Wednesday, June 28, 2017

6. മുന്നൊരുക്കം


ഭാഗം : ആറ്


“സൈന്വോ... നോക്കി നടക്ക്, മുള്ളും കുപ്പിച്ചിലും ഒക്കെ കാണും, ചിലപ്പോ” ഇടവഴിയില്‍ തെളിഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ നടക്കുമ്പോള്‍ ഓര്‍മ്മിപ്പിച്ചു... കല്യാണം ഉറപ്പിച്ചാല്‍ പിന്നെ തീരും വരെ സഹായിക്കാന്‍ അയല്‍ക്കാരും ബന്ധുക്കളും കൂടെയുണ്ടാവണം... കുഞ്ഞാമു അടുത്ത സുഹൃത്ത് മാത്രമല്ല... ബന്ധുവും അയല്‍ക്കാരനും കൂടിയാണ്. അത് കൊണ്ട് ദിവസങ്ങളായി ഈ കല്യാണത്തിന് വേണ്ടിയുള്ള ഓട്ടമായിരുന്നു. ഇന്നും കൂടി കഴിഞ്ഞാല്‍ പിന്നെ സമാധാനമായി.
“പ്പാ... എപ്പ്ളാ പുത്യാപ്ല വര്വാ...” അബ്ദുവാണ്...
“രാത്രി ആവും... ഇജ്ജ് സൈനുത്താത്താന്റെ കൂടെ നിന്നോണ്ടി... “
“ഉം”
“ഇന്നും അന്തിക്ക് ഞമ്മള് അവുടെ തന്നെ ആയിരിക്ക്വോ...”

ഇന്നലെ രാത്രി മുഴുവന്‍ കല്യാണവീട്ടില്‍ ആയിരുന്നു. ഇന്ന് പകല്‍ വെയില് ചൂടായ ശേഷമാണ് ആമിനുവിനെയും മക്കളെയും കൂട്ടി വീട്ടിലൊന്ന് പോയി വരാന്‍ ഇറങ്ങിയത്. വീട്ടിലെത്തി പാടത്ത് പോയി തിരിച്ചെത്തിയപ്പോള്‍ എല്ലാവരും കല്യാണത്തിന് പുറപ്പെടാന്‍ തായ്യാറായിരുന്നു.

“ഇല്ല്യടാ... കല്യാണം ഇന്ന് അന്തിക്കല്ലേ... എല്ലാം കയിഞ്ഞിട്ടല്ലേ ഞമ്മക്ക് പോരാന്‍ പറ്റൂ..” ആമിനു അവനോട് മറുപടി പറഞ്ഞു.

പന്തലിന് വേണ്ടി പച്ചമുളയും കവുങ്ങും ഒരുക്കാന്‍ തന്നെ ഒരു ദിവസമെടുത്തു. മഴക്കാലമായതിനാല്‍ മെടഞ്ഞ ഓല അടുപ്പിച്ച് മേഞ്ഞിട്ടുണ്ട്. എന്നാലും നല്ല മഴ വന്നാല്‍ ചോര്‍ന്നൂടായ്കയില്ല. ചെത്തിത്തേച്ച മുറ്റത്ത് വിരിക്കാനുള്ള തടുക്ക് (മെടഞ്ഞ ഓല) അടുക്കി വെച്ചാണ് രാവിലെ ഇറങ്ങിയത്. ചെന്നാല്‍ ആദ്യം അത് വിരിക്കണം. കല്യാണവീട്ടിലേക്ക് കയറുന്ന പടിയ്ക്കല്‍ തന്നെ കുഞ്ഞാമുന്റെ അമ്മോശന്‍ (ഭാര്യപിതാവ്) ഉണ്ട്
“ന്തേ ഖാദറേ ജ്ജ് നേരം വെക്യേത്...”
“രാവിലെ തന്നെ പാടത്തൊന്ന് പോണ്ടത്ണ്ടായിരുന്നു ... പിന്നെ കുട്ട്യേളൊക്കെ തുണിം കുപ്പായും മാറ്റി ആവണ്ടേ.. ”
“എടാ... ഇബ്ടെ ഓടാന്‍ ആരും ല്ല്യാ.. എല്ലോട്ത്തും അന്റെ കണ്ണെത്തണം..”
“അയ്നെന്താ ഞാന്‍ ബന്നീല്ലേ... ഇഞ്ഞ് കല്യാണം കയിഞ്ഞേ പോവ്വൊള്ളൂ...” നീട്ടി മൂളി അദ്ദേഹം പോയി.

പന്തലില്‍ തടുക്ക് പരത്തി ഓലപ്പായ വിരിച്ചിരിക്കുന്നു. നടുക്ക് പച്ച നിറത്തിലുള്ള സുപ്രയില്‍ രായീന്‍ ഹാജിയുടെ വീട്ടിലെ പിച്ചള കെട്ടിയ വെറ്റിലച്ചെല്ലം വെച്ചിട്ടുണ്ട്. നീറ്റിലിട്ട അടയ്ക്ക ചൊരണ്ടി നുറുക്കിയത് വായിലിട്ട് വെറ്റിലയില്‍ നൂറ് തേക്കുകയാണ് രായീന്‍ ഹാജി.

“എബ് ടേര്ന്ന് കാദ് റേ ജ്ജ്... ഇങ്ങളൊക്കെ ല്ലേ ബ് ടെ വേണ്ടത്... “
“ഞാന്‍ ഇപ്പോ ഇബട്ന്ന് ഒന്നാണ്ട് പോയിട്ടോള്ളൂ ഹാജ്യേര്കാ... പാടത്ത് ഒന്ന് നോക്കാന്‍..”
“അത് ബേണ്ടത് തന്നെ... ന്തായി കാര്യങ്ങളൊക്കെ എന്നൊന്ന് നോക്ക്...”

ചുണ്ണാമ്പ് തേച്ച വെറ്റില വായില്‍ വെച്ച് പുകയില എടുക്കാന്‍ തുടങ്ങിയപ്പോള്‍ വടക്കെ മുറ്റത്തേക്ക് നടന്നു. ബന്ധുക്കളും അയല്‍വാസികളും നേരത്തെ എത്തിയിട്ടുണ്ട്... വന്നവരൊക്കെ ഒന്ന് മുറുക്കി വീട്ടുകാരെ സഹായിക്കാന്‍ തുടങ്ങിയിരിക്കുന്നു. അടുക്കളയിലും വടക്കേ മുറ്റത്തുമായി നേരത്തെ എത്തിയ ബന്ധുക്കള്‍ മുട്ടിപ്പലയിട്ട് സംസാരിച്ചിരിക്കുന്നുണ്ട്.

വടക്കെ മുറ്റത്ത് ചെങ്കല്ല് കൊണ്ടുണ്ടാക്കിയ താല്‍കാലിക അടുപ്പിലിരിക്കുന്ന വലിയ ചെമ്പില്‍ നിന്ന് വെന്ത ചോറ് നാലഞ്ച് സ്ത്രീകള്‍ ഊറ്റിയെടുത്ത്, മുളകൊണ്ട് മെടഞ്ഞ ചോറ്റ് കുട്ടയിലാക്കുന്നു. ചൂടുള്ള ചോറ്റുകൊട്ട തോളില്‍ വെച്ച് വാരാന്തയോട് ചേര്‍ന്നുള്ള മുറിയിലെ ഓലപ്പായയില്‍ നിരത്തിയ വാഴയിലെത്തിക്കാന്‍ മുന്നാലാളുകള്‍ ഉണ്ട്. ഓരോരുത്തരായി മാറി മാറി ചോറ്റുകുട്ട ചുമക്കുന്നു. എല്ലാവരും കൂടി ഉത്സാഹിച്ച് തീര്‍ക്കേണ്ട ജോലിയാണത്. തൊട്ടടുത്ത് രണ്ട് മൂന്ന് അടുപ്പുകളിലായി ചാറ് (കറി) തയ്യാറാവുന്നുണ്ട്. കുമ്പളങ്ങയും ചേനയും കൊണ്ടുണ്ടാക്കുന്ന കറി. ഒരു കോഴി കൊണ്ട് ഇറച്ചിക്കറി.. പപ്പടം ചുട്ടത്... ഇത്രയുമാണ് വിഭവങ്ങള്‍.

ഇറച്ചിക്കറിയുടെ വേവൊന്ന് നോക്കി... തൊട്ടടുത്ത് ഇഞ്ചി ചതക്കുന്ന ആമിനൂനോട് പറഞ്ഞു... “രണ്ട് കോറുവും (കോഴിക്കാല്) കൊറച്ച് നല്ല ചാറും ഒരു പാത്രത്തിലാക്ക് വെച്ചോണം... പുത്യാപ്ലന്റെയും തേട്യേളുടെയും സഭയില്‍ വെക്കാള്ളതാ...”
“ആ ഞാന്‍ എട്ത്ത് വെക്കാം...” ഇതും പറഞ്ഞ് അവള്‍ പോയി.
“ആള്‍ക്കാരുടെ എണ്ണം അനുസരിച്ച് വെള്ളം കൂട്ടി ശര്യാക്കണം...” കറി ഇളക്കുന്ന പാത്തുമ്മത്താത്താനോടും പറഞ്ഞു.
“അയ്ക്കോട്ടേ.. വല്യ കൊറവ് ണ്ടാവൂ‍ല്ല ന്ന് തോന്നുണു.”

നികാഹ് കഴിഞ്ഞാലേ ചോറ് വിളമ്പിത്തുടങ്ങൂ. എന്നാലും നേരത്തെ തന്നെ എല്ലാം തയ്യാറാക്കി വെക്കണം. ചെക്കന്റെ കൂടെ വന്നവര്‍ക്ക് ശേഷം ബാക്കി ആണുങ്ങള്‍‍, പെണ്ണിനെ തേടി വന്നവര്‍, പിന്നെ സ്ത്രീകളും കുട്ടികളും ഇതാണ് വിളമ്പുന്നതിന്റെ രീതി. കുഞ്ഞാമൂനോട് പ്രത്യേകം പറഞ്ഞിരുന്നു.
“ഒറ്റലക്കാരെ കൂടി കണക്ക് കൂട്ടണം..” എന്ന്.
ദൂരെ ദിക്കില്‍ നിന്ന് പോലും ‘ഒറ്റലക്കാര്‍’ എന്നറിയപ്പെടുന്ന പട്ടിണിക്കാര്‍ വിവാഹത്തിന് ക്ഷണിച്ചില്ലങ്കിലും ഭക്ഷണത്തിനെത്തും. അത് കൊണ്ട് തന്നെ അരിയളക്കുമ്പോള്‍ ഇത്ര നാഴിയുടെ അരി ‘ഒറ്റലക്കാര്‍ക്ക്’ എന്ന് നേരത്തെ തന്നെ തീര്‍ച്ചപ്പെടുത്തണം.

“ഖാദറ്വോ... ഇജ്ജ് ആ പാട്ടേര്ക്ക്ള്ള സ്ഥലം ഒന്ന് ശര്യാക്കികൊടുക്ക്...“ കുഞ്ഞാമ്മുവാണ്. അസ്സങ്കുട്ട്യാക്കാനെ അന്വേഷിച്ചിറങ്ങി.
“എത്ര തടുക്ക് എടുക്ക്ണം അസ്സങ്കുട്ട്യാക്കാ...“
“ഒരു അഞ്ചെട്ടണ്ണം ഇട്ത്തോ... ആവസ്യം വരും..”
മുറ്റത്തിന്റെ മൂലയില്‍ ഓലവിരിച്ച് പാട്ടുകാരെ ഇരുത്തി. അസ്സങ്കുട്ടികാക്ക അറിയപ്പെട്ട പാട്ടുകാരനാണ്. അവര്‍ ‘ആദി ബിസ്മില്ലാഹി... ‘ പാടി തുടങ്ങി.

ചടഞ്ഞിരുന്ന് നാട്ടുകാര്യങ്ങള്‍ പറയുന്ന രായീന്‍ ഹാജിയും കൂട്ടരും. പന്തലിനോട് ചേര്‍ന്ന് കൂട്ടം കൂടി വര്‍ത്താനം പറയുന്ന ചെറുപ്പക്കാര്‍.. പാട്ട് കാര്‍ക്ക് ചുറ്റും തിക്കിത്തിരക്കി നില്‍ക്കുന്ന കുട്ടികള്‍... പുതിയാ‍പ്ല (വരനും) യും കൂട്ടരും വന്നലേ കല്യാണം കൊഴുക്കൂ... പിന്നെ കുറച്ച് നേരത്തേക്ക് പാട്ടിന്റെ ബഹളമായിരിക്കും. ‘അരിമാ പെരിമാ പെരിയോനേ...” അസ്സങ്കുട്ട്യാക്ക നീട്ടിപ്പാടുന്നു. വീശിപ്പാളാകൊണ്ട് താളത്തില്‍ മുട്ടി ബാക്കിയുള്ളവരും കൂടെയുണ്ട്.

**** **** ***** **** *****

ഇറച്ചിക്കറിയില്‍ നിന്ന് കുറച്ച് കലത്തിലേക്കാക്കി ഉറിയില്‍ വെക്കുമ്പോഴാണ് ‘മക്കള്‍ക് കഞ്ഞി കൊടുത്തില്ലല്ലോ ...’ എന്നോര്‍ത്തത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ചോറ് കിട്ടാന്‍ മിക്കവാറും പാതി രാത്രി കഴിയും.. അത് വരെ കത്തലടക്കാന്‍ (വിശപ്പടക്കാന്‍) കഞ്ഞി വെള്ളമുണ്ടാവും. അബ്ദുവും സൈനുവും ഒന്നും തിന്നിട്ടില്ല... സൈനൂനെ അന്വേഷിച്ചിറങ്ങി.

“ സൈന്വോ... ഇജ്ജ് ന്തേലും കുടിച്ചോ..., അദ്ദുനേം വിളിക്ക്... “.
“അയ്ന് ഓന്‍ ഒവ്ടെ...”
“ആ പാട്ട് കാരെ അടുത്തെങ്ങാനും കാണും... ഇജ്ജൊന്ന് നോക്ക്..”
“ഞാന്‍ ഓനെ വിളിക്കട്ടെമ്മാ...”
“വേം വിള്ച്ചോണ്ട് വാ... ഞാന്‍ ഇച്ചിരി കഞ്ഞിന്റള്ളം എട്ത്ത് വെച്ചിട്ട്ണ്ട്... രണ്ടാളും അതൊന്ന് മുക്കികുടിച്ചാളി... ഇന്ക്ക് ബ് ടെ പുട്പ്പത് (ഒരുപാട്) പണീണ്ട്..”
സൈനു പുറത്തേക്ക് ഓടി.

**** **** ***** **** *****
ബദറുല്‍ ഹുദാ യാസീനുന്നബി-
ഖറജായന്നേരം ...
ബളര്‍ കൊടി മൂണ്ടെണ്ണം കെട്ടിടൈ അതിലുണ്ടേ..
അബ് യള് വര്‍ണ്ണമതാം പിന്‍ രണ്ടും അസുവദുമാമേ...

അസ്സങ്കുട്യാക്കയുടെ മുഴങ്ങന്ന ശബ്ദം പന്തലില്‍ നിറഞ്ഞിരിക്കുന്നു... കൂടിനില്‍ക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ നിന്ന് അബ്ദുനെ കൈകാണിച്ച് വിളിച്ചു.

“എടാ.. അന്നെ മ്മ വിള്ച്ച്ണ്ട്..”
“ഞാനി പ്പ വരാ...”
“ഇജ്ജ് ഇപ്പോ തന്നെ പോരെ... ന്നാലെ പുത്യാപ്ല വരുമ്പോത്ത്ന് കഞ്ഞി കുടിച്ച് ഇങ്ങട്ട് തന്നെ പോരാന്‍ പറ്റൂ..”

അബ്ദുന്റെ കയ്യും പിടിച്ച് ഉമ്മയെ അന്വേഷിക്കുമ്പോഴാണ് ബീത്താത്താന്റെ മുമ്പില്‍ പെട്ടത്.

“ന്താ സൈനുട്ട്യേ ജ്ജ് നോക്ക്ണ്...”

ബീത്തത്ത എല്ലാവര്‍ക്കും പ്രിയപ്പെട്ടവാളാണ്. “വായില് വെരല് ട്ടാല്‍ കടിച്ചാത്ത പാവം..” എന്നാണ് നാട്ടുകാര്‍ പറയാറുള്ളത്. ഭര്‍ത്താവ് നേരത്തെ മരിച്ച് പോയി... മുന്ന് ആണ്മക്കളാണ്... ‘ചെറിയ മോന് ഒരു വയസ്സ് ആവും മുമ്പാണ് മുന്ന് മക്കളേം യത്തീമാക്കി അയിന്റെ മാപ്ല (ഭര്‍ത്താവ്) മരിച്ചത്. പിന്നെ മക്കളെ പോറ്റാന്‍ പാവം ഒരു പാട് കഷ്ടപ്പെട്ടിണ്ട് എന്ന് ഉമ്മ എപ്പോഴും പറയും..

അദ്രമാന്‍ കാക്ക രായീന്‍ ഹാജിന്റെ പെരീലെ പണിക്കാരനായിരുന്നു. അത് കൊണ്ട് എന്നും പണിണ്ടാവും... ഒരു മുണ്ടാന്‍ കൊയ്ത്ത് കഴിഞ്ഞ കാലത്താണ്... പണിക്കൂലിയായി കിട്ടിയ നെല്ല് ചിക്കി ചൂടുള്ള കഞ്ഞിന്റെള്ളം കുടിച്ച് കെടന്നതാണ്... പിന്നെ മുണ്ടീട്റ്റില്ല..” അവര് മരിച്ച ശേഷം ബീത്താത്ത പാടത്തും പറമ്പിലും പണിയെടുത്താണ് മക്കളെ വളര്‍ത്തിയത്... ഇപ്പോ മുത്തമോന്‍ സൈയ്തുമുഹമ്മദ് നാട് വിട്ട് പോയി... വല്യ ആളായി... ഇപ്പോ നാട്ടില്‍ തന്നെ പണിക്ക് പോവുന്നു. ഒരാളോടും ഇന്നേ വരെ പിണക്കമില്ലത്ത ഒരു പാവമായിരുന്നു ബീത്താത്ത. കാണുമ്പോഴൊക്കെ ‘സൈനൂട്ട്യേ...’ എന്ന് പ്രത്യേക ഈണത്തില്‍ വിളിക്കും. വല്ലപ്പോഴും പെരീല്‍ വന്നാല്‍ പഴയ കാലത്തെ കഷ്ടപ്പാടൊക്കെ പറയും...

“ന്താ സൈനൂട്ട്യേ ജ്ജ് നോക്ക്ണ്... ജ്ജ് ന്താ ബ്ടെ ഒന്നും അല്ലേ...”
“ഞാന്‍ മ്മാനെ നോക്കാണ്... കൊറച്ച് കഞ്ഞി ഇട് ത്ത് വെച്ച്ട്ട്ണ്ട് ന്ന് പറഞ്ഞിന്ന്... അദ്ദൂന് കൊട്ക്കാന്‍..”
“ഉം... ആ ചെക്കന്റെ പള്ളക്കണ്ണി കാഞ്ഞ്ട്ട്ണ്ടാവും... ഇജ്ജ് ബേം ചെല്ല്... ആമിനു ബ്ടെ ണ്ടായീന്നല്ലോ ഇപ്പോ...”
“ഞാന്‍ നോക്കട്ടേ ത്താത്താ... “
“ഞാന്‍ ഇട്ത്ത് തരണോ...”
“മാണ്ട... ഞാന്‍ നോക്കട്ടേ... മ്മാനെ കണ്ടീലങ്കില്‍ ഞാന്‍ തന്നെ ട്ത്ത് കൊട്ത്തോളാം...”
കഞ്ഞി കുടിച്ച് അബ്ദു മുറ്റത്തേക്കോടിയപ്പോഴും ബീത്താത്തയായിരുന്നു സൈനൂന്റെ മനസ്സില്‍... വാത്സല്യം നിറഞ്ഞ മുഖവും സംസാരവും...

ബീത്താത്താന്റെ മനസ്സിലും സൈനുവിന്റെ മുഖമായിരുന്നു... കൂടെ ചില കണക്ക് കൂട്ടലുകളും...

16 comments:

ഇത്തിരിവെട്ടം said...

മുന്നൊരുക്കം...

ശിഹാബ് മൊഗ്രാല്‍ said...

ഇത്തിരീ,

വീണ്ടും വന്നതിലും തുടര്‍ച്ചയിലെത്തിയതിലും സന്തോഷം..
നാട്ടുമണം നിറഞ്ഞു നില്‍ക്കുന്നുണ്ട്.. കൂടെ ചൂടുള്ള സദ്യയുടെയും.. :)
വരനും കൂട്ടരും വരട്ടെ, ഞമ്മക്കൊന്ന് കൊഴുപ്പിക്കണം..

"മംഗലത്തിന്‍ മദ്‌ഹുകള്‍ പാടീ.. പുതുനാരിയേ തേടി..
മഹര്‍മാലയെടുത്തും കൊണ്ടതൃപ്പപ്പൂ പുതുമാരന്‍..
ഇതാ വരുന്നേ..."

Faizal Kondotty said...

നല്ല അവതരണം ..ആശംസകള്‍ !

kichu said...

kalyaana viseshangalkkayi kaathirikkunnu

യൂസുഫ്പ said...

ആകാംശയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.എഴുത്തിന് ഹരം വന്നു തുടങ്ങി.

കരീം മാഷ്‌ said...

കല്യാണ ഒരുക്കം
“ബളര്‍ കൊടി മൂണ്ടെണ്ണം കെട്ടിടൈ അതിലുണ്ടേ..
അബ് യള് വര്‍ണ്ണമതാം പിന്‍ രണ്ടും അസുവദുമാമേ...!”

ഓര്‍മ്മ....
അതിന്റെ ചിറകില്‍ ഞാനും ഇത്തിരി നേരം പറന്നു
നന്ദി.

ഇട്ടിമാളു said...

മൂന്നുനാലു മാസായല്ലൊ ഇവിടെ പൊടി മൂടി കിടക്കണു.. ഇനി കല്ല്യാണം എന്നത്തേക്കാ?

വേഗാവട്ടെന്നെ..:)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഗൃഹാദുരത്വമുണർത്തുന്ന ഈ നല്ല വായനാ സുഖം നൽകിയതിൽ നന്ദി.
തുടരട്ടെ.. ആശംസകൾ

ആര്‍ബി said...

ഇങ്ങനെയൊരു കല്ല്യാണം പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ....

വായിക്കുമ്മ്പോള്‍ അവിടെയെവിടെയോ ആ പാട്ടും കേട്ട് അലഞ്ഞുനടക്കുന്ന പോലെ..

ചില സംഭവങ്ങള്‍ കാണാന്‍ ഭാഗ്യം കിട്ടിയിരുന്നു,,, അതിന്റെ ഓര്‍മ്മകള്‍ തികട്ടുന്നു...


നന്ദി.. ആ പച്ചയായ നാട്ടുമണം അനുഭവിപ്പിച്ചതിന്
ആശംസകള്‍...

ചന്ദ്രകാന്തം said...

ഈ ഭാഷ അത്ര പരിചിതമല്ലെങ്കിലും, നാട്ടിടവഴിയിലൂടെ പുതുമണ്ണിന്റെ മണമേറ്റ്‌ നടക്കുന്ന സുഖമുണ്ട്‌ വായിക്യാന്‍.

അല്ലാ.. പുയാപ്ല വരാറായില്ലേ..ആള്‍ക്കാര്‌ കാത്തിരിക്യാന്‍ തൊടങ്ങീട്ട്‌ കൊറെയായീട്ടാ. ഒരുക്കങ്ങളൊക്കെ ഒന്ന്‌ ബേഗായിക്കോട്ടെ.
:)

കുഞ്ഞന്‍ said...

ഇത്തിരി മാഷെ...

ഈ മുന്നൊരുക്കം അതിന്റെ എല്ലാ ഭാവങ്ങള്‍ക്കൊണ്ടും സുഖകരമായ ഒരു ഫീലിങ് നല്‍കുന്നു. ശരിക്കും ഒരു കല്യാണ വീട് കണ്മുന്നില്‍ തെളിയുന്നു. ഓരോ ചെറിയ ഫ്രെയിമും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.

ഒരു ഓഫന്‍ : എന്തുകൊണ്ടാണ് മുസ്ലീം സമുദായത്തില്‍ സദ്യ നല്‍കുമ്പോള്‍ കുട്ടികള്‍ക്കും സ്ത്രീജനങ്ങള്‍ക്കും ആണ്‍പ്രജകള്‍ കഴിച്ചതിനു ശേഷം നല്‍കുന്നത്..ഇത് ഇപ്പോഴും തുടരുന്ന ഒരു സമ്പ്രദായമാണ്.. വിശന്നിരിക്കുന്ന കുട്ടികളെ നോക്കി എങ്ങിനെ ആണ്‍ പ്രജകള്‍ക്ക് ഭോജനം ചെയ്യാന്‍ പറ്റും? കുട്ടിക്കാലത്ത് കൊതിയോടെ, കറികളുടെയും നെയ്ച്ചോറിന്റേയും മണം മൂക്കിലേക്കും വായിലേക്കും വലിച്ചുകയറ്റി അത് വിട്ടുകളയാതെ വലിയവര്‍ കഴിച്ചു കഴിയുന്നതും നോക്കി പന്തലിന്റെ സൈഡില്‍ ഞാന്‍ നില്‍ക്കാറുണ്ടായിരുന്നു. ഈ കാര്യം ചൂണ്ടിക്കാണിച്ചത് ഒരു വിവാദത്തിനല്ലാട്ടൊ മാഷെ..

ശിഹാബ് മൊഗ്രാല്‍ said...

കുഞ്ഞാ,
ഞങ്ങളുടെ നാട്ടില്‍ സദ്യയ്ക്ക് ആദ്യം കുട്ടികളെയാണിരുത്തുക, പിന്നെ ആണുങ്ങള്‍, ശേഷം പെണ്‍‌ പ്രജകള്‍.
പെണ്‍‌പ്രജകള്‍ ആണുങ്ങളെ ഭക്ഷിപ്പിച്ചതിന്നു ശേഷമേ ഇരിക്കൂ എന്നതാണു സത്യമെന്ന് എനിക്കു തോന്നുന്നു; സദ്യ ചെറുതായാലും വലുതായാലും.

വീട്ടില്‍, ആണുങ്ങള്‍ക്കു ഭക്ഷണം നല്‍കി ശേഷിച്ചാല്‍ മാത്രം ഭക്ഷിക്കുന്ന പെണ്ണുങ്ങളുടെ ത്യാഗത്തെക്കുറിച്ച് ബഷീര്‍ പാത്തുമ്മയുടെ ആടില്‍ സൂചിപ്പിക്കുന്നുണ്ട്..

കുഞ്ഞന്‍ said...

ഏതു സദ്യയായാലും ആരു ചെയ്യുന്നതായാലും കുട്ടികള്‍ക്കും വൃദ്ധ ജനങ്ങള്‍ക്കും ആദ്യം നല്‍കുക..മറ്റുള്ളവര്‍ പിന്നീട് കഴിക്കുകയൊ കഴിക്കാതിരിക്കുകയൊ ചെയ്യട്ടെ.. എന്നാല്‍ ഇക്കാലത്ത് കാണാവുന്ന ഒരു കാര്യമുണ്ട് ഇടിച്ചുകയറി ഇടം പിടിക്കുക, ആ കുത്തൊഴുക്കില്‍ എല്ലാ മാന്യതയും ഒലിച്ചുപോകുന്നതു കാണാം. എങ്കിലും നമുക്ക് പ്രതിജ്ഞയെടുക്കാം ആദ്യം കുട്ടികളും വയസ്സായവരും ഇരിക്കട്ടെ എന്നിട്ടുമതി നമ്മള്‍..പക്ഷെ എനിക്ക് തിരക്കാണെങ്കില്‍....

ഇത്തിരിവെട്ടം said...

ശിഹാബ് , ഫൈസല്‍, കിച്ചു, യൂസുഫ്പ, കരീം മാഷ്, ഇട്ടിമാളു, ബഷീര്‍ വെള്ളറക്കാട്, ആര്‍ബി, ചന്ദ്രകാന്തം, കുഞ്ഞന്‍... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

കുഞ്ഞന്‍ : അക്കാലത്ത് സ്തീകള്‍ക്കും കുട്ടികള്‍ക്കും(തനിച്ച് ഭക്ഷണം കഴിക്കാന്‍ മാത്രം മുതിര്‍ന്നിട്ടില്ലാത്ത കുട്ടികള്‍‍‍) വേണ്ടി പുരുഷ പ്രജകള്‍ക്ക് ശേഷം ഭക്ഷണം വിളമ്പാന്‍ ‍ കാരണം ഒരു പക്ഷേ ശിഹാബ് പറഞ്ഞത് തന്നെയാവാം. എന്നാല്‍ ഇപ്പോള്‍ എല്ലാ കല്യാണ വീട്ടിലും ഭക്ഷണത്തിനായി രണ്ട് പന്തല്‍ കാണം... ഒരു പുരുഷ പ്രജകള്‍ക്കും, മറ്റേത് സ്തീജനങ്ങള്‍ക്കും. എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കാണുന്നത് രണ്ട് പന്തലുകള്‍ തന്നെ...

ഇവിടെ വരച്ചിടാന്‍ ശ്രമിച്ചത് അറുപത് വര്‍ഷം മുമ്പെങ്കിലും ഉണ്ടായിരുന്ന ഒരു സംസ്കാരത്തിന്റെ രീതികള്‍‍ ആണ്. ഇതില്‍ പറയുന്ന എല്ലാമെല്ലാം ആ കാലത്തിന്റെ പരിധിയില്‍ കാണണം... ഇപ്പോള്‍ നാടും നാട്ടുക്കാരും കല്യാണവും മരണവും ഒന്നും ആ രീതിയില്‍ അല്ല... :)

siraj said...

നല്ല അവതരണം ..ആശംസകള്‍

sabe said...

Adhyamayanu blogu vayana thudangunnath...thudakam thanne nalla oru blog thanne kittiyathil valare santhosham...
kettu polum arivillatha kure pazhayakalathe karyangal ariyan kazhiyunnu ee nalla kathayiloode...