Wednesday, June 28, 2017

10. തണലൊരുക്കാന്‍.

ഭാഗം : പത്ത്.

പെങ്ങളുടെ വേര്‍പാട് സൃഷ്ടിച്ച നടുക്കത്തില്‍ നിന്ന് കുഞ്ഞു ഇനിയും പൂര്‍ണ്ണമായി ഉണര്‍ന്നിട്ടില്ല. സംസാരത്തിനിടയില്‍ കുറ്റിയറ്റുപ്പോയ കുടുബം കടന്ന് വന്നാല്‍ കണ്ണ് നനയും, തൊണ്ടയിടറും... പിന്നെ നീണ്ട നിശ്ശബ്ദതയാണ്. എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ കഴിഞ്ഞ് ഉറ്റവരുടെ ഖബറിന് സമീപം എത്തും. അവര്‍ക്ക് വേണ്ടി ഉള്ളുരുകി പ്രാ‍ര്‍ത്ഥിച്ച് തിരിച്ചിറങ്ങുമ്പോഴും കവിളില്‍ കണ്ണീരിന്റെ ഈര്‍പ്പം ബാക്കിയുണ്ടാവും. പിതാവിന്റെ സഹോദരിയുടെ കൂടെയാണ് വളരുന്നതെങ്കിലും, എന്നും സ്വന്തം വീട്ടിലെ ചാരുപടിയിലിരുന്ന് ഭൂതകാലത്തിലേക്ക് തിരിച്ചു നടക്കാന്‍ ശ്രമിക്കും.

ബീത്താത്തയുടെ ഇളയവരായ ഹംസയും അയമുദുവും ഉമ്മയെ സഹായിക്കാന്‍ കൂടെ നിന്നു. സെയ്തുവും കുഞ്ഞുവും മുതിര്‍ന്നതോടെ പുറം പണിക്ക് പോയിത്തുടങ്ങി. എങ്കിലും കൊയ്ത് കാലത്ത് കറ്റകെട്ടാനും മെതിക്കാനും അവരുമുണ്ടാകും. ഒരു റമദാന്‍ ഇരുപത്തിആറ്.. ഇരുപത്തി ഏഴാം രാവ്.. അന്നാണ് സാമ്പത്തികമായി ഉയര്‍ന്നവര്‍ ‘സക്കാത്തും സദഖ‘യും(ദാനം) നല്‍കാറുള്ളത്. ദരിദ്രന്റെ അവകാശമായ സക്കാത്ത്, വിതരണത്തിലെ അപാകത കാരണം ധനികരുടെ ഔദാര്യമായി തിര്‍ന്നിരുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ ഓടിയാല്‍ കിട്ടുന്ന മുക്കാലോ, കാലണയോ, നാഴി അരിയോ ഈദിന് വേണ്ടിയുള്ള നീക്കിയിരുപ്പാണ്.

*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

ഇന്നലെ വൈകീട്ട് കുതിരാനിട്ട അരി ഉച്ചക്ക് മുമ്പ് ഇടിച്ച് തീര്‍ക്കണം. പ്രാര്‍ത്ഥനകളുമായി കഴിയേണ്ട ദിവസമാണ്... ഭര്‍ത്താവും മാതാപിതാക്കളും ആങ്ങളയും അടക്കം എല്ലാ മരണപ്പെട്ടവര്‍ക്ക് വേണ്ടിയും, പിന്നെ ജീവിതത്തില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും ലഭിക്കാനും വേണ്ടി പ്രത്യേകം ‘ദുആ’ ചെയ്യണം (പ്രാര്‍ത്ഥിക്കണം). രാവിലെ മുതല്‍ പൈസയ്ക്ക് വേണ്ടി ആളുകള്‍ നെട്ടോട്ടമാണ്. ജനിച്ചത് അത്യാവശ്യം കൊയ്യാനും മെതിക്കാനുമുള്ള കുടുംബത്തിലായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് മരിക്കുന്നത് വരെ പട്ടിണി അറിയേണ്ടി വന്നിട്ടില്ല. പക്ഷേ പാതിവഴിയില്‍ മൂന്ന് മക്കളോടൊപ്പം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ആദ്യം അങ്കലാപ്പ് ആയിരുന്നു. അന്ന് സഹായിച്ചത് ആങ്ങളെയും താത്തയും ആയിരുന്നു. അവരേല്‍പ്പിച്ച ‘അമാനത്ത്’ (സൂക്ഷിപ്പ് സ്വത്ത്) പോലെ കുഞ്ഞു ഇപ്പോഴും കൂടെ തന്നെ കഴിയുന്നു. മക്കളെ പോറ്റാന്‍ അത്യധ്വാനം ചെയ്യേണ്ടി വന്നിട്ടും യാചിക്കാന്‍ മനസ്സ് അനുവദിച്ചില്ല.

രായീന്‍ ഹാജിയുടെ വീട്ടിലെ വരാന്തയില്‍ ചിമ്മിനി വിളക്ക് തിരിതാഴ്ത്തി വെച്ചിട്ടുണ്ട്. വെളിച്ചം വീണ് തുടങ്ങിയിരിക്കുന്നു... വിളക്ക് കെടുത്താന്‍ മറന്നതാവും. “ന്താ ഉമ്മക്കുട്ട്യേ ങ്ങള് കായിക്ക് പോയീല്ലേ... “ ചീരുവാണ്. എന്നും മുറ്റമടിക്കലും അല്ലറച്ചില്ലറ പുറം പണിയും ചീരൂന്റെ ജോലിയാണ്. അതില്‍ നിന്ന് കിട്ടുന്നത് കൊണ്ട് വേണം ആ കുടുബം പുലരാന്‍. പറങ്ങോടന്‍ ഉണ്ടെങ്കിലും മക്കളെ പോറ്റാന്‍ അവള്‍ തന്നെ വേണം

“ഇല്ല്യ ചീര്വോ... ഇച്ച് ഇപ്പളും അതൊക്കെ ഒരു ഈസലേടാ (നാണക്കേടാ...). ഇന്ന് വരെ അങ്ങനെ ഒന്നും സീലിച്ചിട്ടില്ല്യ... ഇജ്ജ് ന്തേ പോവാഞ്ഞ്...“
“ഇബടെ കൊറേ ആള് വന്ന്പോണ ദിസല്ലേ... മിറ്റം അടീച്ചില്ലങ്കി സെര്യവൂല്ല...”
“ജ്ജ് പെയ്ക്കോ ണ്യേ ... അത് ഞാന്‍ അടിച്ചോരിക്കോളാ..അന്റെ കുട്ട്യേള്‍ക്ക് വല്ലതും കിട്ട്ണതല്ലേ... അത് ഇല്ല്യാതാക്കണ്ട.. ”
“വല്യ ഓകാരം മ്മക്കുട്ട്യേ...” ചൂലേല്‍പ്പിച്ക് തോര്‍ത്ത് തോളിലിട്ട് അവള്‍ ഇറങ്ങി... പൊടി പാറാതിരിക്കാന്‍ വെള്ളം കോരിത്തെളിച്ചു. വരാന്തയിലെ മാറാല തട്ടി, കിഴക്കേ മുറ്റം മുതല്‍ അടിച്ചുതുടങ്ങി...
“ജ്ജ് പ്പളേ വന്നത് ബീവ്യേ... മിറ്റം അടിക്ക്ണത് ചീരു ആണെന്ന് ഞാന്‍ കര്തീത്. അന്നെ കാണാഞ്ഞിട്ട് ന്ത് പറ്റി ഈ പെണ്ണ്ന് ന്ന് ആലോയ് ച്ചേര്ന്നു.” രായീന്‍ ഹാജിയുടെ ഉമ്മയാണ്.
“ഞാന്‍ നേരത്തെ തന്നെ ബന്ന്ക്ക്ണ്.. ആ ചിരു മുറ്റടിക്കായിരുന്നു.. ഓക്ക് ഇന്ന് ന്തേലും ചില്ലാ‍നം കിട്ട്ണ ദിസല്ലേ... അപ്പോ ഞാന്‍ അടിച്ചോളാം ന്ന് പറഞ്ഞു.”
“ന്തായാലും അത് നന്നായി... ഓള് ആ കുട്ട്യേളെ പോറ്റാന്‍ കസ്റ്റപ്പെടാ... ആ പറങ്ങോടന്‍ ഒന്നും പെരീക്ക് കൊണ്ടരൂലന്ന് പറഞ്ഞീന്ന്..”
“ഉം.. ഇന്ന് നെല്ല് കുത്താണ്ടോ...”
“ഇല്ല്യ വെള്ളത്തിലിട്ട അയ് രി ഇടിച്ചാല്‍ മതി.. അത് കയിഞ്ഞാ ഇജ്ജ് പെയ്ക്കോ... അനക്കും ഇന്ന് പെരീല്‍ പണി കാണൂല്ലേ... “

വടക്കേ മുറിയിലെ പത്തായത്തിന് മുകളില്‍ നിന്ന് അരിയെടുത്തു... വെള്ളം ഊറ്റി കുറേശ്ശേ ഇടിച്ച് , നന്നായി തരിച്ചെടുത്തു... തിരിച്ചിറങ്ങുമ്പോള്‍ ളുഹ് റ് ബാങ്ക് കൊടുത്തിരുന്നു. അരിയും നാലണയും തന്ന് തിത്തിക്കുട്ടിത്താത്ത പറഞ്ഞു... “ന്നാ ഇജ്ജ് പൊയ്ക്കോ... ഇഞ്ഞ് നാളെ ഒന്ന് ബരണം... പെരന്നാളിന് മുമ്പ് കൊറച്ച് പണിയൊക്കെ ണ്ട്.”
“അയ് നെന്താ... ഞാം വരാ...”

വീട്ടിലെത്തി കുളിച്ച് ളുഹ് റ് നിസ്കരിച്ചു... നിസ്കാരപായ മടക്കി ‘മുസ് ഹഫു‘ (ഖുര്‍ ആന്‍) മായി വരാന്തയിലേക്ക് ഇറങ്ങുമ്പോഴാണ് ആയിശക്കുട്ടിയെ കണ്ടത്. അതി രാവിലെ ഇറങ്ങിയതാവും... അന്നമില്ലാതെ നടന്നതിന്റെ ക്ഷീണം മുഖത്തുണ്ട്...
“ന്താ ആയിശക്കുട്ട്യേ... വര്ണ് ല്യേ...”
“ഇല്ല്യ ബീത്താത്ത... കൊറച്ചൊക്കെ നടന്നു... നോമ്പ് നോറ്റ് നടക്കാന്‍ വെജ്ജ... പിന്നെ ങ്ങള് അറിഞ്ഞോ... “
“ന്ത്...”
“ഞമ്മളെ അജ്ജപ്പന്‍ ചെട്ട്യേരെ മനക്കലെ ആന പിന്നീം ചവുട്ടീന്ന് കേക്ക്ണ്... രാവ് ലെ പുറത്ത്ക്ക് കൊണ്ടോവുമ്പോ ഒരു കൊയപ്പും ഇല്ലാത്ത ജന്തൂ ആണ്. ആല്‍പറമ്പ്ക്ക് മരം പുടിച്ചാന്‍ പോയതാണെലാ...”
“പടച്ചോനേ... ന്ന്ട്ട്... “
“മരം പുടിച്ച്ണീന്റെ എടീല് ആണ് ചെട്ട്യേരെ ചവുട്ട്യേത്... ബാക്കി ആവൂലാന്നാ പറീണത്.“
“ആ കുട്ട്യേള് യത്തീം ആകാതിരിക്കട്ടേ ...”
“ന്നാ ഞാന്‍ പോട്ടേ... ചെന്ന്ട്ട് പണീം ണ്ട്”

എന്നും ആനയെ കഴുകാന്‍ തോട്ടിലെത്തുമായിരുന്നു ചെട്ട്യേര്. വെള്ളം പരന്നോഴുകുന്ന സ്ഥലത്തെത്തിയാല്‍ മടിയില്‍ കരുതിയ ആട്ടങ്ങ വെള്ളത്തിലേക്കിടും. പിന്നെ അത് ചവിട്ടി പൊട്ടിക്കാന്‍ ആനയോട് ആജ്ഞാപിക്കും. പൊങ്ങിക്കിടക്കുന്ന ആട്ടങ്ങ കാല്‍ ചോട്ടില്‍ ഒതുങ്ങാതെ വരുമ്പോള്‍ ചെട്ട്യേരുടെ വടി ആനയുടെ ചെവിയില്‍ പല തവണ പതിയും... അത് ഒരു സ്ഥിരം കളിയായിരുന്നു. കുറുമ്പ് പിടിച്ച് ഓടുന്നതിനിടയില്‍ അന്ധനായ കണ്ണുവിനെ വഴിയില്‍ നിന്ന് വഴിവക്കിലേക്ക് മാറ്റിവെച്ചതും, കുടിച്ച് ബോധമില്ലാത്ത അയ്യപ്പന്‍ ചെട്ട്യേര്‍ക്ക് കാവല്‍ നിന്നതും, മനക്കലെ വൈക്കോല്‍ കള്ളന്മാരെ തടഞ്ഞ് നിര്‍ത്തിയതും എല്ലാം കുട്ടിക്കാലത്ത് വീട്ടില്‍ പണിക്ക് വരുമായിരുന്ന എലുമ്പ പറഞ്ഞ കഥകളാണ്.

വാത്സല്യപൂര്‍വ്വം ‘ന്റെ ബീവികുട്ട്യേ...’ ന്ന് വിളിച്ചിരുന്ന വല്യുമ്മ പറയുമായിരുന്ന കഥകളിലും ആനകളുടെ ബുദ്ധിയും പകയും ദയയും സ്നേഹവും എല്ലാം ഉണ്ടായിരുന്നു. “അയ് ന് വല്യ ചെവിള്ളതോണ്ട് പിന്ന്ക്ക് കാണൂല്ല. അതോണ്ട് ആണ് അയ് നെ മന്‍സന്മാര്‍ക്ക് കൊണ്ടടക്കാന്‍ പറ്റ്ണത്. എപ്പളങ്കിലും അത് ബല്‍പ്പം അറിഞ്ഞാ പിന്നെ അയ്നെ മേച്ച് നടക്കാന്‍ പറ്റൂല്ല...” എന്ന് പറഞ്ഞാവും മിക്കവാറും എല്ലാ ആനക്കഥകളും അവസാനിപ്പിക്കാറ്. കോട്ടക്കലെ പൂരത്തിന് വന്ന ആന ഇടഞ്ഞ് മുറ്റത്തെ പ്ലാവിന്റെ ചോട്ടില്‍ വന്ന കഥ അവര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.

ഒരു റമദാന്‍ മാസം തന്നെ... വല്ലിപ്പ പൂട്ടാന്‍ (നിലം ഉഴാന്‍) പോയതായിരുന്നു..നാട്ടുക്കാരുടെ കൂക്കും വിളീം കേട്ടാണ് മുറ്റത്തേക്കിറങ്ങിയത്.. അപ്പോള്‍ ഇടവഴിച്ചെരിവ് തകര്‍ത്ത് കരിമ്പാറകെട്ട് പോലെ ഒരു കൊമ്പന്‍... തൊട്ടു പിന്നില്‍ അവന്റെ അത്ര തന്നെ ഉയരം ഇല്ലാത്ത മറ്റൊന്നും.. ‘പടച്ചോനെ... കത്തോളണേ..ന്നും പറഞ്ഞ് അകത്ത് കയറി വാതിലടച്ചു...മത്താരണപ്പൊളിക്കിടയിലൂടെ(ജനല്‍) അവയെ തന്നെ നോക്കി നിന്നു. ആളുകള്‍ ഇടവഴിയില്‍ തന്നെ നില്‍പ്പായിരുന്നു. വഴിയിലെ തെങ്ങില്‍ ചാരി ഒന്ന് ചൊറിഞ്ഞ് രണ്ടും മുറ്റത്തേക്ക് കയറി. മൂരികള്‍ക്ക് വെള്ളം എടുക്കാറുള്ള പാത്രത്തിലെ വെള്ളം ശരീരത്തില്‍ തെളിച്ചു.

മുറ്റത്തെ വരിക്കപ്പിലാവിന്റെ ചാഞ്ഞ് നില്‍ക്കുന്ന കൊമ്പില്‍ തുമ്പികൈ ചുറ്റി ഒന്ന് കുലുക്കി. ഉണക്കച്ചുള്ളികള്‍ പുരപ്പുറത്തേക്ക് വീണു... അത് ഒന്ന് ചാരിയാല്‍ വിഴാന്‍ മാത്രമേ ഉള്ളൂ മണ്‍കൂര... കണ്ണ് വെട്ടാതെ കാത്തിരുന്നു. താഴ്ന്ന് നില്‍ക്കുന്ന കൊമ്പ് വലിച്ചൊടിച്ച് ചിന്തീച്ചവക്കാന്‍ തുടങ്ങി... കുറെ കഴിഞ്ഞാണ് ഒരെണ്ണം പിലാവിന്റെ ചുവട്ടില്‍ തന്നെ കിടന്നത്... തൊട്ടപ്പുറത്ത് മറ്റേതും. വൈകീട്ട് ആനയുടെ ഉടമസ്ഥരെത്തി... അപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. പൂരത്തിന് വന്ന ആനകളില്‍ ഒന്ന് ഇടഞ്ഞ് മറ്റുള്ളവയെ ആക്രമിച്ചെത്രെ... അവ തിരിച്ചും ആ യുദ്ധത്തില്‍ ഇടഞ്ഞവന്‍ വീണങ്കിലും മറ്റു രണ്ടെണ്ണത്തിനും കലിയിളകിയിരുന്നു. അവ ഉത്സവപ്പറമ്പിലേക്ക് ഇറങ്ങി... കച്ചവടക്കാര്‍ ജീവനും കൊണ്ട് ഓടി. ലക്ഷ്യമില്ലാത്ത ഓട്ടത്തിനിടയില്‍ വഴിയില്‍ കണ്ട മരങ്ങളില്‍ പലതും നശിപ്പിച്ചു. മതിലുകള്‍ തകര്‍ത്തു... ആ ഓട്ടം അവസാനിച്ചത് ഈ പിലാവിന്റെ ചോട്ടിലായിരുന്നു. അന്ന് പ്ലാവില്‍ തളച്ചു... പിറ്റേന്നാണ് തിരിച്ച് കൊണ്ട് പോയത്.

ഖുര്‍ആന്‍ പാരായണം അവസാനിപ്പിച്ച് ദുആ ചെയ്തു. അടുക്കളയിലേക്കിറങ്ങി. നോമ്പ് തുറക്കാനുള്ളത് ഒരുക്കിയപ്പോഴേക്കും മഗ് രിബ് ബാങ്ക് വിളിച്ചു... നോമ്പ് തുറക്കാന്‍ സമയത്താണ് കുഞ്ഞു എത്തിയത്. ഇന്ന് ഖബര്‍ സിയാറത്തിനൊക്കെ പോവാനുള്ളത് കൊണ്ട് അവന്‍ പണിക്ക് പോയില്ല. വന്നപാട് അവന്‍ സൈയെതൂനെ അന്വേഷിച്ചു.

“ഇത് വരെ ഓന്‍ വന്ന്ട്ട്ല്ല്യാ...... ഈ നല്ലോര് ദിവസായിട്ട് ഇബനെവിടെ പ്പോയി...”
“എങ്ങ്ട്ടാ പോണം ന്ന് പറഞ്ഞിരുന്നു... ചെലപ്പം രണ്ടീസം കയിഞ്ഞേ വര്വൊള്ളൂന്നും...”
“രണ്ടീസം കയിഞ്ഞോ... പടച്ചോനെ ഈ ചെക്കന്‍ ഇഞ്ഞ് എങ്ങോട്ട് പ്പോയി...”
“വല്ല പണിം കിട്ട്വോ നോക്കാനാണ് ന്നാ പറഞ്ഞത്.”
“ന്ത് പണി... പടച്ചോനെ... ന്റെ കുട്ടി...”

നോമ്പ് തുറന്ന ഉടന്‍ ചൂട്ട് കെട്ടി. കുഞ്ഞുനേയും കൂട്ടി രായീന്‍ ഹാജിയുടെ വീട്ടിലേക്ക് ഓടി. പള്ളിയിലേക്ക് ഇറങ്ങുകയായിരുന്നു ഹാജി. “ന്ത്യേ ബീവ്യേ ഇന്നേരത്ത്... ന്തേ അനക്ക്.” കണ്ടപ്പോള്‍ ആദ്യം സംസാ‍രിച്ചത് തിത്തുമ്മുത്താത്തയാണ്.
“ന്റെ സെയ്തൂനെ കാണാനില്ലാ...” പറഞ്ഞപ്പോഴേക്ക് അടക്കിവെച്ച കണ്ണീര് ചാലിട്ടൊഴുകി.
“കാണാല്യേ... ഒന്‍ എവ്ടെ പ്പോയി...” ഹാജിയാണ്.
സങ്കടം കൊണ്ട് സംസാരിക്കാന്‍ പറ്റ്ണ് ല്യാ... വിവരങ്ങള്‍ കുഞ്ഞു പറഞ്ഞു. .. എല്ലാം കേട്ട ശേഷം ഹാജി പറഞ്ഞു.
“സാരല്യ ... ഇന്നേരത്ത് ഇഞ്ഞ് എവ്ടെ പോയാ അന്വേഷിക്കാ... നാളെ രാവിലെ തന്നെ ഞമ്മക്ക് ആളെ വിടാം... ഏതായാലും ഞന തായത്ത് പോയി അന്വേഷിക്കട്ടേ...” ഹാജി ഇറങ്ങി.

“ബീവ്യ ന്നാ ഇന്ന് ഇബടെ തന്നെ കൂടിക്കോടീ... “ ഹാജിയുടെ ഉമ്മയാണ്.
ശര്യാണ് ബീത്താത്ത ഇങ്ങള് ഇവിടെ നിന്നോളി കുഞ്ഞ്വോ ഇജ്ജ് പോയി പെരീന്ന് ഹംസനേം അയമുദൂനെം ഇങ്ങ്ട്ട് വിള്ച്ചോ... ഇങ്ങക്കും ഇന്ന് ഇബടെ കെടക്കാം..” ഹാജ്യാരുടെ ഭാര്യ പറഞ്ഞു. പക്ഷേ എവിടെയും നില്‍പ്പുറക്കുന്നില്ലായിരുന്നു.. “ബേണ്ട കുട്ട്യേ... ഞ്ഞ് ഓന്‍ അന്തിക്ക് എപ്പ് ളെങ്കിലും വന്നാ ബുദ്ധിമുട്ടാവും... .”

ചൂട്ട് മിന്നിച്ച് കുഞ്ഞു മുമ്പില്‍ നടന്നു... നേരിയ തേങ്ങലോടെ ബീത്താത്ത പിന്നാലെയും... പിറ്റേന്ന് ഹാജിയുടെ ആളുകള്‍ കോട്ടക്കലും തിരൂരും മലപ്പുറത്തും അന്വേഷിച്ചു... പക്ഷേ ഒരു വിവരവും കിട്ടിയില്ല. ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു...

8 comments:

ഇത്തിരിവെട്ടം said...

ഭാഗം : പത്ത്

Areekkodan | അരീക്കോടന്‍ said...

തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു....

ജിപ്പൂസ് said...

ഇത് ബല്യ കൊയപ്പല്ല.അപ്പ അനക്ക് മനിസന്മാരെ മക്കാറാക്കാണ്ട് എയ്താനും അറ്യാം ല്ലേ ഇത്തിരീ.ന്തായാലും ചെക്കന്‍ തിരിച്ച് ബരട്ടെ.
ന്നാലും പോകുമ്പോ ഒന്ന് പറഞ്ഞൂടാരുന്നോ ഹമുക്കിന്...!

യൂസുഫ്പ said...

കഴിഞ്ഞ ഭാഗവും ഈ ഭാഗവും ദുരന്തപരിവേഷമാണല്ലൊ..?
നന്നാവുന്നുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

shams said...

ന്റെത്തിര്യേ ജ്ജിങ്ങനെ മന്‍സനെ ബെസ്മിപ്പിക്കല്ലെ.
ന്തായാലും നന്നാവ്ണ്ണ്ട്.

ജിപ്പൂസ് said...

'ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു'.ദിദ് ഇപ്പളാ ഇത്തിര്യേ കണ്ണീപെട്ടത്?അപ്പോ ഓനും പോയീല്ലേ?കഷ്ടം തന്നെ.

ആര്‍ബി said...

പക്ഷേ എവിടെയും നില്‍പ്പുറക്കുന്നില്ലായിരുന്നു.. “ബേണ്ട കുട്ട്യേ... ഞ്ഞ് ഓന്‍ അന്തിക്ക് എപ്പ് ളെങ്കിലും വന്നാ ബുദ്ധിമുട്ടാവും... .”

മാതൃഹൃദയത്തിന്റെ നന്മകള്‍...
ആ കാത്തിരിപിലെ സ്നേഹമല്ലെ ഞാനും നിങ്ങളും നുണയുന്നത്,, പ്രവാസിയായ നമുക്കത് ആരും വിവരിച്ച് തരേണ്ടല്ലോ..


ഇത്തിരീ...
നന്നായി..

കാത്തിരിക്കുന്നു,,
അടുത്ത ഭാഗം ഇടുമ്പോള്‍ വായിക്കാന്‍ ബുദ്ധിമുട്ടാവരുതല്ലോ...:)

മാണിക്യം said...

ഒന്നു കഴിയുമ്പോ മറ്റൊന്നു ഇതാ ജിവിതം.
ആ ഉമ്മക്ക് ഒരിക്കലും മനസ് നീറാതെ ദിവസം തള്ളാനാവില്ലന്നുണ്ടോ? ആ ചെക്കന്‍ എന്തു പണിയാ കാണിച്ചേ? മിണ്ടാതെ പറയാതെ എങ്ങോട്ടാ പോയെ...
ഇത്തിരീ,ബാക്കി പോസ്റ്റ് ഒന്നു വേഗം ഇടുമോ? ഇതിപ്പോ എനിക്കും പൊറുതിയില്ലാണ്ടായല്ലോ! ...