Wednesday, June 28, 2017

4. വിഷനീലിമ

ഭാഗം : നാല്.

സാധാരണ ഈ വഴിയില്‍, രായീന്‍ ഹാജിയുടെ ആറേഴ് നാല്‍കാലികള്‍ ചവിട്ടി മെതിച്ച മണ്ണും ചാണകവും ചെളിയായി കിടക്കുന്നുണ്ടാവും‍. തിമിര്‍ത്ത് പെയ്ത മഴ എല്ല്ലാം വെടിപ്പാക്കിയിരിക്കുന്നു. ചെളിക്കെട്ട് ഒഴുകിപ്പോയപ്പോള്‍ ബാക്കിയാ‍യ പൂഴിമണ്ണില്‍ ഇല്ലിക്കോലും തൊരടി മുള്ളും പൂണ്ട് കിടപ്പുണ്ടാവും. കാലില്‍ കയറാതിരിക്കണമെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇടവഴി നിറഞ്ഞൊഴുകിയ വെള്ളം ഇരുവശത്തുമുള്ള പൊത്തുകളില്‍ കയറുമ്പോള്‍ കൂടൊഴിഞ്ഞ ഇഴജന്തുക്കളെയും സൂക്ഷിക്കണം.

ആശാരിച്ചി ദേവകിയെ പാമ്പ് കടിച്ചത് രണ്ട് വര്‍ഷം മുമ്പ് ഇക്കാലത്ത് തന്നെയായിരുന്നു. പുതുമഴയും കഴിഞ്ഞ് അന്തരീക്ഷത്തില്‍ മണ്ണിന്റെ മണം നിറഞ്ഞ് നില്‍ക്കുന്ന സമയം... ഭര്‍ത്താവിന്റെ വയറ് വേദനയ്ക്ക് ചുട്ട വെളുത്തുള്ളിയും ചുക്കും കൂട്ടിച്ചതച്ച് തിളപ്പിക്കാന്‍ വേണ്ടി രാത്രി ഏണീറ്റതായിരുന്നു. പുറത്തെ കോഴിക്കൂടിന് മുകളിലാണ് അമ്മി... അത് മൂടിയ പനമ്പോള എടുത്ത് താഴെ വെച്ചപ്പോഴാണ് കാലില്‍ എന്തോ കുത്തിയത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഇഴഞ്ഞ് പോവുന്ന പാമ്പിനെ കണ്ടിരുന്നെത്രെ. നട്ടപ്പാതിരക്ക് രാമന്റെ കൂക്ക് കേട്ട് ഓടിച്ചെല്ലുമ്പോള്‍ ദേവകിയെ താഴെ കിടത്തിയിരുന്നു. രാമന്റെ അമ്മ വെള്ളം കൊടുക്കുന്നുണ്ട്. മണ്ണാനയ്യപ്പന്റെ അടുത്തേക്ക് ആള് പോയി. ‘എന്നെ കൊണ്ട് കൂട്ട്യാ കൂടില്ല... ’ എന്ന് പറഞ്ഞെങ്കിലും അയ്യപ്പന്‍ കൂടെ വന്നു. പിന്നെയും നാട്ടുവൈദ്യന്മാരും വിഷചികിത്സകരുമായി പലരും വന്നു. പക്ഷേ രക്ഷപ്പെടുത്താന്‍ പറ്റില്ല ... വിഷം തലച്ചോറില്‍ എത്തിയിരുന്നെത്രെ... നേരത്തോട് നേരം കൂടിയപ്പോഴേക്കും മരിച്ചു എന്ന് ഉറപ്പിച്ചു. എന്നിട്ടും ചിലരൊക്കെ പറഞ്ഞു ... “മരിച്ചിട്ടുണ്ടാവില്ല... ജീവന്‍ ഒളിച്ചതായിരിക്കും.. “

കഴിഞ്ഞ റമദാനിലെ നടുവിലെ പത്ത്... അന്ന് ഹൈദ്രു മൊല്ലയുടെ വീട്ടില്‍ നോമ്പ് തുറ ആയിരുന്നു. മഗ് രിബ് ബാങ്ക് കൊടുത്താല്‍ ഉടന്‍ നോമ്പ് തുറക്കുമെങ്കിലും എല്ലാവരും ഭക്ഷണം കഴിയുമ്പോഴേക്കും വൈകും. അതിഥികള്‍ ഒഴിഞ്ഞ ശേഷമാണ് അടുത്ത ബന്ധുക്കളായ അവറാന്‍ കാക്കയും കുടുബവും ഭക്ഷണം കഴിച്ചത്. പിന്നെ പാത്രം കഴുകാനും വീട് വൃത്തിയാക്കാനും സഹായിച്ച്, തൂക്ക് പാത്രത്തില്‍ കുറച്ച് ചാറും പത്തിരിയുമായി വീട്ടിലേക്ക് തിരിക്കുമ്പോള്‍ പള്ളിയില്‍ തറാവീഹിന്റെ (റമദാനില്‍ രാത്രിയിലെ പ്രത്യേക നമസ്കാരം) സമയം കഴിഞ്ഞിരുന്നു. ഇടവഴിയും പാടവും കടന്ന് വീടെത്തുന്നതിലും എളുപ്പമാണ്, ആല്‍പ്പറമ്പിന്റെ വശത്തൂടെയുള്ള ഒറ്റയടിപ്പാത. നല്ല നിലാവുണ്ടായിരുന്നത് കൊണ്ട് വെളിച്ചത്തിന്റെ ആവശ്യമില്ലായിരുന്നു. എന്നിട്ടും ഓലക്കൊടിതുഞ്ചം പൊട്ടിച്ചെടുത്ത് ചൂട്ടാക്കി. നിലാവെളിച്ചത്തില്‍ മുമ്പില്‍ നടന്നിരുന്ന പന്ത്രണ്ടുകാരിയുടെ കാലിലാണ് കൊത്തിയത്. പിറ്റേന്ന് അസറി(സായാഹ്ന നമസ്കാരം) ന്റെ സമയത്ത് മയ്യിത്ത് പള്ളിക്കാട്ടിലെത്തിയിരുന്നു.

ഒരു തിരുവാതിരക്കാലം... വീട് അടിച്ചുതുടച്ച് മാറാല തട്ടി, മുറ്റം ചെത്തിത്തല്ലി, ചാണകം മെഴുകി വീടൊരുക്കുകയായിരുന്നു മംഗലത്തെ ലക്ഷ്മികുട്ടിയമ്മ‍. ഊണിന് വിളിച്ചപ്പോള്‍ “ആ വെള്ളച്ചാലുകൂടെ ഒന്ന് വൃത്ത്യാക്കട്ടെ..” എന്നും പറഞ്ഞ് ഇറങ്ങിയതാണ്. കുളത്തില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാന്‍ വേണ്ടിയുള്ളതാണ് തോട്ടത്തിലേക്കുള്ള ആ ചാല്. ചപ്പും ചവറും നീക്കി രണ്ട് ഭാഗത്തുമുള്ള പുല്ല് പറിച്ച് വൃത്തിയാക്കുന്നതിനിടയില്‍ കൈയ്യിലെന്തോ കുത്തി. മുള്ളാണ് എന്നായിരുന്നു കരുതിയത്. പക്ഷേ താമസിയാതെ ആള് കുഴഞ്ഞു... തോട്ടത്തില്‍ നിന്ന് എടുത്താണ് കൊലായില്‍ എത്തിച്ചത്. കൈ നീലിച്ച് തുടങ്ങിയപ്പോഴാണ് സംശയം തോന്നിയത്. പരിശോധിച്ചപ്പോള്‍ കടിച്ച ‘കരിമൂര്‍ഖ‘ നെ കാണുകയും ചെയ്തു. മരണവീട്ടിലെ വരാന്തയില്‍ ചുമരും ചാരി നിന്നിരുന്ന പറക്കമുറ്റാത്ത മൂന്ന് കുട്ടികളെ കണ്ട് കരയാത്തവരാരും അന്ന് ഇല്ലായിരുന്നു.

കാദര്‍കാക്കാന്റെ മരണവും ഇത് പോലെ തന്നെ. മക്കള്‍ ഹംസയും സെയ്താലിയും ആയിരുന്നു വീട് നോക്കിയിരുന്നത്. രാവിലെ ജോലിക്ക് പോവും മുമ്പ് രണ്ട് എരുമകളേയും ആരെങ്കിലും ഒരാള്‍ പള്ളിയാലില്‍ കൊണ്ട് പോയി എട്ടും. ഉച്ചക്ക് അഴിച്ച് വെള്ളം കാട്ടാറുള്ളത് കാദര്‍ കാക്കതന്നെ. വൈകുന്നേരം മക്കളാരെങ്കിലും അഴിച്ച് കൊണ്ട് വരും. പോരുമ്പോള്‍ ഒരു കറ്റ പച്ചപ്പുല്ലും തലയിലുണ്ടാവും. ഇശാ നിസ്കാരം കഴിഞ്ഞ് കാദര്‍കാക്ക എത്താന്‍ വൈകിയാല്‍ എരുമകള്‍ അറളാന്‍ തുടങ്ങും. അത് പോലെ തന്നെ രാത്രി ചോറ് കഴിഞ്ഞ് വല്ല വഅദ് (മതപ്രസംഗം) കേള്‍ക്കാനോ മറ്റോ പുറത്തിറങ്ങിയാലും തിരിച്ച് വരുന്ന വരെ അവ നിര്‍ത്താതെ കരയും... രാത്രി ഇശാ നിസ്കാരവും ഹദ്ദാദും (പ്രത്യക പ്രാര്‍ത്ഥന) കഴിഞ്ഞെത്തിയാല്‍ കഞ്ഞിയാണ് പതിവ്. അതും കഴിഞ്ഞ് പൂല്ലൂട്ടിന് മുകളില്‍ അട്ടിയിട്ട പച്ചപ്പുല്ലില്‍ നിന്ന് രണ്ട് കന്ന് വീതം രണ്ടിനും ഇട്ട് കൊടുത്തേ ഉറങ്ങാന്‍ പോവൂ... പിന്നെ രാത്രി എഴുന്നേല്‍ക്കുമ്പോള്‍ ബാക്കി രണ്ട് കന്നും കൊടുക്കും. അത് മറന്നാല്‍ അവയുടെ കരച്ചില്‍ കേള്‍ക്കാം.

അന്ന്‍ പച്ചപ്പുല്ല് കുടഞ്ഞിടുമ്പോള്‍ കൈയ്യിലെന്തോ കടിച്ച് തൂങ്ങി... മണ്ണെണ്ണ വിളിക്ക് കാണിച്ചപ്പോള്‍ ഒരു ചുരുട്ട(അണലി)യുടെ കുട്ടി. പുല്ലരിഞ്ഞപ്പോ‍ള്‍ കൂടെ അരിഞ്ഞതാണ്... വാലില്ലാത്ത പാതി മാത്രമായി തൂങ്ങിക്കിടക്കുന്നതിനെ കുടഞ്ഞ് തെറിപ്പിച്ചു. ബഹളം കണ്ട് ഓടിവന്ന മൂത്ത മകന്‍ മെതിയടി കൊണ്ട് കൊല്ലുകയും ചെയ്തു. പക്ഷേ നേരം വെളുക്കാറായപ്പോഴേക്ക് കൈ കാലുകള്‍ അനക്കാന്‍ പോലും പറ്റാതെയായി. നാട്ടുവൈദ്യന്മാര്‍ പഠിച്ച പണിയെല്ലാം നോക്കിയിട്ടും ഒരു മാറ്റവും ഉണ്ടായില്ല. മഞ്ചേരിയില്‍ നിന്ന് വിഷ വൈദ്യനെ കൊണ്ട് വന്നു. ആറ് നാഴിക നേരത്തെ എത്തിയിരുന്നെങ്കില്‍ ആളെ തിരിച്ച് കിട്ടുമായിരുന്നത്രെ. മരിച്ച് കിടക്കുമ്പോഴും ശരീരം മുഴുവന്‍ നീലിച്ചിരുന്നു... മൂക്കില്‍ നിന്ന് ചോര വന്നിരുന്നു. വായില്‍ നിന്ന് വന്നിരുന്ന പത ഇടയ്ക്കിടെ തുടച്ചെടുക്കുകയിരുന്നു. മയ്യിത്ത് കട്ടിലിലേക്ക് എടുക്കുമ്പോള്‍ അകത്ത് നിന്ന് അമര്‍ത്തിയ കൂട്ടക്കരച്ചില്‍ കേട്ടു... ഒപ്പം തെടിയിലേക്ക് മാറ്റിക്കെട്ടിയ എരുമകളുടെ കരച്ചിലും... മരണം കഴിഞ്ഞിട്ടും ദിവസങ്ങളോളം രാത്രിയില്‍ അവയുടെ കരച്ചില്‍ കേള്‍ക്കാറുണ്ടായിരുന്നു.

വടക്ക് നാട്ടില്‍ വലിയ വിഷ വൈദ്യന്മാര്‍ ഉണ്ടെന്ന് അന്ന് മരണ വീട്ടില്‍ വന്ന ഒരാളാണ് പറഞ്ഞത്. അവരുടെ നാട്ടില്‍ ഒരാളെ പാമ്പ് കടിച്ചു... നല്ല നിലാവുള്ള രാത്രി പൂളത്തറ എടുക്കുമ്പോഴാണ് കാലില്‍ കൊത്തിയത്. അവിടെ തന്നെ വീണു. വൈദ്യന്മാരും മന്ത്രവാദികളും കയ്യൊഴിഞ്ഞു... പിറ്റേന്ന് ഉച്ച ആയപ്പോഴേക്ക് മരണം ഉറപ്പിച്ചു... ഖബര്‍ കിളക്കാന്‍ ആളെ എല്‍പ്പിച്ചു. കഫന്‍ (മൃതശരീരം പൊതിയാനുള്ള തുണി) ചെയ്യാനുള്ള തുണിയും കുന്തിരികവും പനനീര്‍ വെള്ളവും തയ്യാറായി... പള്ളിയില്‍ നിന്ന് മയ്യിത്ത് കട്ടില് വരെ എത്തി.

ആ സമയത്താണ് ഒരു പിച്ചക്കാരന്‍ വന്നത്. ഇടക്കിടെ നാട്ടുമ്പുറത്ത് വരാറുള്ള ആളാണ്. അത് കൊണ്ട് തന്നെ വിവരങ്ങള്‍ അന്വേഷിച്ചു... പാമ്പ് കടിച്ച് മരിച്ചതാണെന്ന് പറഞ്ഞപ്പോള്‍ ‘കാണണം‘ എന്നായി... മയ്യിത്തിന്റെ അടുത്ത് ഇരുന്ന് ആദ്യം കണ്‍പോളകള്‍ ഉയര്‍ത്തി നോക്കി... സന്ധികളിലൊക്കെ പരിശോധിച്ചു... ഭാണ്ഡക്കെട്ടിലുണ്ടായിരുന്ന നെയ്യ് സന്ധികളില്‍ പുരട്ടി... നെഞ്ചില്‍ ചെവി അടുപ്പ് വെച്ച് പലവട്ടം ശ്രദ്ധിച്ചു... ഇതൊക്കെ കഴിഞ്ഞ് കുറച്ച് ചീനമൊളകും (കാന്താരി മുളക്), മുരിങ്ങയിലയുടെ തൂമ്പും നന്നായി അരച്ച് മരിച്ച് കിടക്കുന്ന ആളുടെ കണ്ണില്‍ തേച്ചെത്രെ... കുറച്ച് കഴിഞ്ഞപ്പോള്‍ കണ്ണില്‍ നിന്ന് വെള്ളം വന്നു തുടങ്ങി. “ജീവനുണ്ട്... ഞാനിപ്പോ വരാം..” ഇതും പറഞ്ഞ് അയാള്‍ എങ്ങോട്ടോ പോയി. തിരിച്ച് വന്നപ്പോള്‍ കൈനിറയെ പച്ച മരുന്നുകളായിരുന്നെത്രെ...

ആദ്യം പാമ്പ് കടിയേറ്റ ആളുടെ നെറുകയിലെ മുടി വടിച്ച് അരച്ച മരുന്ന് തേച്ച് പിടിപ്പിച്ചു. പിന്നെ ഉള്ളം കാലിലും.. മുറിവായില്‍ മരുന്ന് പുരട്ടി... ശരീരം മൊത്തം ചൂടാക്കിയ മണ്ണ് തേച്ചുപിടിപ്പിച്ചു... പിറ്റേന്ന് നേരം വെളുക്കാറായപ്പോഴേക്ക് മരിച്ചെന്ന് കരുതിയിരുന്ന ആള് വെള്ളം വാങ്ങിക്കുടിച്ചു. അയാള്‍ ഇപ്പോഴും കൂലിപ്പണിയെടുത്ത് ജീവിക്കുന്നുണ്ടെത്രെ. മരിച്ച് കിടക്കുകയാണെന്ന് കരുതിയ സമയത്ത് പുറത്ത് നടക്കുന്ന എല്ലാം അയാള്‍ അറിഞ്ഞിരുന്നെത്രെ... തിരിച്ച് ഒന്നും പറയാനോ ഇളകാനോ കഴിയില്ലെന്ന് മാത്രം. ‘ഖബറൊരുക്കാനും കുളിപ്പിക്കാനുമൊക്കെ‘ പറയുന്നത് ജീവിനോടെ കേട്ട് കിടക്കേണ്ടി വരുന്ന അയാളുടെ അവസ്ഥയെ കുറിച്ച് പലപ്പോഴും അലോചിച്ചിട്ടുണ്ട്. കഥ പറയുമ്പോ‍ള്‍ വിശ്വസിക്കാനാവത്ത കേള്‍വിക്കാരോടായി ഇതും കൂടെ കൂട്ടിച്ചേര്‍ത്തു.. “ഞാന്‍ വെറ്തെ പറ്ഞ്ഞതല്ല... ഇങ്ങള് ഞങ്ങളെ നാട്ട്ക്ക് വന്നോക്കി... പാമ്പ് കടിച്ച് അബോക്കര്ക്കാനെ ചോയ്ച്ചാ ആരും കാണ് ച്ചെരും.. “

“ന്ത്യേ കുഞ്ഞാമ്വോ... അന്റെ കല്യാണം പറച്ചിലൊക്കെ എവിടം വരെ ആയി...”
ഹാജ്യാരാണ്... ഇവിടെ എത്തിയത് അറിഞ്ഞില്ല... ഇങ്ങോട്ട് പുറപ്പെടുമ്പോള്‍ ആള്‍ ഇവിടെ ഉണ്ടാവുമോ എന്ന് സംശയമായിരുന്നു.
“ഒരുവിദം ആ പണി കയ്ഞ്ഞു ഹാജ്യേരേ... ഇഞ്ഞ് പന്തല്‍ പണി ബാക്കിണ്ട്,. കല്യാണ കോളൊന്നും വാങ്ങീട്ടില്ല... “
“അയിനെന്താ... നാളെ കയിഞ്ഞ് കോട്ടക്കച്ചന്തല്ലേ... ഞമ്മക്ക് സെര്യാക്കാം.. ഇജ്ജ് പ്പ ന്തേലും കുടിച്ചോ...”
അകത്തേക്ക് വിളിച്ചു “ഏട്യേ.... ഞമ്മളെ കുഞ്ഞാമു വന്ന്ക്ക്ണ്... ഓന് കഞ്ഞിന്റെള്ളം ന്തേലും കൊട്ക്ക്.”
പിന്നെ തിരിഞ്ഞ് “ഇജ്ജ് നിക്ക് ... ഞാം പ്പോ വരാം ... “ എന്ന് പറഞ്ഞ് അകത്തേക്ക് പോയി

രണ്ടീസം കൂടി കഴിഞ്ഞാല്‍ കല്ല്യാണം ആയി. കഷ്ടപ്പെട്ടാണെങ്കിലും ആസ്യ ഒരു കഞ്ഞിക്കല്‍ ആയാല്‍ അത്രയും സമാധാനമാണ്. കല്യാണ നിശ്ചയത്തിനും രായീന്‍ ഹാജി ഉണ്ടായിരുന്നു. നിശ്ചയത്തിന് വന്നവര് പോയിക്കഴിഞ്ഞ് ഹാജ്യേര് അടുത്ത് വിളിച്ചു. കൈയില്‍ മടക്കിയ അഞ്ചുറുപ്യ തരുമ്പോള്‍ പറഞ്ഞു... “കുഞ്ഞാമ്വോ... കല്ല്യാണല്ലേ... ചെലവൊക്കെ കാണും... ഓടാന്‍ ഇജ്ജ് മാത്രല്ലേ ള്ളൂ... എപ്പൊ ന്ത് ആവശ്യണ്ടങ്കിലും ആണ്ട് വന്നോണ്ടീ‍...”

കുറിയരിക്കഞ്ഞിയുടെ പാത്രം സൈനുമ്മുത്താത്ത കൊണ്ടുവന്നു വെച്ചു. “പറച്ചിലൊക്കെ കഴിഞ്ഞോ... “
“ആ ... ഇഞ്ഞ് ഒരുക്ക്ണ പണ്യാണ്. പന്തല്‍ കെട്ടാന്‍ തൊടങ്ങീക്ക്ണ്”
“ഇന്ന് ആണ്ട് എറങ്ങണം ന്ന് വിചാരിച്ചതാ”
“ഇന്നല്‍ത്തെ മയയില്‍ വെറൊക്ക ആകെ നനഞ്ഞു... ഞ്ഞ് പ്പോ ന്താ കാട്ട്ആ ന്നാ...”
“അയ്ന്‍ ന്താണ്ണീ... ഇബ്ടെല്ലേ ഇസ്ടം പോലെ വെറ്... ആവുസ്യള്ളത് ഇജ്ജ് കൊണ്ടെയ്ക്കോ...”
“മ്മാ ഇബടെ ആരോ ബന്നിരിക്ക്ണ്... “ അകത്ത് നിന്ന് മോളാണെന്ന് തോന്നുന്നു...
“ഞാം പ്പോ വരാം...” അവര്‍ അകത്തേക്ക് നടന്നു.

24 comments:

ഇത്തിരിവെട്ടം said...

വിഷനീലിമ...

കുഞ്ഞന്‍ said...

ഈയദ്ധ്യായവും മനോഹരമായിട്ടുണ്ട് ഇത്തിരി മാഷെ, നാട്ടു വിഷ ചികത്സയുടെ കഥകള്‍ എല്ലാവര്‍ക്കും പറയാനുണ്ടാകും.

അനൂപ്‌ കോതനല്ലൂര്‍ said...

കഴിഞ്ഞ ലക്കങ്ങൾ വായിച്ചിട്ടില്ല.തുടക്കം മുതൽ വായിക്കട്ടെ ഇത്തിരി മാഷെ

വേറിട്ട ശബ്ദം said...

ഇന്നാണ്‌ കണ്ടത്‌...ആദ്യം മുതൽക്ക്‌ വായിക്കട്ടെ....
:)

കരീം മാഷ്‌ said...

നന്നായി
തനിമ നിലനിർത്തുന്നു.

...പകല്‍കിനാവന്‍...daYdreamEr... said...

ഇത്തിരീ ഒത്തിരി ആശംസകള്‍... വളരെ നല്ല ഒഴുക്ക്... !

ആര്‍ബി said...

മനോഹരമായി...

നാട്ടുമ്പുറത്തിന്റെ ഓരോ ഏടും ശ്രദ്ധിച്ച് തയ്യാറാക്കിയ പോലെ.
നാട്ടിലൊന്നു പോയിവന്നു


നന്ദി... ആശംസകള്‍..

ആര്യന്‍ said...

കൊള്ളാലോ... നല്ല ഭാഷ...
അച്ചടിച്ചു കാണാന്‍ ആഗ്രഹമുണ്ട്..

kaithamullu : കൈതമുള്ള് said...

തുടരട്ടേ...
വായിക്കാന്‍ കാത്തിരിക്കുന്നു!

(നീല ഇത്തിരി കൂടിയോ ഇത്തിരീ?)
:-0)

സുല്‍ |Sul said...

ഇത്തിരീ നന്നായിരിക്കുന്നു ഈ ഭാഗവും....
എന്നാലും മരണം കുറച്ചു കൂടുതലായോ എന്നൊരു സംശയം. (കൈതപോലെ)

-സുല്‍

മുസാഫിര്‍ said...

എനിക്കും തോന്നിയിരുന്നു.പിന്നെ ഞാന്‍ കരുതി മരണത്തിനു മാത്രമായൊരു അദ്ധ്യായമായിരിക്കുമെന്ന്.

യൂസുഫ്പ said...

കഴിഞ്ഞ ഭാഗങ്ങളീലെ ഒഴുക്കില്ലെങ്കിലും ഗംഭീരം.

ഇത്തിരിവെട്ടം said...

നാലാം ഭാഗം ഇത്തിരി നീളം കൂടിയപ്പോള്‍ നടുമുറിച്ച് നാലും അഞ്ചും കൂടി ആക്കിയതായിരുന്നു... അങ്ങനെ ഒരു ഭാഗം നിറയെ മരണം മാത്രമായിപ്പോയി.. :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആസ്വദിച്ച് വായിച്ചു :)

shams said...

കൊള്ളാം ഇത്തിരീ
പാമ്പ് കടി കുറച്ച് കൂടീലേന്ന് തന്നെ നിക്കും തോന്ന്യേത്

അപ്പു said...

ഇത്തിരീ, ബ്രായ്ക്കറ്റില്‍ എഴുതിയിരിക്കുന്ന വാക്കുകളെ ഏറ്റവും താഴേക്ക് മാറ്റാമായിരുന്നു. അവ പ്രധാന പാരഗ്രാഫില്‍ തന്നെ പ്രത്യക്ഷമാകുന്നത് വായനയുടെ ഭംഗി നശിപ്പിക്കുന്നുണ്ട്. അവസാനം വരെ ഇത്തിരിവെട്ടം സ്റ്റൈലില്‍ വായിച്ചുവന്ന് പെട്ടന്ന് നാടന്‍ ഭാഷയിലെ സംഭാഷങ്ങള്‍ വായിച്ചപ്പോള്‍ ഹൈവെയില്‍ ഓടീക്കൊണ്ടിരുന്ന വണ്ടി കച്ചാറോഡില്‍ ഇറങ്ങീയപോലെ തോന്നിച്ചു. :-)

Sapna Anu B.George said...

മുഴുവനും വായിച്ചുത്തരം പറയാം കേട്ടോ

ഭദ്ര said...

ഇനി നടക്കു മ്പോള് വല്ല മുള്ളുകൊ ണ്ടാലും പേടിച്ചു ബി.പി കൂട്ടാം ... അല്ലേ.

സതീശ് മാക്കോത്ത്| sathees makkoth said...

നാലാം ഭാഗം മറ്റുള്ള ഭാഗങ്ങളുടെ അത്രെം ഭംഗിയുണ്ടായി എന്ന് തോന്നുന്നില്ല ഇത്തിരി.പാമ്പുകടിയേൽക്കുന്ന ഭാഗം കുറച്ചധികം ദീർഘിപ്പിച്ചതായി തോന്നുന്നു. മൊത്തത്തിൽ നോക്കുമ്പോൽ വയിക്കാൻ രസമുണ്ട്.
തുടരുക. കൂടുതൽ ഭംഗിയായി.ആശംസകൾ!
(ആദ്യഭാഗം വായിച്ചുകഴിഞ്ഞ് ഇന്നാണ് ബാക്കി ഭാഗങ്ങൾ വായിക്കാൻ കഴിഞ്ഞത്. ഒറ്റയിരുപ്പിൽ തന്നെ മൂന്ന് ഭാഗങ്ങളും വായിക്കാൻ കഴിയുന്നു എന്നുള്ളത് തന്നെ ഈ പോസ്റ്റിന്റെ വിജയമാണ്.)

കൂവില്‍ said...

അല്ല മാഷെ
ഇത് ഏട്യാ‍ സ്തലം ??

ഇത്തിരിവെട്ടം said...

വായിച്ച് അഭിപ്രായം അറിയിച്ച...

കുഞ്ഞന്‍.
അനൂപ് കോതനല്ലൂര്‍.
വേറിട്ട ശബ്ദം.
കരീം മാഷ്.
പകല്‍കിനാവന്‍.
ആര്‍ബി
ആര്യന്‍.
കൈതമുള്ള്.
സുല്‍.
മുസാഫിര്‍.
യൂസുഫ്പ.
പ്രിയ ഉണ്ണികൃഷ്ണന്‍.
ശംസ്.
അപ്പു.
സപ്ന അനു ബി ജോര്‍ജ്ജ്.
ഭദ്ര.
സതീശ്.
കൂവില്‍.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

അഹ്‌മദ്‌ N ഇബ്രാഹീം said...

പഴയകാല നാട്ടിന്‍പുറത്തിന്റെ മണ്ണിന്റെ മണം. ലളിതമായ ആഖ്യാനം, മന്സ്സില്‍ ചലിക്കുന്ന ചിത്രങ്ങള്‍ ഒരു നഷ്ട ബോധം വരക്കുന്നു, പൊയ്‌പോയ നന്മയില്‍ പിറക്കാന്‍ കഴിയാത്തതിലുള്ള നഷ്ട ബോധം.

വളരെ വളരെയിഷ്ടമായി,... ഭാവുകങ്ങള്‍

ഏറനാടന്‍ said...

ഇത്തിരിസോദരാ, ഓരോ അധ്യായവും ഒന്നിനോടൊന്ന് കലക്കിവരുന്നുണ്ട്. ഒറ്റയിരുപ്പിന്‌ വായിച്ചുവരുന്നു. അടുത്ത അധ്യായത്തിലേക്ക് ചാടട്ടെ.

siraj said...

നന്നായിരിക്കുന്നു ഈ ഭാഗവും....