Saturday, September 23, 2006

കാലത്തിന്റെ കണക്കുപുസ്തകം

ഭക്ഷണം കഴിച്ചു കൈ കഴുകുമ്പോഴാണ്‌ ഡോര്‍ബെല്‍ മുഴങ്ങിയത്‌. തിരിഞ്ഞുനോക്കിയപ്പോള്‍ ഭാര്യ ഡോര്‍ലെന്‍സിലൂടെ പുറത്തേക്ക്‌ നോക്കുന്നു. അവിടെ നിന്ന് തിരിഞ്ഞ് നടക്കവേ അവളുടെ മുഖഭാവം മനസ്സിലാക്കാന്‍ ഞാന്‍ പാടുപെട്ടു. ഭയമാണൊ അതോ സങ്കടമാണോ എന്ന് ഊഹിക്കാവത്ത ഒരു വല്ലാത്ത അവസ്ഥ. എന്തേ... ? എന്ന് നോക്കിയ എന്നെ ഒന്ന് കൂടി നനഞ്ഞ കണ്ണുകളുമായി നോക്കി അവള്‍ അകത്തേക്ക്‌ നടന്നു. ചുവരില്‍ ചാരിവെച്ചിരുന്ന വാകിംഗ്‌സ്റ്റിക്കെടുത്ത്‌ ഞാന്‍ വാതിലിനടുത്തേക്കും.


മുമ്പെങ്ങോ വെളുത്ത നിറമുണ്ടായിരുന്ന മുണ്ടും അതേ നിറമുള്ള ഭാണ്ഡവുമായി ഒരു വൃദ്ധനായിരുന്നു പുറത്ത്. എല്ലുന്തിയ നെഞ്ചും വലിഞ്ഞൊട്ടിയ വയറും മുക്കാല്‍ ഭാഗവും നരച്ച താടിയും മുടിയുമായി നില്‍ക്കുന്ന അയാളുടെ കണ്ണില്‍ കത്തിനിന്നിരുന്നത് വിശപ്പെന്ന വികാരം മാത്രമായിരുന്നു.


വീടിനകത്തേക്ക്‌ ഭക്ഷണത്തിനായി ക്ഷണിച്ചപ്പോള്‍ ഇങ്ങോട്ട്‌ തന്നാല്‍ മതി എന്ന് അയാള്‍ ഒഴിഞ്ഞുമാറി. ചോറ്‌ വിളമ്പൂ... എന്ന് വിളിച്ച്‌ പറഞ്ഞ ശേഷം കൈ കഴുകിയെത്തിയ അയാളോടൊപ്പം ഞാന്‍ അകത്തേക്ക് നടന്നു. അവള്‍ അവിടെയെങ്ങും ഉണ്ടായിരുന്നില്ല. മേശപ്പുറത്തിരുന്ന ഭക്ഷണം ഞാന്‍ തന്നെ ഭക്ഷണം വിളമ്പി. ആര്‍ത്തിയോടെ അയാള്‍ കഴിച്ചുതീര്‍ത്തു. പോകറ്റില്‍ തന്നെ ഉണ്ടായിരുന്ന അമ്പത്‌ രുപയും കൂടി നല്‍കിയപ്പോള്‍ അയാള്‍ വല്ലാത്തൊരു ചിരി ചിരിച്ച് പടിയിറങ്ങി. സ്വയം എന്തോക്കെയോ ഏന്തിയേന്തി നടന്നുനീങ്ങി.


അയാള്‍ പോയോ എന്ന ചോദ്യവുമായി അവള്‍ എത്തിയപ്പോഴേക്കും അയാള്‍ ഗേറ്റ്‌ കടന്ന് മറഞ്ഞിരുന്നു. അവളുടെ കണ്ണിരീന്റെ കാരണം അയാളുടെ പട്ടിണിക്കോലം ആണെന്ന് അറിയാമെങ്കിലും വെറുതെ ചോദിച്ചു. എന്തേ... ?

അവള്‍. അദ്ദേഹത്തെ നിങ്ങള്‍ക്ക്‌ മനസ്സിലായോ...

ഇല്ല... ഇവിടെ ആദ്യമാണെന്ന് തോന്നുന്നു, നിനക്കറിയാമോ... ?

ഉം... അതായിരുന്നു എന്റെ ആദ്യ ഭര്‍ത്താവ്‌...


ഞാന്‍ അത്ഭുതത്തോടെ അതിലേറെ ഞെട്ടലോടെ അവളെ നോക്കിനിന്നു. വൈകി തുടങ്ങിയ എന്റെ ദാമ്പത്യത്തിലേക്ക്‌ കടന്ന് വരും മുമ്പ്‌ അവള്‍ വിവാഹമോചിതയായിരുന്നു എന്നറിയാം. മൂന്ന് വര്‍ഷം നീണ്ട കുടുംബ ജീവിതം അവസാനിപ്പിക്കാനുള്ള കാരണമായി അവള്‍ പറഞ്ഞത്‌ ഗ്രാമീണയായ എനിക്ക്‌ അവരുടെ ബിസ്നസ്സ്‌ ജീവിതവുമായി പൊരുത്തപെടാന്‍ കഴിഞ്ഞില്ല. അങ്ങനെ മാന്യമായി പിരിഞ്ഞു എന്നായിരുന്നു.


എന്റെ നോട്ടത്തിലടങ്ങിയ ചോദ്യം ഊഹിച്ചാവും, അവള്‍ പറയാന്‍ തുടങ്ങി, അദ്ദേഹം അന്ന് സമ്പന്നനായിരുന്നു. അറിയപെട്ട ബിസ്‌നസ്സുകാരന്‍, മാലയാളത്തില്‍ അറിയപ്പെട്ട ഒരു ഫിലിം മേക്കര്‍. പക്ഷേ ഞങ്ങളുടെ ജീവിതം നരക തുല്ല്യമായിരുന്നു. മദ്യത്തിനൊപ്പം മറ്റു സ്ത്രീകളുമായി വീട്ടിലെത്താന്‍ തുടങ്ങിയപ്പോള്‍ പ്രതികരിച്ചു. അത് അവസാനം എന്റെ വിവാഹ മോചനത്തില്‍ കലാശിച്ചു, ഏഴ് വര്‍ഷം മുമ്പ്. അന്നും‍ ആ നാട്ടിലെ ഏറ്റവും സമ്പന്നന്‍ അദ്ദേഹമായിരുന്നു. ഇന്ന് ഇപ്പോള്‍ ഇങ്ങിനെ... ഞാനാലോചിക്കുകയായിരുന്നു. എത്രപെട്ടൊന്നാണല്ലേ...

അവളുടെ കഥപറച്ചിലിന്‌ വല്ലാത്തൊരു ഈണമുണ്ടായിരുന്നു.

ഞാന്‍ അദ്ദേഹത്തിനോടൊപ്പം ജീവിക്കാന്‍ തുടങ്ങിയ കാലം. ഞാന്‍ അദ്ദേഹത്തിന്‌ ഭക്ഷണം വിളമ്പുന്ന സമയത്താണ് ഇതുപോലെ ഒരാള്‍ വീട്ടില്‍ വന്നത്. പുറത്തെ ശബ്ദം കേട്ട്‌ നോക്കിയപ്പോള്‍ ഒരു ഒരുകാല്‍ മാത്രമുള്ള പാവം മനുഷ്യന്‍ മഴ നനഞ്ഞ് നില്‍ക്കുന്നു. ഞാന്‍ തിരിച്ചു ചെന്ന് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹവും പുറത്തേക്ക് വന്നു.

അദ്ദേഹത്തെ കണ്ടപ്പോള്‍ ആ ഭിക്ഷക്കാരന്‍ ദൈവത്തേ ഓര്‍ത്ത് വല്ലതും... രണ്ടു ദിവസമായി പട്ടിണിയിലാണ്. ഈ ഒരു കാലും വെച്ച് മീന്‍ പിടിക്കാന്‍ പോവാറുണ്ട്. പക്ഷേ നാല് ദിവസമായി തോരാത്ത മഴ.

അയാള്‍ ചോദിക്കാന്‍ പടുപെടുന്നുണ്ടായിരുന്നു. ഇങ്ങിനെ പരിചയമില്ലാത്തതിനാലാവണം.

ഇവിടെ നിങ്ങള്‍ക്ക്‌ തരാനായി ഒന്നുമില്ല. എന്നെ ഈ നിലയിലെത്തിച്ചത്‌ നിങ്ങള്‍ പറയുന്ന ദൈവമാണെങ്കില്‍ നിങ്ങളെ ഇങ്ങനെയാക്കിയതും ദൈവം തന്നെ, അതില്‍ എനിക്കെന്തുകാര്യം ... ഇതും പറഞ്ഞ്‌ പുഞ്ചിരിച്ച്‌ അദ്ദേഹം തിരിച്ച്‌ നടന്നു.

ആ മനുഷ്യന്‍ ഒന്ന് ദയനീയമായി നോക്കി ഒന്നരകാലുമായി വേച്ചുവേച്ച്‌ മഴയത്തേക്ക് ഇറങ്ങി... കാലം മാറിയതോടെ കഥയാകെ മാറി അല്ലേ ഇന്ന് അദ്ദേഹത്തിന്റെ സ്ഥിതി ...

അതു വരെ നിശ്ശബ്ദനായി കഥ കേട്ടിരുന്ന ഞാന്‍ പതുക്കേ പറഞ്ഞു. അന്ന് മനം നൊന്ത്‌ ഇറങ്ങിപ്പോയവന്‍ ഞാനായിരുന്നു.
അപ്പോഴും അത്ഭുതത്തോടെ എന്നെ നോക്കുന്ന അവളെ നോക്കി ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാന്‍ കാലില്‍ തടവി... ജയ്‌പൂര് നിര്‍മ്മിച്ച ആ ജീവനില്ലാ കാലില്‍‍.

2 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കാലം ഒരു മഹാ മാന്ത്രികന്‍ അല്ലെ????ആ കാലം തന്നെ ആന്നോ ഇന്നു ഇതു വായിക്കാനും എനിക്കു അവസരം തന്നതു....

muje said...

മറ്റുള്ള രചനകള്‍ക്ക് കണ്ണുതട്ടാതിരിക്കാനാവും അല്ലെ........?