഴൊക്കെ കൂടിനില്‍ക്കുന്ന നാട്ടുകാരുടെ മുമ്പില്‍ വെച്ച് ‘കള്ളന്‍..’ എന്ന് ആക്രോശിക്കുന്ന മുഖമാണ് ഓര്‍മ്മ വരിക.


**** ***** **** **** **** **** **** ****


സെയ്തു പോവുന്നതിന്റെ തലേന്ന്, സൈനു വസ്ത്രങ്ങള്‍ ഉണക്കി മടക്കി തുണിസഞ്ചിയില്‍ അടുക്കിവെച്ചു. പല്ല് തേക്കാന്‍ ഉമിക്കരിയും അലക്കാന്‍ ഉറിഞ്ചിക്കായും തേക്കിലയില്‍ പൊതിഞ്ഞ് കൂടെ വെച്ചു. ഭര്‍ത്താവിന്റെ യാത്രയ്ക്ക് വേണ്ടത് ഒരുക്കിയ ശേഷം, ഉച്ചതിരിഞ്ഞ് സ്വന്തം വീട്ടിലേക്ക് പുറപ്പെടാന്‍ തയ്യാറായിത്തുടങ്ങി. വസ്ത്രങ്ങള്‍ മടക്കുമ്പോള്‍ “അന്റേം പെണ്ണിന്റേം തുണീം കുപ്പായും മുയുവന്‍ എട്ത്തോ... കൊറച്ചീസം അവ്ടെ നിക്കാം...” എന്ന് സെയ്തു പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അലക്കി വെളുപ്പിച്ച തോര്‍ത്തില്‍ രണ്ടാളുടെയും വസ്ത്രങ്ങള്‍ ഒതുക്കിക്കെട്ടി ഭര്‍ത്താവിന്റെ കൂടെ സ്വന്തം വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ ബീത്താത്ത പറഞ്ഞു... “അനക്ക് നാളെ പോയാ പോരെ സൈനൂട്ട്യേ...” മറുപടി പറഞ്ഞത് സൈയ്തു ആയിരുന്നു.. “ഞാന്‍ രാവിലെ പോവൂല്ലെമ്മാ... പിന്നെ ആരാ ഓളെ അവ്ടെ കൊണ്ടാക്കാന്. കൊറച്ചീസം അവ്ടെ നിന്നോട്ടേ... ഓല്‍ക്കും വേറെ പെണ്മക്കളൊന്നും ഇല്ല്യല്ലോ...” “അന്റെ ഇസ്റ്റം പോലെ ചെയ്തോ... ഞാന്‍ അവ്ടെ പോയി കണ്ടോണ്ട്...” സല്‍മൂനെ വാങ്ങി ഓമനിച്ച് ഉമ്മ വെക്കുമ്പോള്‍ ബീത്താത്ത പറഞ്ഞു. വേലിയരികില്‍ നില്‍ക്കുന്ന അലീമുവിന്റെ കൈ പിടിച്ച് നിശ്ശബ്ദമായി യാത്ര പറഞ്ഞു. വര്‍ഷങ്ങള്‍ കൊണ്ട് ഭര്‍ത്താവിന്റെ വീട്, സ്വന്തം വീടും ബീത്തത്ത സ്വന്തം ഉമ്മയും ആയിരുന്നു. പലവട്ടം സ്വന്തം വീട്ടിലേക്ക് വിരുന്ന് പോയിട്ടുണ്ടെങ്കിലും ഇപ്രാവശ്യം ഇറങ്ങുമ്പോള്‍ സൈനുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. ഇടവഴിയിലേക്ക് ഇറങ്ങും മുമ്പ് പലവട്ടം തിരിഞ്ഞ് നോക്കി. അപ്പോഴൊക്കെ വരാന്തയില്‍ ബീത്താത്ത അവളെത്തന്നെ ഇമയനക്കാതെ നോക്കി നില്‍പ്പുണ്ടായിരുന്നു.

പടിക്കയറിച്ചെല്ലുമ്പോല്‍ അബ്ദു കോലായില്‍ തന്നെയുണ്ട്. കണ്ടപ്പോള്‍ “ഉമ്മാ താത്തിം അള്യാങ്കിം വര്ണ് ദാ...” എന്ന് പറഞ്ഞ് ഓടിവന്ന് സല്‍മൂനെ എടുത്തു. അവനും മുതിര്‍ന്ന്‍ പൊടിമീശക്കാരനായി. ബാപ്പയെ കൃഷിപ്പണിയില്‍ സഹായിക്കാന്‍ അവനും കൂടെ ഇറങ്ങാറുണ്ട്. മുമ്പ് വല്ലിപ്പയും ഇപ്പോള്‍ ബാപ്പയും ഉപയോഗിക്കാറുള്ള വാരാന്തയിലെ ചാരുകസേര ഒഴിഞ്ഞ് കിടക്കുന്നു. ‘ചൂട്ടി’ യുടെ ചിതലരിച്ച കൂട് പഴയ സ്ഥാനത്ത് തന്നെയുണ്ട്. ഇറയത്തിരിക്കുന്ന വല്ലിപ്പയുടെ വടിയും മെതിയടിയും കണ്ടപ്പോള്‍ എന്തോ ചങ്കിലൂടെ സങ്കടം കടന്ന് പോയി.

വരാന്തയില്‍ ഇരിക്കുന്ന ഭര്‍ത്താവിന് ചായ ഉണ്ടാക്കുമ്പോള്‍ ഉമ്മ അന്വേഷിച്ചു “ ന്താ സൈനൂ ... ഓന് പ്പോ വയനാട്ട് പോണ്ട ആവുസ്യം... ഇബ് ടെ പണി ഒക്കെ ണ്ടല്ലോ..”
“ഇന്ക്ക് അറിഞ്ഞൂ‍ട മ്മാ... “ എന്ന് പറയുമ്പോള്‍ സൈനുവിന്റെ ശബ്ദം ഇടറിയിരുന്നു.
ചായകുടിച്ച് സല്‍മൂനെ ഉമ്മവെച്ച് സൈയ്തു തിരിച്ചിറങ്ങുമ്പോള്‍ പടിവരെ കൂടെച്ചെന്നു. “അന്നോട് ഞാന്‍ മോസായി ന്തേലും പറഞ്ഞ്ക്കണങ്കി പൊരുത്തപ്പെടണം...” എന്ന് ഭര്‍ത്താവ്പറഞ്ഞപ്പോള്‍ അവള്‍ അത്ഭുതപ്പെട്ടു. ഒന്നും പറഞ്ഞില്ലങ്കിലും ആ നോട്ടത്തില്‍ നിന്ന് മറുപടി വായിച്ചെടുത്താവണം.. “മന്‍സന്റെ കാര്യല്ലേ.. അതോണ്ട് പറഞ്ഞതാ...” കാഴ്ച ദൂരെ മറഞ്ഞപ്പോള്‍ അന്നേവരെ അനുഭവിക്കാത്ത ശൂന്യതയോടെ തിരിഞ്ഞു നടന്നു.

9 comments:

Rasheed Chalil said...

വഴിയമ്പലം...

ഇട്ടിമാളു അഗ്നിമിത്ര said...

വീണ്ടും യാത്രയാണോ..?

ARK said...

ആ പഴയ കാലത്തിന്റെ രൂപവും ഭാഷയും എങ്ങിനെ ഒപ്പിച്ചെടുക്കുന്നു ?

ഇനി ഇതെന്തിനുള്ള പുറപ്പാടാ ? എന്തോ ഒരു പന്തികേട്‌ പോലെ ...

ആര്‍ബി said...

padachone...
thirich veetilaaki povumbo entho oru pedi,,,
ini enthaavum....

kaathirikkunnu...




selling mastake und tto

Mubarak Merchant said...

സെയ്തു സെയിനൂനെ മൊയി ചൊല്ലാനുള്ള എല്ലാ സാധ്യതയും നോം കാണുന്നു! ന്നാലും അലീമു അന്ന് എന്തായിരിക്കും അങ്ങനെ പറഞ്ഞത്!!

മാണിക്യം said...

'കാഴ്ച ദൂരെ മറഞ്ഞപ്പോള്‍ അന്നേവരെ അനുഭവിക്കാത്ത ശൂന്യതയോടെ തിരിഞ്ഞു നടന്നു....',
നിസ്സഹായതയുണ്ടാവുന്നത് ഇങ്ങനെയുള്ള സന്ദര്‍‌ഭങ്ങളില്‍ ആണ്. നിശബ്ദമായി നിന്ന സൈനുവിന്റെ കണ്ണിലെ ഭാവം വായിക്കുന്നവരിലേക്ക് പകര്‍ത്താനായി കഥാപാത്രങ്ങള്‍ ജിവിക്കുന്ന മുഹൂര്‍ത്തങ്ങള്‍!
മനോഹരമായി എഴുതിയ അദ്ധ്യായം! ..
ഇനയെന്ത് എന്നു ചോദിച്ചുകൊണ്ട്
കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ബഷീർ said...

എല്ലാം വായിക്കണം.സമയമനുസരിച്ച്..

വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ

Unknown said...

“അന്നോട് ഞാന്‍ മോസായി ന്തേലും പറഞ്ഞ്ക്കണങ്കി പൊരുത്തപ്പെടണം...”

അതെന്താപ്പോ അങ്ങനെ ചോയിക്കാന്‍..?!

സൈനുവിന്‍റെ മനസ്സിന്റെ ആ നിസ്സഹായ ഭാവം അനുവാചകരിലെക്കും പകര്‍ന്നു, നല്ല എഴുത്ത്.

Rasheed Chalil said...

എല്ലാവായനക്കാര്‍ക്കും അഭിപ്രായം അറിയിച്ച ഇട്ടിമാളു,ARK,ആര്‍ബി, nmubaraq, മാണിക്യം, ബഷീര്‍ വെള്ളറക്കോട്, തെച്ചിക്കോടന്‍, ഉപാസന... എല്ലാവര്‍ക്കും ഒത്തിരി നന്ദി