Wednesday, June 28, 2017

9. ഒരിതള്‍ കൂടി...

ഭാഗം : ഒമ്പത്

അമ്മാവന്റെ ആജ്ഞ അനുസരിച്ച് തോട്ടത്തിലേക്ക് ഇറങ്ങിയതാണ് ‘കുഞ്ഞു‘ എന്ന കുഞ്ഞിമുഹമ്മദ്... അടയ്ക്ക പെറുക്കിക്കൂട്ടുന്നതില്‍ അശ്രദ്ധ കാണിച്ചാല്‍, അമ്മാവന്റെ ശകാരം ഇനിയും കേള്‍ക്കേണ്ടി വരും, അമ്മായിയുടെ കോപം ഇടിത്തീ പോലെ മുഖത്ത് ഇനിയും പല തവണ പതിയും. കവിളില്‍ പതിഞ്ഞ പരുക്കന്‍ പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. വേട്ടയാടപ്പെടുമ്പോഴെല്ലാം അനാഥന്റെ നിസ്സഹായതയോടെ ‘നാടും വീടും ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും’ എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. അപ്പഴൊക്കെ കദീജുവിന്റെ മുഖത്തെ നിസ്സഹായത കരുത്ത് ചോര്‍ത്തിക്കളഞ്ഞു.

കവുങ്ങിന്‍ തടത്തിലെ ചീഞ്ഞ പാളമാറ്റി അതിനടിയില്‍ കിടന്ന അടയ്ക്ക എടുക്കുമ്പോഴാണ് കുളത്തിന്‍ പടവില്‍ മൂന്നാലെണ്ണം കണ്ടത്. തോട്ടം നനയ്ക്കാന്‍ മാത്രമുള്ളതാണ് കുളം. അതില്‍ നിന്ന് വെള്ളം തേവിയാണ് വെറ്റില നനയ്ക്കാറുള്ളത്. ആഴ്ചയില്‍ മൂന്ന് ദിവസം വെയില് ചൂടാവും മുമ്പ് അലവികാക്ക ജോലിക്കെത്തും. കുളത്തിന് കുറുകെയിട്ട കവുങ്ങിന്‍ പാലത്തിന്റെ മധ്യത്തില്‍ നിന്ന് തേക്ക് കൊട്ട കോര്‍ത്ത മുള വലിച്ച് താഴത്തുമ്പോള്‍, എതിര്‍വശത്ത് തൂങ്ങിക്കിടക്കുന്ന വൃത്താകൃതിയിലുള്ള കല്ലുകള്‍ പതുക്കെ ഉയരാന്‍ തുടങ്ങും... വെള്ളം നിറഞ്ഞാല്‍ മുളയിലെ പിടി അയക്കും... പിടി വിടാതെ പാലത്തിലൂടെ നടന്ന് വെള്ളം നിറഞ്ഞ കൊട്ട കുളക്കരയിലേക്ക് അടുപ്പിച്ച്, വെള്ളച്ചാല്‍ തുടങ്ങുന്ന കുഴിയിലേക്ക് കൊട്ടയില്‍ കാലമര്‍ത്തി പതുക്കേ ചെരിക്കും. കൊട്ടയിലെ വെള്ളം മുഴുവന്‍ വാര്‍ന്നാല്‍ കാലെടുത്ത്, വീണ്ടും പാലത്തിന്റെ മധ്യത്തിലേക്ക്...

കുളിക്കാനോ അലക്കാനോ ഉപയോഗിക്കാത്തത് കൊണ്ട് പടവുകളില്‍ അധികവും മണ്ണൊലിച്ച് നശിച്ചിരിക്കുന്നു. നല്ല ഭയമുണ്ടായിട്ടും കുളത്തിലിറങ്ങാന്‍ തന്നെ തീരുമാനിച്ചു. പടവിലേക്ക് പടര്‍ന്ന് കയറിയ പുല്ല് വകഞ്ഞുമായി പാറാത്തിന്‍ കമ്പില്‍ പിടിച്ച് പതുക്കെ ഊര്‍ന്നിറങ്ങി. കണ്ണ് തെറ്റിയാല്‍, കാലിടറിയാല്‍ നേരെ കുളത്തിലേക്കായിരിക്കും. നിരങ്ങിയിറങ്ങി ചവിട്ടിയത് പഴകിയ കാറമുള്ളിന്റെ കൊമ്പിലായിരുന്നു. കാലില്‍ മുള്ള് കയറിയപ്പോള്‍ ‘മ്മാ...” എന്നാണ് നാവില്‍ വന്നത്. അറിയാതെ ഉയര്‍ന്ന ആ വിളിയോടൊപ്പം അകത്ത് സങ്കടത്തിന്റെ ചൂട് നിറഞ്ഞു... ശബ്ദം തൊണ്ടയില്‍ തടഞ്ഞു.. തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത തേങ്ങല്‍ പുറത്ത് വന്നതോടെ കണ്ണിലെ അണപൊട്ടി. കുളത്തിലെ മുക്കാലും തകര്‍ന്ന പടവിലിരുന്ന് കൊതിതീരെ കരഞ്ഞു... നിര്‍ത്താന്‍ പല തവണ ശ്രമിച്ചെങ്കിലും ഉറവ്
പൊട്ടുന്ന കണ്ണീര് അതിനനുവദിച്ചില്ല.

അടയ്ക്ക ചേമ്പിലയില്‍ പൊതിഞ്ഞ് അള്ളിപ്പിടിച്ച് പുറത്തെത്തി... അപ്പോഴാണ് ബീത്താത്ത്ന്റെ ശബ്ദം കുഞ്ഞു കേട്ടത്... പെറുക്കിക്കൂട്ടിയത് അവിടെ തന്നെയിട്ട് ഓടിച്ചെല്ലുമ്പോള്‍ സങ്കടവും ദേഷ്യവും കൊണ്ട് അവര്‍ വിറക്കുന്നുണ്ട്... . കദീജുവിനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്... മണ്ണ് പറ്റിയ കറുത്ത കാച്ചിയില്‍ മുഖം ചേര്‍ത്ത് അവള്‍ ആശ്വസിക്കുന്നു. അവരുടെ കണ്ണുകളില്‍ കണ്ണീരിന്റെ ശേഷിപ്പുണ്ട്. കൈയ്യില്‍ അരിവാള്‍... പുല്ലരിയാന്‍ ഇറങ്ങിയതാവണം. തൊട്ടപ്പുറത്ത് അമ്മാവന്‍ അഹ് മദ് കുട്ടി എന്ന അയമുട്ടി തല താഴ്ത്തി നില്‍ക്കുന്നു.

“ന്നാ‍ലും... ന്റെ അയമുട്ട്യേ അനക്ക് എങ്ങനെ വെയ്ക്കുണ് ഈ യത്തീമീങ്ങളെ കസ്റ്റ്പ്പെട്ത്താന്‍... ഒന്നൂല്യങ്കി ഇജ്ജ് ഒരു ആണല്ലഡാ... ഈ കുട്ട്യേളും വളരും... നാളെ ഓലെ കജ്ജോണ്ടാവും ചെലപ്പോ വള്ളം കിട്ട്യാ... അത് ജ്ജ് മറക്കണ്ട... എന്നും അനക്ക് ഈ താകത്ത് ണ്ടാവും കര് തണ്ട അയമുട്ട്യേ... അല്ലാഹു എന്നൊരാള്‍ മോളിലുണ്ട്. ഈ കുട്ട്യേളെ യത്തീമാക്ക്യേതും അനക്ക് കായി തന്നതും ആ പടച്ചോന്‍ ആണ്. ഇന്ന് അന്റെ അട്ത്തിരിക്കുന്ന പൈസേം പത്രാസം നാളെ ന്റെ ഈ കുട്ട്യേള്‍ക്ക് കിട്ടിക്കൂടായില്ല്യാ.. യത്തീമക്കളെ കസ്റ്റപ്പെടുത്തിയ ആരും നേടീറ്റ്ല്ല്യാ... “ പറഞ്ഞ് തീരും മുമ്പ് ബീത്താത്ത പൊട്ടിക്കരഞ്ഞു...

“പടച്ചോനെ ഇജ്ജ് കാണ്ണില്യേ ഇതൊക്കെ... ന്റെ ഈ യത്തീമുകളെ ഇങ്ങനെ ഒദ്ര്ക്കുന്നോര്ടെ ഉങ്ക് ഇജ്ജ് തന്നെ നിര്‍ത്തണേ...” കൈ നെഞ്ചില്‍ അടിച്ച് അവര്‍ കരയുമ്പോള്‍ കദീജുവും കുഞ്ഞുവും നിറകണ്ണുകളോടെ നോക്കി നിന്നു. അമ്മാവന്റെ ഭാര്യ റുക്യയെ അവിടെ കാണാനില്ലായിരുന്നു.

“ന്റെ മൂന്നണ്ണത്തെ നോക്കാൻ ഞാൻ കസ്റ്റപ്പെട്ണ്ട് ന്ന് ശര്യന്നെ... അയിന്റെ ഒപ്പം ഈ രണ്ടെണ്ണം കൂടി ഞാൻ നോക്കിക്കൊള്ളാം... ഇഞ്ഞ് മേലാല് ഇയ്റ്റങ്ങളെ വിള്ച്ചാൻ ന്റെ പടി കേറീറ്റ്ണ്ടങ്കി കണ്ടോണ്ടി...” കദീജുവിനെ എടുത്ത് ഒക്കത്ത് വെച്ച് കുഞ്ഞുവിനെ ചൂണ്ടി പ്പറഞ്ഞു “നടക്കടാ...”

പുല്ലരിയാൻ നിൽക്കാതെ അവരേയും കൂട്ടി വീട്ടിലേക്ക് നടന്നു. തോട്ടിൽ നിന്ന് രണ്ടുപേരെയും കുളിപ്പിച്ചു... വസ്ത്രങ്ങൾ അലക്കിപ്പിഴിഞ്ഞ് ധരിപ്പിച്ചു... ബീത്താത്തയുടെ ഭർത്താവ് അദ്രമാൻകാക്ക മരിച്ച ശേഷം വളർത്തുന്ന പറക്കമുറ്റാത്ത മുന്ന്‍ മക്കളോടോപ്പം അവരും ആ വീട്ടില്‍ സ്ഥിരാംഗങ്ങളായി... എല്ലാവർക്കും കൂടി ഇടനാഴിയിൽ പായ വിരിച്ച് കൊടുക്കും... പഴയ കഥകള്‍ പറഞ്ഞ് തൊട്ടടുത്ത് തന്നെ അവരും ഉണ്ടാവും.

ബീത്താത്ത അന്ന് മുതൽ സ്വന്തം മക്കളോടൊപ്പം ആങ്ങളയുടെ മക്കളെയും ഓത്തുപ്പള്ളിയിൽ അയച്ചു. അരിഷ്ടിച്ചാണെങ്കിലും സ്വന്തം മക്കളേക്കാളും സ്നേഹത്തോടെ ആങ്ങളയുടെ മക്കളെ വളർത്തി. കുഞ്ഞു വളർന്ന് തുടങ്ങിയപ്പോൾ അവരെ ജോലിയില്‍ സഹായിച്ചു തുടങ്ങി. ഓത്തുപള്ളി വിട്ട് വീടെത്തിയാൽ അവന്‍ അമ്മായി ജോലി ചെയ്യുന്ന സ്ഥലത്തെത്തും. എത്ര നിർബന്ധിച്ചാലും സഹായിക്കാൻ നിൽക്കും... പുല്ലരിയാനും ഞാറ് പറിക്കാനും കൊയ്യാനും മെതിക്കാനും എല്ലാം അവനും കൂടി. വർഷങ്ങൾ പലത് കഴിഞ്ഞു. ബീത്താത്തന്റെ മക്കളായി കുഞ്ഞുവും കദീജുവും വളർന്നു.

ഒരു മുണ്ടകന്‍ പണിക്കാലം. പെയ്തൊഴിയാത്ത മഴ തോടും പാടവും നിറച്ചു. എന്നെത്തും പോലെ ബീത്താത്ത പണിക്കിറങ്ങി... ഇരു കൈ കൊണ്ടും പറിച്ച് കെട്ടാക്കുന്ന ഞാറ്റുമുടി തൊട്ടുവക്കത്ത് എത്തിച്ച് ഒതുക്കിവെക്കാൻ മൂത്ത മകന്‍ സൈയ്തുവും കുഞ്ഞുവും സഹായിക്കും. അന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കദീജു വീട്ടിൽ ഇല്ലായിരുന്നു.

രാവിലെ പോവുമ്പോള്‍ “ഞമ്മളെ മൊയ്തീൻ കാക്കാന്റെ തോടൂല് ആടിനെ കെട്ടീട്ടുണ്ട്... മഗ് രിബ് ബാങ്ക് വിളിക്കും മുമ്പേ ന്റെ കുട്ടി അതിനെ അയ്ച്ച് കൊണ്ട് വരണം... ഇമ്മിം കാക്കാരും പാടത്ത്ന്ന് വരാൻ ചെലപ്പോ വൈകും...” എന്ന് പറഞ്ഞിരുന്നു.

“ഞാൻ അയ്ച്ച് കൊട്ന്നോളാ... ആ മുട്ടൻ ന്നെ എടക്ക് കുത്താൻ വരും..” എന്നവള്‍ മറുപടിയും പറഞ്ഞു.
“അയ്ന് ഇജ്ജ് ഒരു ചുള്ളല് കൈയിൽ പിടിച്ചോണ്ടി...”
“കണ്ണീകണ്ട കേറും കൊളവും നെറ്ഞ്ഞ് നിക്കണ നേരാ... ന്റെ കുട്ടി നോക്കി നടക്കണേ... ആട് കള് മണ്ട് ആണെങ്കിൽ പിന്നാലെ പായാനൊന്നും നിക്കണ്ട... അയ്റ്റങ്ങള് കൂട്ട്ക്ക് ഒറ്റക്ക് ബന്നോളും...” ഇറങ്ങുമ്പോള്‍ ഒന്നൂടെ ഓര്‍മ്മിപ്പിച്ചു.

വൈകീട്ട് പാടത്ത് നിന്ന് കേറി പുത്തൻ കുളത്തിലൊന്ന് മുങ്ങി വീടെത്തിയപ്പോൾ ഇളയവരായ ഹംസയും അയമുദുവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ... വീട്ടിലേക്ക് കയറിയപ്പാട് ആദ്യം അന്വേഷിച്ചത് അവളെയായിരുന്നു.
“ഓള് ആട്നെ ബ്ടെ കൊട്ന്നാക്കി ഇങ്ങളെ തെരഞ്ഞ് പോന്ന്ട്ട്ണ്ടാവും ന്നാ ഞങ്ങൾ വിചാര്ച്ചത്..” എന്നയി അവർ...
“ബദരീങ്ങളേ... ന്റെ കുട്ടി ഈ നേരല്ലാത്ത നേരത്ത് എവ്ടെ പോയി...” ബീത്താത്ത തലക്ക് കൈയും കൊടുത്ത് താഴെ ഇരുന്നു.

ആട്ടിൻ കുട്ടികൾ നേരത്തെ വീടെത്തിയിരിക്കുന്നു... അടുത്ത വീടുകളിലും പറമ്പിലും അന്വേഷിച്ചു. അറിഞ്ഞപ്പോള്‍ ഓടിക്കൂടിയ നാട്ടുകാരും ചൂട്ട് മിന്നിച്ച് അവളെ അന്വേഷിച്ചിറങ്ങി... രാത്രി മുഴുവന്‍ നിറഞ്ഞ കുളങ്ങളും കിണറുകളും അരിച്ചുപ്പെറുക്കി... അവസാനം ഇടവഴിയിലേക്ക് വെള്ളം ഒലിച്ച് തുടങ്ങുന്ന കുഴിയിൽ നിന്ന് കദീജുവിന്റെ തണുത്ത ശരീരം കിട്ടിയപ്പോല്‍ കിഴക്ക് വെള്ളകീറിത്തുടങ്ങിയിരുന്നു... സാധാരണ അരയ്ക്കൊപ്പം മാത്രം വെള്ളമുണ്ടാവാറുള്ള കുഴിയില്‍ കഴുത്തൊപ്പം വെള്ളമുണ്ട്... വീഴാന്‍ സമയം കയറിപ്പിടിച്ച പൊന്തക്കാട് ഒടിഞ്ഞ് തൂങ്ങിയിരുന്നു.

തണുത്ത ശരീരം വരാന്തയിൽ കിടത്തുമ്പോള്‍ ബീത്താത്തക്ക് ബോധം ഉണ്ടായിരുന്നില്ല... ഒന്നും അറിയാത്തവന്റെ നോട്ടവുമായി കുഞ്ഞു ആൾക്കൂട്ടത്തിനിടയിൽ ഒതുങ്ങി. മരണവീട്ടില്‍ കണ്ണ് നിറയാത്തവര്‍ ഉണ്ടായിരുന്നില്ല. പിറ്റേന്ന് മുറ്റത്ത് നിന്ന് മയ്യിത്ത് കട്ടിലുയരുമ്പോള്‍ ബീത്താത്ത നിയന്ത്രണം വിട്ട് കരഞ്ഞു... തേങ്ങുന്ന കുഞ്ഞുവിനെ സൈയ്തുമുഹമ്മദാണ് മസ്ജിദിൽ എത്തിച്ചത്. തെളിഞ്ഞ പകലില്‍ ളുഹ് റ് ബാങ്ക് മുഴങ്ങുമ്പോൾ കൂടിനിന്നവരുടെ അവസാന കടപ്പാട് മൂന്ന് പിടി പുതുമണ്ണ് ഖബറിലേക്ക് വീഴുകയായിരുന്നു. പിന്നീട് മീസാൻ കല്ല് നാട്ടി രണ്ട് കഷ്ണം മൈലാഞ്ചി കൊമ്പ് കുത്തി വെള്ളമൊഴിച്ച്, നിറകണ്ണുകളുമായി നാട്ടുകാര്‍ മധ്യഹ്നപ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് നടന്നു...
വിടരും മുമ്പേ പൊഴിഞ്ഞ മോഹങ്ങള്‍ക്ക് മുകളിലെ മൈലാഞ്ചി കൊമ്പ് മൌനിയായിരുന്നു...

18 comments:

ഇത്തിരിവെട്ടം said...

ഒമ്പത്...

സുല്‍ |Sul said...

ജ്ജ് ദ് ദെന്തിനുള്ള പൊറപ്പാടാന്റ്റെത്തിര്യേ.
ബായിച്ച് ബരുമ്പോ ദണ്ണം വര്ണ്.

എഴുത്ത് അസ്സല്‍ ട്ടാ.

-സുല്‍

ശിഹാബ് മൊഗ്രാല്‍ said...

"എല്ലാവരും ദൈവത്താല്‍ സൃഷ്ടിക്കപ്പെടുന്നു; അവനിലേക്ക് തന്നെ തിരിച്ച് മടക്കപ്പെടുന്നു"
ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുകളുമായി ഈ ഇത്തിരിവെട്ടം നല്ല വെളിച്ചമാവുന്നു..

shams said...

ഇത്തിരീ..
ഒത്തിരി നന്നാവുന്നുണ്ട്.

ചന്ദ്രകാന്തം said...

കൊഴിഞ്ഞുപോയ ഇതള്‍ വല്ലാതെ സങ്കടപ്പെടുത്തി.

Areekkodan | അരീക്കോടന്‍ said...

അവസാനം വീണ്ടും കണ്ണ്‍ നനയിപ്പിച്ചു...

വാഴക്കോടന്‍ ‍// vazhakodan said...

വിടരും മുമ്പേ പൊഴിഞ്ഞ മോഹങ്ങള്‍ക്ക് മുകളിലെ മൈലാഞ്ചി കൊമ്പ് മൌനിയായിരുന്നു...
മീസാന്‍ കല്ല്‌ അതിനു സാക്ഷിയും!

ഇത്തിരീ....ഇത്തിരിയായിപ്പോയോ? കൊള്ളാം!

മാണിക്യം said...

“ബദരീങ്ങളേ... ന്റെ കുട്ടി ഈ നേരല്ലാത്ത നേരത്ത് എവ്ടെ പോയി...” .....

അത്ര ഒന്നും സുഖമല്ലാത്ത ഈ ലോകത്തു
ഇത്ര കാലം മതിയെന്ന് പടച്ചോന്‍ കരുതീട്ടുണ്ടാവും.. ഒത്തിരി കഷ്ടപ്പെടുത്താതെ,
മാനത്തെ മാലാഖകൂട്ടത്തില്‍
അവളെയും കൂട്ടിയിട്ടുണ്ടാവും ...
നൊമ്പരം തോന്നുന്ന കഥ.
എഴുത്തിന്റെ ഒഴുക്ക് ഒരു ശേലു തന്നെ..

നന്മകള്‍ നേരുന്നു...

ഗിരീഷ്‌ എ എസ്‌ said...

വളരെ വേഗത്തില്‍ വായിച്ചുപോകാന്‍ പറ്റിയ
ആഖ്യാനശൈലി...

ആശംസകള്‍ നേരുന്നു.

ജിപ്പൂസ് said...

നിര്‍ത്തി ന്‍റെ ഇത്തിര്യേ...ഞ്ഞി ഞമ്മളില്ല അന്‍റെ വെട്ടത്തീക്ക്.ഇത്തിരിവെട്ടായാലും ബേണ്ടില്ല പത്തിരിവട്ടായാലും ബേണ്ടില്ല.

അല്ല അറിയാണ്ട് ചോയ്ക്കാ.മനിസന്മാരെ കരയിപ്പിക്കുന്നയിനു ഒരു കണക്കില്ലേ ചെങ്ങായീ...

ന്നാലും ന്‍റെ കദീജൂനെ....!വേണ്ടായിരുന്നു ഇത്തിര്യേ...

ആര്‍ബി said...

വിടരും മുമ്പേ പൊഴിഞ്ഞ മോഹങ്ങള്‍ക്ക് മുകളിലെ മൈലാഞ്ചി കൊമ്പ് മൌനിയായിരുന്നു..
വായിച്ച് തീര്‍ന്നപ്പോള്‍ ഞാനും...
വീണ്ടും കരയിക്കുന്നു...സ്നേഹബന്ധങ്ങളെ കുറിച്ചുള്ള ഈ എഴുത്ത് നിലക്കാതിരിക്കട്ടെ

കാട്ടിപ്പരുത്തി said...

കഥയുടെ റ്റ്വിസ്റ്റിങ്ങെല്ലാം നന്നായിട്ടുണ്ട്- മുറിച്ചു വായിക്കുന്നതിലെ പ്രയാസമൊഴികെ മറ്റെല്ലാം മനോഹരം

പകല്‍കിനാവന്‍ | daYdreaMer said...

നാടും വീടും നാട്ടാരും നാട്ടുവഴികളും മണ്ണും മരവും ഒന്ന് ചേര്‍ന്നൊഴുകി വരുന്നുണ്ട്...!
ഉള്ളു നിറയുന്നുണ്ട്...!
കണ്ണ് നനയുന്നുണ്ട്...!

Typist | എഴുത്തുകാരി said...

കണ്ണ് നിറഞ്ഞുപോയി.

ഇത്തിരിവെട്ടം said...

എല്ലാ വായനക്കാര്‍ക്കും നന്ദി.
അഭിപ്രായം അറിയിച്ച സുല്‍, ശിഹാബ്, ശംസ്, ചന്ദ്രകാന്തം, അരീക്കോടന്‍, വാഴക്കാടന്‍, മാണിക്യം, ഗിരീഷ്, ജിപ്പൂസ്, ആര്‍ ബി, കാട്ടിപ്പരുത്തി, പകല്‍ കിനാവന്‍, എഴുത്തുക്കാരി...

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Radhakrishnan said...

സുല്‍ പറഞ്ഞതും ജിപ്പൂസ്‌ പറഞ്ഞതും തന്നെ എനിക്കും പറയാനുള്ളത്‌. കാട്ടിപ്പരുത്തി പറഞ്ഞതും ശരി തന്നെ പക്ഷെ മുറിച്ചു വായിക്കാനേ പറ്റൂ ഇത്‌. നിര്‍ത്തി നിര്‍ത്തി കണ്ണുണക്കിയിട്ട്‌ മുന്നോട്ട്‌ പോകാനേ പറ്റുന്നുള്ളു. (നല്ല മഴയില്‍ വാഹനമോടിക്കുന്ന പോലെ).

രചനയിലെ ഓരോ വാക്കും ഓര്‍മകളുടെ ഒരു മായാപ്രപഞ്ചത്തിലേക്കു കിളിവാതില്‍ തുറക്കുന്ന ഒരോ താക്കോല്‍ ആണു`. തുടരുക.

തെച്ചിക്കോടന്‍ said...

വായിക്കുന്നു, തുടരട്ടെ ..

sabeena said...

mun bhagam vayichapol manasine vallathe sparshicha mukhamarunnu കദീജുവിന്റെ...pettennu vittu poyapol manasine vallathe vishamipikunnu...