Wednesday, June 28, 2017

1. കാറ്റ് മഴയോട് പറഞ്ഞത്.

ഭാഗം : ഒന്ന്

മുസ്‌ഹഫി*ല്‍ ഇറ്റിവീണ വെള്ളത്തുള്ളി പരത്തിയ നനവ് കോന്തല* കൊണ്ട് ഒപ്പിയെടുത്തു. കെട്ടിമേഞ്ഞ മേല്‍ക്കൂരയ്ക്ക് പുല്ല് മേയാത്തത് കൊണ്ടാവും, ഉസ്താദ് പാളകഷ്ണം വെച്ച് തടയാന്‍ ശ്രമിച്ചിട്ടും നനഞ്ഞ ഓലയുടെ മണമുള്ള മഞ്ഞ വെള്ളം ഇറ്റികൊണ്ടിരിക്കുന്നു. ഇന്നലെ അസറി*ന് മുമ്പ് വെയില് മങ്ങി ചുറ്റുവട്ടവും ഇരുട്ട് കുത്തിയപ്പോള്‍ കരുതിയത് പെട്ടന്ന് പെയ്തൊഴിയുന്ന കാറായിരിക്കും എന്നായിരുന്നു. നേരം ഇരുണ്ട് മഗ്‌രിബ് പോലെയായി, കിളികള്‍ കൂടണഞ്ഞു... ആടിനെ അഴിച്ച് വീടെത്തുമ്പോഴേക്ക് ഇരമ്പം തുടങ്ങിയിരുന്നു. തൊട്ട് പിന്നാലെ വലിയ തുള്ളികളുമെത്തി. തൊപ്പിക്കൊട എടുത്ത് പാടത്തേക്ക് പോവാന്‍ ഇറങ്ങുമ്പോള്‍ ബാപ്പ പറയുന്നത് കേട്ടു. “അവിടെ കൂട്ടിയിട്ട വെണ്ണൂറ് കുത്തിയൊലിച്ച് പോകാതിരുന്നാല്‍ മതിയായിരുന്നു...“ ഒരുപാട് വൈകി നനഞ്ഞൊലിച്ച് കയറിവരുമ്പോള്‍ കാണാനില്ലാത്ത ബാപ്പയെ അന്വേഷിച്ച് വല്ലിപ്പ ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു.


‘പാടത്തെ ചാക്ക് പെരയില്‍ നിന്ന് വെണ്ണൂറ്, ഗോപിനായരുടെ ചായ്പിലേക്ക് മാറ്റി. ചാക്ക് കൊണ്ട് മൂടി തിരിച്ച് പോരുമ്പോഴേക്ക് തോടും പാടവും ഒന്നായിരിക്കുന്നു. ചെട്ട്യേരുടെ ചായപ്പീട്യയുടെ അടുത്തുണ്ടായിരുന്ന മരപ്പാലം ഒലിച്ച് പോയി. തോട് കടക്കാന്‍ കൊറച്ച് ബുദ്ധിമുട്ടായി.‘ ചൂടുള്ള കഞ്ഞി കുടിക്കുമ്പോ ബാപ്പ വിവരിച്ചു. എല്ലാം കേട്ടിരിക്കുന്ന വല്ലിപ്പാനെ ചാരി ഇരിക്കുകയായിരുന്നല്ലോ ഞാന്‍ ... ഉറക്കം വരുന്നുണ്ടായിരുന്നു. “ഈ മഴ അടുത്തൊന്നും മാറും എന്ന് തോന്നുന്നില്ല...“ വല്ലിപ്പ ആരൊടെന്നില്ലാതെ പറഞ്ഞു.



അപ്പോഴാണ് “ആമിക്കുട്ടീ...” എന്ന് വിളിച്ച് കദീശുവിന്റെ ഉമ്മ കേറിവന്നത്. നനഞ്ഞൊലിച്ച് അവളും കൂടെയുണ്ടായിരുന്നു. വെള്ളം ഇറ്റുന്ന സ്ഥലത്തേക്ക് മണ്‍ചട്ടി ഒന്ന് കൂടെ നീക്കിവെച്ച് ഉമ്മ ഉമ്മറുത്തെത്തി. ആ മണ്‍ചട്ടിയില്‍ വീഴുന്ന ശബ്ദം ഉറക്കത്തോളം പിന്തുടര്‍ന്നിരുന്നു. രാവിലെ ഇങ്ങോട്ട് വരുമ്പോള്‍, തെങ്ങ് പാലം കടക്കുന്ന ബാപ്പയുടെ കൈകളില്‍ കിടന്ന് താഴെ കലങ്ങി ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കാന്‍ ഭയം തോന്നി. കുത്തിയൊലിച്ചെത്തി താഴേക്ക് പതിച്ച് പതഞ്ഞൊഴുകുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.


“അമ്മ യത്തസാ‍അലൂന്‍ ...*“ മൂസ ഉസ്താദിന്റെ ഈണമുള്ള ശബ്ദം... കറുപ്പ് മാഞ്ഞ് തുടങ്ങിയ ബോര്‍ഡില്‍ ‘അയ്ന്‍’* എഴുതി ‘മഖ്റജ്‘* വിശദമായി വിവരിക്കുകയാണ് അദ്ദേഹം. തൊണ്ടയില്‍ നിന്ന് പുറപ്പെടേണ്ട ശബ്ദത്തിന്റെ വിശേഷണങ്ങള്‍ എത്ര കഷ്ടപ്പെട്ടിട്ടും കദീശുവിന് വഴങ്ങുന്നില്ല. “‘അംസ‘* യും ‘അയ്നും’* തമ്മുലുള്ള ഉച്ചാരണ വ്യത്യാസത്തിന് ഇന്നും അടികൊള്ളും എന്ന് ഏകദേശം ഉറപ്പായി. അല്ലെങ്കിലും എന്നും എന്തെങ്കിലും കാരണത്തിന് അടി വാങ്ങാറുള്ളതാണല്ലോ അവള്‍.


“ഇജ്ജ് ഇന്നലെ പഠിച്ചത് ഓത്യോ... “ ഉസ്താതിന്റെ ചോദ്യം. കദീശു നിന്ന് പരുങ്ങി. “ഇല്ല” എന്ന് പറഞ്ഞാല്‍ അടി ഉറപ്പ്. ഓതി എന്ന് പറഞ്ഞാലും “എന്നിട്ടെന്താ അനക്ക് ഇത് ഓതാന്‍ പറ്റാത്തത്’ എന്ന് ചോദ്യവും അടിയും ഉറപ്പ്. അവള്‍ വിക്കിവിക്കി വീണ്ടും വീണ്ടും ഓതാന്‍ ശ്രമിക്കുന്നുണ്ട്. തലയില്‍ ഇടാറുള്ള വെള്ളത്തോര്‍ത്ത് കസേരകൈയ്യിലേക്കിട്ട് ഉസ്താദ് പിന്നേം ചോദിക്കുന്നു. “എന്താ ഖദീജാ.. ഇന്നലെ ഇജ്ജ് പഠിച്ചത് ഓതിയോ...”


എനിക്കറിയാം അവള്‍ ഇന്നലെ ഓതിയിട്ടില്ലന്ന്. ആര്‍ത്തിരമ്പി തിമിര്‍ത്ത് പെയ്ത മഴയില്‍ ഈയിടെ മേഞ്ഞ ഞങ്ങളുടെ വീട് വരെ ചോര്‍ന്നൊലിച്ചു. രണ്ട് വര്‍ഷമായി കെട്ടിമേയാത്ത അവളുടെ വീട്ടിലെ പടാപ്പുറത്ത്‍, പാതി നനഞ്ഞ് കത്തുന്ന വയറുമായി ജോലി കഴിഞ്ഞെത്തുന്ന ഉമ്മയേയും കാത്തിരിക്കുമ്പോള്‍ എങ്ങനെ പഠിച്ചത് ഓതാന്‍ പറ്റും. തിരിമുറിയത്ത മഴപെയ്യുമ്പോഴൊക്കെ വാഴയിലയും ചൂടി അവളും ഉമ്മയും വീട്ടിലെത്തും. “എന്താ ഇന്നലെ രാത്രി ഓതാഞ്ഞത് എന്നാ അന്നോട് ചോദിച്ചത്”

“ഇന്നലെ സൈനൂന്റെ വീട്ടിലായിരുന്നു.“ കരച്ചില്‍ കലര്‍ന്ന കതീശുവിന്റെ ശബ്ദം. ചൂരി വടി ഉസ്താദ് മേശപ്പുറത്ത് തന്നെ തിരിച്ച് വെച്ചു.
“അതെന്തിനാ ഇജ്ജ് ഓളോട്ക്ക് പോയത്”
“മയ പെയ്തപ്പോ പെര ചോര്‍ന്നിട്ട് ... അപ്പൊ ഞാനും മ്മയും സൈനൂന്റെ പെരീക്ക് പോയി...“
“അന്റെ പെര മേഞ്ഞിട്ടില്ലേ...”
“ഇല്ല്യ...”
“അതെന്താ... “ അവള്‍ മൌനിയായി...
“അന്റെ ഉപ്പ എവിടെയാ...“ അവള്‍ താഴേക്ക് നോക്കി നില്‍ക്കുന്നു. രണ്ടും കല്പിച്ച് എണൂറ്റു.
“ഓള് യത്തീമാ ഉസ്താദേ... ” കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ തലതാഴ്ത്തി തേങ്ങുന്ന കദീശുവിനേയും അടുത്ത് നില്‍കുന്ന ഉസ്താദിനെയും കണ്ടു. നനഞ്ഞ കണ്ണ് ചിമ്മി ഉസ്താദ് എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. കൂടെ അവളോടും....


അവളുടെ ഉപ്പ തലമത്തട്ടി* വന്ന് മരിച്ചതാണെന്ന് ഉമ്മ പറഞ്ഞിരുന്നു. നാലാം ക്ലാസ്സിലെ ആയിശക്കുട്ടിയാണ് തലമ്മത്തട്ടി ചെയ്ത്താ*നെ കുറിച്ച് പറഞ്ഞത്. രാത്രിയില്‍ വീടിനടുത്ത് വന്ന് “ വീട്ടുകാരേ... കുറച്ച് തീ തരോ.. ? എന്ന് ചോദിക്കും. ചിരട്ടയിലൊ ചകിരിയിലോ തീയുമായി എത്തുമ്പോള്‍ ആരെയും കാണില്ല... പിന്നെ അന്ന് മുതല്‍ തീയുമായി വന്നവര്‍ക്ക് വയറ് വേദന തുടങ്ങും... നേരത്തോട് നേരം കൂടുമ്പോഴേക്ക് ആള് മരിച്ചിരിക്കും.‘

“അപ്പോ തീ കൊടുത്തില്ലങ്കിലോ... “

ആയിശക്കുട്ടി വിശദീകരിച്ചു... “ആരും തീയുമായി വരുന്നത് കണ്ടില്ലെങ്കി മുന്ന് വട്ടം പിന്നെയും ചോദിക്കും... എന്നിട്ടും ആരും ചെന്നില്ലെങ്കില്‍ അടുത്ത വീട്ടിലേക്ക് പോവും”

അന്ന് തന്നെയാണ് പൊട്ടിചെയ്ത്താനെ കുറിച്ചും അവള്‍ പറഞ്ഞത്. രാത്രിയില്‍ തനിച്ച് വഴിനടക്കുന്നവരെ പിന്നില്‍ നിന്ന് വല്ലശബ്ദവും ഉണ്ടാക്കി ആകര്‍ഷിക്കും. തിരിഞ്ഞ് നോക്കിയാല്‍ പൊട്ടിയുടെ നിയന്ത്രത്തിലാവും... പിന്നെ എങ്ങോട്ടാണ് നടക്കുന്നത് എന്നറിയില്ല. വഴിതെറ്റി കിണറ്റിലോ കുളത്തിലോ വീഴ്ത്തും. മഞ്ചേരിച്ചന്ത കഴിഞ്ഞ് വരുമ്പോള്‍ പൊട്ടി തിരിച്ചാണെത്രെ മണ്ണാന്‍ കുഞ്ഞിപ്പേരു മരിച്ചത്. കുട്ടിരായീന്‍ ഹാജിയുടെ വെറ്റിലയുമായി പോയതായിരുന്നു കുഞ്ഞിപ്പേരു. വെറ്റില വിറ്റ് സാധങ്ങളൊക്കെ വാങ്ങി എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. കോട്ടക്കല്‍ പാടം മുറിച്ച് കടന്നാല്‍ പെട്ടന്ന് വീട്ടിലെത്താം. നിറഞ്ഞ ചുരക്കൊട്ട തലയിലേക്ക് പിടിച്ച് കൊടുക്കുമ്പോ അദ്രമാന്‍ കാക്ക പറഞ്ഞിരുന്നു. ‘ഒടിയന്മാരൊക്കെ എറങ്ങുന്ന നേരം ആണ്. നോക്കീം കണ്ടും പോവണം എന്ന്.‘ പിറ്റേന്ന് മരിച്ച കുഞ്ഞിപ്പേരുനെ പാടത്തെ കിണറ്റില്‍ നിന്നാണ് കിട്ടിയത്. പൊട്ടി തിരിച്ചതാണെത്രെ. പുകയില കൂട്ടി വെറ്റില മുറുക്കിയവരെ പൊട്ടി ഒന്നും ചെയ്യില്ല. അത് കൊണ്ട് രാത്രി നടക്കുമ്പോള്‍ സംശയം തോന്നിയാല്‍ ഒരു കഷ്ണം പുകയില എടുത്ത് കൈയ്യില്‍ പിടിച്ചാല്‍ മതി.


പൊട്ടിയെ കുറിച്ച് ഉസ്താദിനോട് ചോദിച്ചിരുന്നു. എന്ത് പിശാചുക്കള്‍ ഉണ്ടെങ്കിലും ‘ആയത്തുക് കുര്‍സ്സിയ്യ്‘* ഓതി ഇറങ്ങിയാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ഉസ്താദ് പറഞ്ഞത്. ഉറക്കത്തില്‍ പേടി സ്വപ്നങ്ങള്‍ കാണാതിരിക്കാനും ‘ആയത്തുല്‍ കുര്‍സിയ്യ്‘ ഓതി ഉറങ്ങിയാല്‍ മതി ഉസ്താദ് പറഞ്ഞിരുന്നു. ഒരിക്കല്‍ പാമ്പിനെ കിനാവ് കണ്ട് കരഞ്ഞപ്പോള്‍ ഉമ്മ ആയത്തുല്‍ കുര്‍സിയ്യ് പഠിപ്പിച്ച് തന്നിരുന്നു. എല്ലാ രാത്രിയിലും ഉറങ്ങും മുമ്പേ ‘ഫാത്തിഹ‘ യും ആയത്തുല്‍ കുര്‍സിയ്യും ഓതിക്കിടന്നാല്‍ ദുസ്വപ്നങ്ങള്‍ കാണുകയില്ല.


“സൈനാബാ... റംല ഓതിയതിന്റെ ബാക്കി ഓത്...” തൊട്ടടുത്ത് നില്‍കുന്ന ഉസ്താദിന്റെ ശബ്ദം. എഴുന്നേറ്റു... മുസ്ഹഫ്* കയ്യിലെടുത്തു... റംല ഏത് വരെ ഓതി എന്ന് അറിയില്ല... ഒന്നും മിണ്ടാതെ നിന്നപ്പോള്‍ ഉസ്താദ് ഒച്ച ഉയര്‍ത്തി “അന്നോടാ പറഞ്ഞത്... വേഗം ഓത്...” രണ്ടും കല്പിച്ച് ഓത്ത് തുടങ്ങി.


“എവടെ നോക്കിയാ നീ ഇരുന്നിരുന്നത്” ഉസ്താദിന്റെ ശബ്ദം ഉയര്‍ന്നു... കൂടെ ഉയര്‍ന്ന് താണ ചൂരിവടി ശരീരത്തില്‍ ചൂടുള്ള നീറ്റലായി... അറിയാതെ കണ്ണില്‍ വെള്ളം നിറഞ്ഞു... വടി വീണ്ടും പതിഞ്ഞു... ഇത്തവണ ഒതുക്കിയ കരച്ചില്‍ അണപൊട്ടി ശബ്ദമായി ... “ഓതാനാ‍ പറഞ്ഞത്... “ ഉസ്താദിന്റെ ദേഷ്യം... “ഓതാന്‍ കഴിയാതെ കരച്ചില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുഴുശബ്ദമായപ്പോള്‍ അടിയുടെ എണ്ണവും വേഗതയും കൂടി... കൂടെ എന്റെ ശബ്ദവും.


“എന്താ ഇവടെ....” പരിചയമുള്ള ശബ്ദമാണ്... കണ്ണുയര്‍ത്തിയപ്പോള്‍ ബാപ്പ... ചെളി പറ്റിയ തോര്‍ത്താണ് വേഷം... പാടത്ത് നിന്ന് വരുന്ന വഴിയായിരിക്കും... “എടാ... “ ഉസ്താദിന്റെ കൈ ബലമായി കടന്ന് പിടിച്ചു... സഹപാഠികളൊക്കെ എഴുന്നേറ്റിട്ടുണ്ട്... “ഇജ്ജ്... ന്റെ കുട്ടിയെ... “ ശബ്ദം വിറയ്ക്കുന്നുണ്ട്... പറഞ്ഞ് വന്നത് പെട്ടന്ന് നിര്‍ത്തി ഉസ്താദിന്റെ കയ്യിലെ പിടിവിട്ടു. എന്നെ നോക്കി ‘വാ...’ എന്ന് പറഞ്ഞ് പുറത്തിറങ്ങി... മുസ്ഹഫ് എടുത്ത് ഞാനും കൂടെ ഇറങ്ങി.


മുസ്ഹഫ് : ഖുര്‍ആന്‍
കോന്തല : മുണ്ടിന്റെ അറ്റം.
അസര്‍ : സായാഹ്ന നമസ്കാരം
മഗ് രിബ് : സന്ധ്യാ നമസകാരം.
അമ്മ യത്തസാ‍അലൂന്‍ ...* : ഒരു ഖുര്‍ആന്‍ സൂക്തം.
അംസ / അയ്ന്‍ * : അറബി ഭാഷയിലെ അക്ഷരങ്ങള്‍.
“മഖ്റജ്” : അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനം.
പഠിച്ചത് ഓതുക : രാത്രിയില്‍ വീട്ടില്‍ നിന്നുള്ള വായന.
പടാപുറം : വരാന്ത
തലമ്മത്തട്ടി : കോളറ.
ചെയ്ത്താന്‍ : പിശാച്.
ആയത്തുല്‍ കുര്‍സിയ്യ് : ഒരു ഖുര്‍ആന്‍ സൂക്തം



ഭാഗം : രണ്ട്

38 comments:

Rasheed Chalil said...

ഒരു പോസ്റ്റ്...

അഗ്രജന്‍ said...

കുട്ടിക്കാലവും മദ്രസ്സാദിനങ്ങളും വിണ്ടും ഓര്‍മ്മയിലെത്തുന്നു...
പിശറന്‍ കാറ്റ് തുടര്‍ന്നു വീശട്ടെ...
വായനാസുഖമുള്ള നല്ലൊരു സൃഷ്ടിയായി ഇതുമാറട്ടെ... ആശംസകള്‍ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പിന്നല്ലാതെ, എത്ര നീളമുണ്ടായാലും പോരട്ടെ...

സുല്‍ |Sul said...

ഇനി ബാക്കിക്ക് താമസിക്കല്ലേ. പെട്ടന്നാവട്ടെ!

-സുല്‍

കാസിം തങ്ങള്‍ said...

ഒരുപാട് ഓര്‍മ്മകളിലേക്ക് വെളിച്ചം വീശുന്നു ഈ പിശറന്‍ കാറ്റ്. തുടരുക വേഗം.

Appu Adyakshari said...

ഈ ഇത്തിരിനോവല്‍ ഒത്തിരിയുള്ളൊരു നോവലായി തീരട്ടെ എന്നാശംസിക്കുന്നു..

വല്യമ്മായി said...

ലാളിത്യമാര്‍ന്ന വിവരണം ,തുടരട്ടെ :)

Anonymous said...

ബാല്യകാലത്തിലെ സ്മരണകളിലേക്കു കൂട്ടികൊണ്ടുപോകുന്ന പോസ്റ്റ്, ബാക്കി കൂടി വേഗം പോരട്ടെ.

Typist | എഴുത്തുകാരി said...

എന്താ സംശയം, തീര്‍ച്ചയായും തുടരട്ടെ.

aneezone said...

thudarnnotte..
good one. pazhaya kaalam nannayi feel cheyyunnu

കുഞ്ഞന്‍ said...

ഇത്തിരിമാഷെ..

ഈ കഥയില്‍നിന്നും ഇറങ്ങിവരാന്‍ തോന്നുന്നില്ല, അത്രക്കും സുഖം തണപ്പത്ത് കമ്പളിപുതപ്പ് കിട്ടുമ്പോലെ..

ഒരു നിര്‍ദ്ദേശം..പദങ്ങളില്‍ നക്ഷത്രചിഹ്നം കൊടുക്കുന്നതിനു പകരം ബ്രാക്കറ്റില്‍ അതിന്റെ ശരിക്കുള്ള പദം കൊടുത്തിരുന്നെങ്കില്‍ അവസാനം വരെ കാത്തിരിക്കേണ്ടല്ലൊ,അത് എന്റെ വായനാ സുഖത്തെ ബാധിക്കുന്നുണ്ട്.

thoufi | തൗഫി said...

ഓലക്കുടയും ഓത്തുപള്ളിയും
ഓര്‍മ്മയിലെ ഒറ്റയടിപ്പാതകളും
കാലത്തിന്റെ പിന്‍ താളുകളില്‍
അടയാളവാക്യമായി വീണുകിടക്കുന്ന
ഇന്നലെകളിലേക്ക്...
പത്തുനാല്‍പ്പതു വര്‍ഷം മുമ്പുവരെയുള്ള മലബാറിന്റെ ജീവിത ചരിത്രത്തിലേക്ക്...
ഒളികണ്ണെറിയുന്നു, ഈ കുറിപ്പുകള്‍

നടപ്പുകാലത്തില്‍ നിന്ന് ഭിന്നമായി
ഇന്നലെകളിലെ മനുഷ്യബന്ധത്തിന്റെ,
പരസ്പര സ്നേഹത്തിന്റെ
ഒളിമങ്ങാത്ത ചിത്രങ്ങള്‍ ഈ വരികളില്‍ തെളിഞ്ഞുകാണുന്നു.

ഓര്‍മ്മകളില്‍ പെയ്തിറങ്ങുന്ന
ഇടവപ്പാതിയോട് ഇനിയും
പറയാനുണ്ടാകും അകലെ നിന്നെത്തുന്ന
പടിഞ്ഞാറന്‍ കാറ്റിന്റെ സുഗന്ധം.

-- മിന്നാമിനുങ്ങ്

Unknown said...

theerchayayum thudaranam..
ennekkandu padikkalleeee..:)

ഇളംതെന്നല്‍.... said...

തുടരൂ‍ ഇത്തിരീ....
കാറ്റ് മഴയോടൊപ്പം :)...

വേണു venu said...

ഈ മഴ അടുത്തൊന്നും മാറും എന്ന് തോന്നുന്നില്ല.

മഴ തോരാതെ പെയ്യട്ടെ. ഇത്തിരിയുടെ ഈ എഴുത്തു വായനാ സുഖം നല്‍കുന്നു.ഈ എഴുത്തും തോരാതെ പോരട്ടെ...:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബാപ്പാന്റെ ആ‍ വരവിന് ഒരു പ്രത്യേക ഭംഗി

തുടരൂ കാലതാമസമുണ്ടാക്കാതെ

ആശംസകള്‍

ബഷീർ said...

പഴയകാല ജീവനുള്ള ജീവിതങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടം അതിന്റെ തനിമയോടെ അവതരിപ്പിച്ചിരിക്കുന്നു അതിഭാവുകത്വമില്ലാതെ. അഭിനന്ദനങ്ങള്‍.. തുടരുക.
കുഞ്ഞന്റെ അഭിപ്രായത്തില്‍ യോജിപ്പ്‌

Sathees Makkoth said...

സുഖമുള്ള വായൻ നൽകുന്ന എഴുട്ട്ത്. തീർച്ചയായും എഴുതണം.

ഇട്ടിമാളു അഗ്നിമിത്ര said...

എല്‍ പി സ്കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ്സ് ടീച്ചര്‍ വന്നില്ലെങ്കില്‍ ആ ക്ലാസ്സിലെ കുട്ടികളേ വേറേ ഏതെങ്കിലും ക്ലാസ്സില്‍ കൊണ്ടിരുത്തും.. അങ്ങിനെ ചിലപ്പോള്‍ മാപ്പിള ക്ലാസ്സ് എന്ന അറബീ പഠിപ്പിക്കുന്ന ക്ലാസ്സിലും ഇരുന്നിട്ടുണ്ട്.. അപ്പോള്‍ അവരൊന്നും മദ്രസ്സയിലെ പുസ്തകം തൊടാന്‍ സമ്മതിക്കില്ല. ആ കുട്ടികള്‍ മാത്രം എന്തിനാ രണ്ട് സ്കൂളില്‍ ദിവസവും പഠിക്കുന്നെ എന്ന എന്റെ സംശയത്തിന് അച്ഛന്‍ പറഞ്ഞ ഉത്തരം എന്നെ തൃപ്തിപ്പെടുത്താത്തതായിരുന്നു... എന്നാലും അവധിദിവസങ്ങളില്‍ ഞാന്‍ കറങ്ങിനടക്കുമ്പോള്‍ മദ്രസ്സയില്‍ അടങ്ങി ഒതുങ്ങിയിരുന്ന് ഓതുന്ന കൂട്ടുകാരെ കാണുമ്പോള്‍ ഇത്തീരി വിഷമം തോന്നും... അവര്‍ ഓതുന്നത് വഴിയില്‍ നിന്ന് കേട്ട് വലിയ ഗമയില്‍ ഞാനും പഠിച്ചെ എന്ന മട്ടില്‍ അവരോട് പോയി പറയുമ്പോള്‍ ഉച്ചാരണം തെറ്റിപോവുന്നത് കേട്ട് അവര്‍ കളിയാക്കി ചിരിക്കും.. അന്ന് അത് പള്ളിയോട് ചേര്‍ന്ന് ഒരു കൊച്ചുചായ്പ് ആയിരുന്നു.. ഇപ്പോള്‍ വലിയ കെട്ടിടം...

(അപ്പൊ എങ്ങിനെയാ .. വാരികയാണോ?)

കരീം മാഷ്‌ said...

തീര്‍ച്ചയായും തുടരട്ടെ.

yousufpa said...

കൊപ്രക്കൊതിയനായ ഞാന്‍ കൊപ്രക്കഷ്ണം കുപ്പായത്തിന്റെ കീശയിലിട്ട് മദ്രസ്സയില്‍ പോയപ്പൊ അതിന്റെ പേരും പറഞ്ഞ് അടി കിട്ടിയതെല്ലാം ഓര്‍മ്മ വന്നു ഈ പോസ്റ്റ് വായ്യിച്ചപ്പോള്‍.

സുഖമായ വായനയുടെ തുടര്‍ കഷണവും കാത്ത്...

സഞ്ചാരി said...

എനിക്കിതു വരെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത സംസ്കാരമാണിത്‌!. കൂട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌, അല്ലാതെ ഒരു വാക്കും ഒന്നും എനിക്കിതേ കുറിച്ച്‌ അറിയില്ല. അതിനായി ഏറേ വായിച്ചിട്ടുണ്ട്‌, അങ്ങനെ ഇതിനെ ഞാനറിയുമ്ന്നു!

ഏ.ആര്‍. നജീം said...

എഴുതുവാനുള്ള ആശയത്തെ പോലെ തന്നെ പ്രാധാന്യമാണല്ലൊ അത് അവതരിപ്പിക്കുന്ന ശൈലിയും. വൈക്കം മുഹമ്മദ് ബഷീറിന്റെയും MTയുടെയും ഒക്കെ ശൈലി അതല്ലെ നമ്മളെ അവരിലേക്കടുപ്പിച്ചത്...

ആദ്യ അദ്ധ്യായത്തില്‍ കഥയുടെ ഒട്ടും തന്നെ വന്നിട്ടില്ലെങ്കിലും ആ ശൈലി, അത് വായനക്കാര്‍ക്ക് ഇഷ്ടപ്പെടും എന്നതില്‍ സംശയമില്ല..

തുടരുക.. ഞങ്ങള്‍ക്ക് വേണ്ടി

പിന്നെ കുഞ്ഞന്‍ മാഷ് പറഞ്ഞത് പോലെ നക്ഷത്ര ചിഹ്നമിട്ട് ഓരോ തവണയും താഴേക്ക് പോകാന്‍ ഓണ്‍ലൈന്‍ വായനയ്ക്ക് അല്പം ബുദ്ധിമുട്ടാണ്. അത് കൊണ്ട് ബ്രാക്കറ്റില്‍കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു...

Ziya said...

ഈ തണുപ്പില്‍ ഒരു മഴക്കാല രാത്രിയിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് നന്ദി!

തെളിഞ്ഞ അവതരണം.പക്ഷേ ചിലയിടത്തൊക്കെ വായന ആയാസകരമാകുന്നു എന്ന് പറയാതെ വയ്യ.

മിത്തുകളുടെ സന്നിവേശം “സ്മാരകശിലകളെ” വെറുതേ ഓര്‍മ്മിപ്പിക്കുന്നു !

തുടര്‍ന്നെഴുത്ത് ഒരു ക്ലീഷേ ആവാതിരിക്കട്ടെ...

ആശംസകളോടെ,

മുസാഫിര്‍ said...

ഓര്‍മ്മകളുടെ മധുരനൊമ്പരക്കാറ്റ് ! ഇനിയും വീശട്ടെ.

ചില നേരത്ത്.. said...

തുടരൂ,
ഒരു ബാദ്ധ്യത പോലെയല്ലാതെ.

Nachiketh said...

പറയാന്‍ വാക്കുകളില്ല..........

Rasheed Chalil said...

ഇത് ഒരു ഗ്രാമത്തിന്റെ കഥയാണ്. അവിടെ ജിവിച്ചിരുന്നവരും ജീവിക്കുന്നവരുമായ കഥാപാത്രങ്ങളിലൂടെ കഴിഞ്ഞ കാലത്തിലേക്കുള്ള ഒരു തിരിച്ച് നടത്തം. ഗതകാലത്തിന്റെ വാറൊലകള്‍ ചികയാനുള്ള ഒരു എളിയ ശ്രമം. ഇതൊക്കെയാണ് ഇതിന്റെ ഉള്ളടക്കം ആവാ‍ന്‍ കൊതിക്കുന്നത്.


ആദ്യാഭാഗം വായിച്ച് അഭിപ്രായം അറിയിച്ച

അഗ്രജന്‍.
കുട്ടിച്ചാത്തന്‍.
സുല്‍.
കാസിം തങ്ങള്‍.
അപ്പു.
വല്യമ്മായി.
ഭദ്ര.
എഴുത്തുകാരി.
അനീസ്.
കുഞ്ഞന്‍.
മിന്നാമിനുങ്ങ്.
അഗ്നേയ.
ഇളംതെന്നല്‍.
വേണു.
പ്രിയ ഉണ്ണികൃഷ്ണന്‍.
ബഷീര്‍ വെള്ളറക്കാട്.
സതീശ് മാക്കോത്ത്.
ഇട്ടിമാളു.
കരീം മാഷ്.
യൂസുഫ്.
സഞ്ചാരി.
എ.ആര്‍ നജീം.
സിയ.
മുസാഫിര്‍.
ചിലനേരത്ത്.
Nachiketh

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Unknown said...

ഇത്തിരീ
വായിച്ചു
വല്ലാണ്ടിഷ്ടമായി...
എത്ര തിരക്കുണ്ടെങ്കിലും ഇവിടെ എന്തെങ്കിലും കുറിച്ചിടാതെ പോയാല്‍ അതു ഞാന്‍ എന്നോടു തന്നെ ചെയ്യുന്ന അനീതിയായിപ്പോകും.

ഈ പുതിയ സംരംഭത്തിനും എല്ലാവിധ ആശംസകളും നേരുന്നു...

തുടരുക, നല്ലതും ചീത്തയുമായ ഒരുപാടനുഭവങ്ങള്‍ ഓര്‍ക്കാനുള്ള ആ നല്ല കാലത്തിലേക്ക് തിരിഞ്ഞു നടക്കുമ്പോള്‍ പിന്തുടരാന്‍ ഒരു ബൂലോഗം മുഴുവന്‍ കൂടെയുണ്ടാകും.

സ്‌നേഹപൂര്‍വം പൊതുവാള്‍.

sHihab mOgraL said...

ഇത്തിരീ,
ഹൃദ്യമാണീ അവതരണം. നന്ദി....
കുട്ടിക്കാലത്തേക്ക്‌ കൊണ്ടു പോയതിന്‌,
നാട്ടിലെ മഴയുള്ള ദിവസത്തിലെ കുളിര്‍മ്മ തന്നതിന്‌,
വീടിണ്റ്റെ ഉമ്മറത്ത്‌ ഓലയില്‍ക്കൂടി വാര്‍ന്നു വീഴുന്ന വെള്ളം കൈക്കുമ്പിളിലെടുത്ത്‌ കളിക്കുമ്പോള്‍ "നോക്ക്‌, മായെണ്റ്റെ തണ്ണീല്‌ കള്‍ക്കിന്നെ...! പനി ബെരും.. ബേം ഉള്ളേക്ക്‌ പോ..." (നോക്ക്‌, മഴവെള്ളത്തില്‍ കളിക്കുന്നു..! പനി പിടിക്കും.. വേഗം അകത്ത്‌ പോ..) എന്ന ഉമ്മയുടെ ശകാരമോര്‍മ്മിപ്പിച്ചതിന്‌,
ഇന്നും ഏറെ സ്നേഹമുള്ള ഉസ്താദിനെ ഓര്‍മ്മിപ്പിച്ചതിന്ന്‌....
തുടരുക.. സധൈര്യം.

പ്രതിധ്വനി said...

മഴയാരു ,കാറ്റാരു
സൈനബയാരു

മഴത്തുള്ളി said...

ഇത്തിരീ, വൈകിയാണ് വായിച്ചത്. ചെറുപ്പകാലത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്താന്‍ സഹായിക്കുന്നു ഈ പോസ്റ്റ്. വെള്ളം കയറിക്കിടക്കുന്ന പാടം കടന്ന് സ്കൂളിലെത്തുന്ന ചെറുപ്പകാലം എന്റെ കണ്മുന്നിലെത്തി. ഓരോ വരികളും ഹൃദ്യമായിരിക്കുന്നു.

ഇത് ഇനിയും തുടരുക. ആശംസകള്‍ മാഷേ..

Rasheed Chalil said...

പൊതുവാള്‍ / ശിഹാബ് / പ്രതിധ്വനി / മഴത്തുള്ളി എല്ലാവര്‍ക്കും നന്ദി.

മാഹിഷ്മതി said...

ഇത്തിരീ....ഒത്തിരിവൈകി ഇവിടെ എത്താന്‍

ബാക്കിക്കായി കാത്തിരിക്കുന്നു

ജിപ്പൂസ് said...

വായിക്കാന്‍ വൈകി ഇത്തിരി ഇക്കാ...
പണ്ട് എല്ലാ രാത്രികളിലും ഞാന്‍ കണ്ടിരുന്നു പൊട്ടിച്ചെയ്ത്താനെ.
വല്ലുമ്മ ഉരുട്ടി തന്നിരുന്ന ചോറുരുളകള്‍ വായിലാക്കാന്‍ വിസമ്മതിക്കുമ്പോള്‍ മുറ്റത്തേക്ക് എന്നെ എടുത്തു കൊണ്ടുപോയി കാണിച്ചു തന്നിരുന്ന വായില്‍ തീയുമായി നടക്കുന്ന പൊട്ടിച്ചെയ്ത്താന്‍.

ആണ്ടുകളൊത്തിരി പിന്നിട്ടിരിക്കുന്നു.
ഇന്നു പൊട്ടിച്ചെയ്ത്താനുമില്ല പൊട്ടിയെ കാണിച്ചു തന്ന വല്ലുമ്മയുമില്ല.
കണ്ണീരിന്റെ നനവുള്ള ഓര്‍മ്മകള്‍ തന്നെ...!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഓര്‍മ്മകളുടെ പാടവരമ്പുകളിലൂടെയുള്ള ഈ തിരിഞ്ഞു നടത്തം ഹൃദ്യം.
എന്നെപ്പോലെയുള്ളവര്‍ക്ക്‌ കഥാ സന്ദര്‍ഭങ്ങളില്‍ അവനവനെത്തന്നെ കണ്ടെത്താന്‍ കഴിയുന്നു.
അതിനാല്‍ രചനയോട് ആത്മബന്ധത്തിന്റെ ഇഴയടുപ്പം..
ആകര്‍ഷകമായ ശൈലിയും.

തുടരുക… കാത്തിരിക്കുന്നു.

വേഴാമ്പല്‍ said...

ഇത്തീരി മാഷെ,
വൈകിയെത്തിയ ഈ വേഴാംബലിന്റെയും ആശംസകൽ

Unknown said...

വളരേയധികം ഇഷ്ടപ്പെട്ടു, തീര്‍ച്ചയായും തുടരട്ടെ.