Sunday, May 22, 2011

ചിട്ടി ആയി ഹെ... !!!

ചിട്ടി ആയി ഹെ.. ആയി ഹെ... ചിട്ടി ആയി ഹെ...
ചിട്ടി ആയി ഹെ.. ആയി ഹെ... വത്തന്‍ സെ...
ചിട്ടി ആയി ഹെ...


ഒത്തിരി നാളുകള്‍ക്ക് ശേഷം മണ്ണിന്റെ മണവുമായി കടല് താണ്ടിയെത്തിയ കത്ത് പങ്കജ് ഉഥാസ് മൂളാന്‍ തുടങ്ങുമ്പോഴാണ് ജീടാക് ‘മിന്നിത്തുടങ്ങിയത്..‘ ബ്ലോഗ് പാടെ പൂട്ടിയോ എന്ന് ...” എന്ന് സുഹൃത്ത് അന്വേഷിക്കുന്നു. മുമ്പെങ്ങോ എഴുതിവെച്ച ഈ 'കത്ത് വിശേഷം ' അപ്പോഴണ് ഓർമ്മയിൽ വന്നത്.

ഉള്ളെരിയുന്ന ഒരാളുടെ കത്തിലെ വരികളാണ് ഗായകന്റെ സ്വരം കാതില്‍ ഇഴചേര്‍ക്കുന്നത്. സാധാരണക്കാരന്റെ നിത്യജീവിതം മുതല്‍ രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാവിതന്നെ ചില കത്തുകള്‍ മാറ്റിമറിച്ചിട്ടുണ്ട്. ചക്രവര്‍ത്തി സോളമന്‍ ശേബാ രാജ്ഞിക്കയച്ച കത്ത് മുതല്‍ ഇങ്ങേയറ്റത്ത് ഇറാന്‍ പ്രസിഡന്റ് അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്ത് വരെ... സ്കൂളില്‍ അവധിയ്ക്ക് അപേക്ഷിച്ച് എഴുതുന്ന ലീവ് ലെറ്റര്‍ മുതല്‍ കഥയും കദനവും പ്രണയവും വിരഹവും വാത്സല്യവും സ്നേഹവും... എല്ലാം വിനിമയം ചെയ്യുന്ന മാധ്യമം ആയിരുന്നു കത്ത്.

ചില കത്തുകളൊക്കെ ചരിത്രത്തിന്റെ, സംസ്കാരങ്ങളുടെ സാക്ഷ്യമാണ്. അത് കൊണ്ടാണ് ക്രിസ്തുവര്‍ഷം ആറാം നൂറ്റാണ്ടില്‍ നബിതിരുമേനി അക്കാലത്തെ ഭരണാധികാരികള്‍ക്കയച്ച കത്തുകള്‍ ഇപ്പോഴും സൂക്ഷിക്കപ്പെടുന്നത്. ഗാന്ധിജിയുടെ കത്തുകള്‍ ഇപ്പോഴും വായനക്കാര്‍ക്ക് പ്രിയപ്പെട്ടവ തന്നെ... പണ്ഡിറ്റ്ജി മകള്‍ക്കയച്ച കത്തുകള്‍ പ്രസിദ്ധമാണ്.. എഴുതിയവരും വായിച്ചവരും കലയവനികയ്ക്ക് പിന്നില്‍ മറഞ്ഞാലും അവരുടെ ഓര്‍മ്മകളും ചിന്തകളുമായി കാലത്തിന്റെ തീരത്ത് നിലനില്‍ക്കുന്നവയാണ് പല കത്തുകളും... ചിലകത്തുകള്‍ അവശേഷിക്കുന്നത് മനസ്സുകളിലായിരിക്കും... മറ്റുചിലത് മാറാലപിടിച്ച തട്ടുകളിലും പൊടിപിടിച്ച ഫയലുകളിലും...

നാട്ടുമ്പുറത്ത് കൊല്ലന്തോറും നടക്കാറുള്ള പൂരത്തിന്റെ തൊട്ട് മുമ്പ് പുറത്തിറങ്ങുന്ന വെളിച്ചപ്പാടിന്റെ അരയിലെ അടയാഭരണങ്ങളുടെ കിലുക്കവും, ഉടവാളും, 'വെളിപ്പെടുന്ന' രീതിയും കുഞ്ഞുന്നാളില്‍ അത്ഭുതമായിരുന്നു. തൊട്ടടുത്തുള്ള ചീരുവിന്റെ വീട്ടിലും, പൂരത്തന് രണ്ട് ദിവസം മുമ്പ് അവരെത്താറുണ്ട്... വടിയെടുത്ത് ഉമ്മ കൂടെ ഇറങ്ങിയാല്‍ മാത്രമേ അന്ന് സ്കൂളില്‍ എത്തൂ.... അങ്ങനെ ഒരു അവധിക്ക് മൂന്നാം ക്ലാസ്സിലെ ശ്യാമളട്ടീച്ചര്‍ക്ക് എഴുതിയ ‘വയറു വേദന കാരണം ലീവ് അനുവദിക്കണം” എന്നതാണെന്ന് തോന്നുന്നു ആദ്യം എഴുതിയ കത്ത്.

ചില കത്തുകള്‍ വൈകിയാല്‍ ഉറക്കം നഷ്ടപ്പെടും... അതില്‍ ചിലപ്പോള്‍ ഉറ്റവരുടെ സുഖവിവരങ്ങളാവാം... ഇന്റര്‍വ്യൂ വോ നിയമന ഉത്തരവോ ആവാം... ഒരാളെ ഏതെങ്കിലും ഒരു തസ്തികയിലേക്കോ സഹായത്തിനോ നിര്‍ദ്ദേശിക്കുന്ന ‘റകമന്റേഷന്‍ കത്തുകള്‍..’, കൌമാര ചാപല്യത്തില്‍ ഒളിച്ചും പതുങ്ങിയും പ്രണയിനിക്ക് എത്തിക്കുന്ന ‘പ്രണയ ലേഖനങ്ങൾ‍’ എല്ലാമെല്ലാം ‘കത്തുകളുടെ, വൃത്തത്തിനകത്ത് തന്നെ. പഞ്ചായത്താപ്പീസ്, സപ്ലേ ആപ്പീസ്... തുടങ്ങി സെക്രട്ടറിയേറ്റ് വരെ നീണ്ട് കിടക്കുന്ന സര്‍ക്കാര്‍ കാര്യാലയങ്ങളിലേക്കുള്ള അപേക്ഷകളും പ്രത്യേക ഭാഷയിലും രീതിയിലും തയ്യാറാക്കുന്ന കത്തുകള്‍ തന്നെ. അതിനാൽ ഓഫീസുകള്‍ക്ക് മുമ്പില്‍ വെള്ളപ്പേപ്പറും മഷിക്കുപ്പിയും ‘ഹീറോ’ പേനയുമായി ഇരിക്കുന്ന കത്തെഴുത്ത് വിദഗ്ദര്‍ ഉണ്ടായിരുന്നു. കത്തുകളുടെ രൂപവും ഭാവവും മാറിയപ്പോള്‍ കത്തെഴുത്തുകാരും അപ്രത്യക്ഷമായിത്തുടങ്ങി.

കുട കക്ഷത്തില്‍ അമര്‍ത്തിവെച്ച് പാടവരമ്പത്തൂടെ ഓടുന്ന പഴയ അഞ്ചല്‍ക്കാരന്‍ ഏതോ സിനിമയിലെ കഥാപാത്രം മാത്രമാണ് എന്റെ തലമുറയ്ക്ക്. പ്രവാസികള്‍ ധാരാളമുള്ള നാട്ടുമ്പുറമായതിനാല്‍ കത്തുകള്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്കൂള്‍ നിന്ന് വരുമ്പോള്‍ സ്ഥിരമായി കാണുന്ന പോസ്റ്റമാനോട് ‘കത്ത് ണ്ടോ...” എന്ന് ചോദിച്ച് ചുറ്റും കൂടാറുള്ളത് ഞങ്ങളുടെ ബാല്യകാല സ്മരണയാണ്. മുനിഞ്ഞ് കത്തുന്ന വിളക്കിനരികില്‍ നിലത്ത് പാതി കിടന്ന്, നോട്ടുപുസ്തകത്തില്‍ നിന്ന് ഇളക്കിയെടുത്ത പേജില്‍ കുനുകുനാ എഴുതുന്ന ജേഷ്ടനോട് കാര്യങ്ങള്‍ കൃത്യതയുള്ള വാചകങ്ങളിലാക്കി പറഞ്ഞ് കൊടുത്ത് ഉമ്മ കത്തെഴുതിക്കുന്നതും ബാല്യകാല ഓര്‍മ്മകളിലുണ്ട്.

ഇന്ന് കത്തുകള്‍ക്ക് പകരം നില്‍ക്കുന്ന ഇ-കത്തുകള്‍ പഴയ കത്തിന്റെ ധര്‍മ്മം മുഴുവനായും നിര്‍വ്വഹിക്കുന്നില്ല എന്ന് തീര്‍ത്ത് പറയാന്‍ സാധിക്കും. പ്രവാസികളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകിയിരുന്ന കത്തുകളുടെ മഹാപ്രവാ‍ഹം നിന്നിട്ട് വര്‍ഷങ്ങളായി. വ്യക്തിഗത കത്തുകള്‍ അപൂര്‍വ്വമാണെങ്കിലും കാക്കത്തൊള്ളായിരം പ്രസ്ഥാനങ്ങളുടെ പുസ്തകങ്ങളും ബാങ്ക് കത്തുകളും ആണെത്രെ തപാല്‍ സംവിധാനത്തിന്റെ താഴേ തട്ടിനെ ജീവിപ്പിച്ച് നിര്‍ത്തുന്നത്. അത് കൊണ്ട് തന്നെ ‘അഞ്ചല്‍ക്കാരന്‘ വന്ന പരിണാമം ആവര്‍ത്തിക്കപ്പെടാം എന്നതിനപ്പുറം ‘പോസ്റ്റുമാന്‍‘ കുറ്റിയറ്റു പോവില്ലെന്ന് തോന്നുന്നു.

ഗള്‍ഫിലേക്ക് പുറപ്പെട്ട വ്യക്തി അവിടെ എത്തിയോ എന്നറിഞ്ഞിരുന്നത് ഒന്നര ആഴ്ച കഴിഞ്ഞെത്തുന്ന കത്ത് വഴിയായിരുന്നു. മരണവും ജനനവും അറിയിച്ചിരുന്നതും ഇങ്ങനെത്തന്നെ. വളരെ അത്യാവശ്യത്തിന് മാത്രം ആണ് ‘കമ്പിയടിക്കുക പതിവുണ്ടായിരുന്നത്...” അതില്‍ ഭൂരിപക്ഷവും ദുരന്ത വാര്‍ത്തകള്‍ അറിയിക്കാനായിരിക്കും. അതിനാല്‍ ‘കമ്പിയടിച്ചിരിക്കുന്നു...’ എന്നാല്‍ എന്തോ ഒരു ദുരന്തം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. നാട്ടിലെ പോസ്റ്റോഫീസില്‍ മാത്രമായിരുന്നു ഓര്‍മ്മയിലെ ആദ്യ ടെലിഫോണ്‍... പിന്നെ ചില വീടുകളില്‍ എത്തി, വൈകാതെ ഭൂരിപക്ഷം വീടുകളിലേക്കും വ്യാപിച്ചു... അങ്ങനെ കത്തിന്റെയും കമ്പിയുടെയും ജോലി ടെലിഫോണ്‍ ഏറ്റെടുത്തു. ഇന്ന് വാത്സല്യത്തിനും പ്രണയത്തിനും സ്നേഹത്തിനും സൌഹൃദത്തിനും ഇടയിലെ കണ്ണിയാവാന്‍ മിക്കവര്‍ക്കും സ്വന്തം പോക്കറ്റില്‍ മൊബൈയില്‍ ആയി... വ്യക്തിബന്ധങ്ങളുടെ വിളക്കിച്ചേര്‍ക്കലിന് അനിവാര്യമായ ആശയവിനിമയത്തിന്റെ സാധ്യത മൊബൈയ് ല്‍ രൂപത്തില്‍ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നത് കൊണ്ടാവാം... ഇന്ന് ബന്ധങ്ങള്‍ക്കിടയിലെ വിള്ളലുകളുടെ അകലം ദിനേന വര്‍ദ്ധിക്കുന്നത്.

കാതോരത്ത് പങ്കജ്ഉഥാസ് ആ കത്ത് തുറന്നു. വേദന കലര്‍ന്ന സ്വരം നീറ്റലായി ഉള്ളിലുള്ളപ്പോഴും എവിടെയോ വെച്ച് നഷ്ടമായ കത്തെഴുത്തിനെ ഞാന്‍ ഓര്‍ത്തു... കൂടെ നിറയെ വിശേഷങ്ങളും നാടിന്റെ മണവുമായി എന്നെ മാത്രം തേടിയെത്തുന്ന പേജുകളെയും...

അദ്ദേഹത്തിന്റെ സ്വരം കത്തു വായിച്ചു തുടങ്ങി. അത് എഴുതിയ കൈകള്‍ വിറച്ചിരിക്കണം... ആ കണ്ണ് നിറഞ്ഞിരിക്കണം... നാടും വീടും ഉപേക്ഷിച്ച്, ഉറ്റവരുടെ നിറകണ്ണുകള്‍ അവഗണിച്ച് പടിയിറങ്ങിയ മകനെ ഓര്‍ത്ത് പാടകെട്ടിയ കണ്ണുകളുമായി തേങ്ങുന്ന പിതാവ് അമർത്തി എഴുതിയ വാക്കുകൾ അകത്ത് വേലിയേറ്റം സൃഷ്ടിക്കുന്നുണ്ട്. മകന്റെ അസാന്നിധ്യം ശൂന്യമാക്കിയ തെരുവുകളും, വർണ്ണരഹിതമായ പൂന്തോട്ടവും, നിറം മങ്ങിയ ഉത്സവങ്ങളും എല്ലാം ‘കോലായില്‍ മകനേയും നോക്കിയിരിക്കുന്ന വൃദ്ധനയനങ്ങള്‍‘ വരച്ചിടുന്നുണ്ട്... പുഞ്ചിരിക്കേണ്ട പൂക്കള്‍ പോലും മുള്ള് പോലെ ഹൃദയം കീറി മുറിക്കുമ്പോഴും ‘നീ മറന്നാലും ഞങ്ങള്‍ക്ക് നിന്നെ മറക്കാന്‍ കഴിയില്ലെന്ന്...” അദ്ദേഹം തേങ്ങുന്നു. മുമ്പൊരിക്കല്‍ മകന്‍ അയച്ച കത്തും അത് മനസ്സില്‍ സൃഷ്ടിച്ച വിചാരവികാരങ്ങളും പിന്നീട് അത് ലഭിക്കാതായതോടെ വിനഷ്ടമായ സന്തോഷവും വീട്ടിലെ പ്രശ്നങ്ങളും എല്ലമെല്ലാം... ആ പിതാവിന്റെ തപിക്കുന്ന ഹൃദയം ചെവിയില്‍ തേങ്ങുന്നു... എല്ലാം ഉപേക്ഷിച്ച് പ്രവാസിയായ മകനെ ‘ഒരു നേരത്തെ അന്നം ഇവിടെയുണ്ട്... ആ പക്ഷിക്കൂട് ഉപേക്ഷിച്ച് തിരിച്ച് വരൂ...” എന്ന്‍ തിരിച്ച് വിളിക്കുന്ന നിലവിളി മനസ്സില്‍ ചൂടുള്ള ദുഃഖം കോരിയൊഴിച്ചു. ‘വിന്‍ആംബ്‘ ക്ലോസ് ചെയ്ത് നോട്ട്പാട് തുറന്ന് എന്തെഴുതും എന്ന് ചിന്തിച്ചിരിക്കുമ്പോഴും ആ ഗസലിന്റെ നീറ്റല്‍ ഇറങ്ങിയിരുന്നില്ല.

വാല്‍കഷ്ണം :
ആറാം ക്ലാസില്‍ വെച്ച് ‘ഭാവിയില്‍ ആരായിത്തീരാനാണ് ആഗ്രഹം... ?’ എന്ന ചോദ്യത്തിന് “പോസ്റ്റുമാന്‍..” എന്ന് ഉത്തരം പറഞ്ഞ ഒരു സഹപാഠി ഉണ്ടായിരുന്നു. “എങ്കിൽ എല്ലാവരെയും പരിചയപ്പെടാം... ” എന്നായിരുന്നു അന്ന് അതിന് കാരണമായി പറഞ്ഞത്. ഇന്നാണ് ആ ചോദ്യമെങ്കിൽ ‘ആരും ഡിസ്റ്റേര്‍ബ് ചെയ്യാത്ത മുറിയും ഒരു കമ്പ്യൂട്ടറും...” എന്ന് ഉത്തരം പറയും എന്ന് അതേ സഹപാഠി ഈയിടെ കണ്ടപ്പോള്‍ പറഞ്ഞു.

12 comments:

Rasheed Chalil said...

വെറുതെ...

സുല്‍ |Sul said...

അതെ എല്ലാം വെറുതെ.

7ജിബി നിറച്ചും കത്തുകളുമായി ഒരു ജിമെയിൽ ഐഡിയണ് ഇപ്പോൾ സ്വന്തം.

-സുൽ

പകല്‍കിനാവന്‍ | daYdreaMer said...

അതെ എല്ലാം എല്ലാം വെറുതെ ....
കുറെ നാള്‍ കഴിഞ്ഞു നമ്മള്‍ 'ഇ മെയില്‍' നെ പറ്റിയും മൊബൈല്‍ നെ കുറിച്ചും ഇങ്ങനെ എഴുതും !

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അതെ, കത്തുകൾ കഥയായി മാറി.
മുമ്പ് അരുമയോടെ കത്തുകൾ വായിച്ചതിന്റെ ഓർമ്മ ഇന്നു മനസ്സിന്റെ വ്യഥയായ് മാറി.

രചന “വെറുതെ” ആയില്ല കേട്ടോ.
നല്ല വായന നൽകി.

ഷമീര്‍ തളിക്കുളം said...

ഞങ്ങളുടെ ഈ കാലത്തില്‍ കത്തിന് സംഭവിച്ച വംശനാശം തീരാ നഷ്ട്ടമായി തോന്നിപോകുന്ന വിവരണം.

മുസ്തഫ|musthapha said...

മാറ്റങ്ങൾ... അതിങ്ങനെ തുടർന്ന് കൊണ്ടിരിക്കും ജനാബ് ഇത്തിരിവെട്ടം റഷീദ് സാഹിബേ :)

മുൻപൊക്കെ ബസ്സിൽ കയറിയാൽ അടുത്തിരിക്കുന്ന ആളെ നമ്മൾ പരിചയപ്പെട്ടിരിക്കും... ഇപ്പോഴങ്ങനെ ഒരു ബുദ്ധിമുട്ടില്ല... സീറ്റിലിരുന്ന പാടെ ചെവിയിൽ വെക്കാൻ ഹെഡ് സെറ്റുണ്ടല്ലോ :)

പട്ടേപ്പാടം റാംജി said...

കത്തിനകത്തെ കാര്യങ്ങള്‍ നഷ്ടപ്പെട്ട ഒരു നല്ല ഭാവത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി. തിരക്കൊറെയുള്ള മാറ്റങ്ങലല്‍‍ക്കിടയില്‍ മുങ്ങിപ്പോകുന്ന ചില നല്ല ശീലങ്ങള്‍ ഒരു നഷ്ടബോധം അറിയാതെ മനസ്സില്‍ പരത്തും.
വെറുതെ ആയില്ല.

yousufpa said...

എഴുത്ത് തികച്ചും കാലീകം.
എന്റെ പ്രവാസജീവിതാവസാനം വരേയും എന്റെ സഹധർമ്മിണി എഴുത്തുകൽ എഴുതിയിരുന്നു.അവൾ നാലു പേജിന്റെ അകവും പുരവും അരികും നിരയെ എഴുതി നിറം പിടിപ്പിക്കുമ്പോൾ ഒരു നോവൽ വായിച്ച സുഖം ലഭിച്ചിരുന്നു. അതിനു മറുപടിയായി ഞാനെഴുത്യിരുന്നത് ആറ്റിക്കുറുക്കി ഞാനെഴുതിയിരുന്നത് അരപ്പേജ് മുതൽ ഒരു പേജ് വരെ.

അതുല്യ said...

പത്ത് മുപ്പത് കൊല്ലങ്ങള്‍ക്കപ്പുറത്ത് മൂത്ത സഹോദരന്‍ സൌദിയ്ക്ക് പോയപ്പ്പോള്‍, വെള്ളിയാശ്ച എപ്പോഴോ വരുന്ന ട്രങ്കോളിനായി പോസ്റ്റോപ്പീസില്‍ ഞാനും അങ്ങേരുടേ ഭാര്യയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ കാത്തിരുന്നത് ഓര്‍മ്മ വന്നു. ഇപ്പോ കമ്മ്യൂണിക്കേഷന്‍ ഈസി ആയത് കൊണ്ട് ബന്ധങ്ങളുടേ ചങ്ങലക്കണ്ണികളും ഈസിയായിട്ട് തന്നെ പൊട്ടി മാറുന്നു, ഒന്നിനും കാത്തിരുപ്പ് ഒരു ഹീലറ് ആവുന്നിലല്ലോ.

shams said...

അതെ ഇത്തിരീ..
ഉറ്റവരുടെ വിവരങ്ങളറിയാന്‍, കത്തുകള്‍ക്ക് വേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരുന്നൊരു കാലമുണ്ടായിരുന്നു. ഇനിയെന്തെല്ലാം മാറ്റങ്ങള്‍?

ചന്ദ്രകാന്തം said...

എന്തും എളുപ്പം നേടാനാവുന്നു എന്നാവുമ്പോള്‍ മതിപ്പ്‌ കുറയും, മാറ്റ്‌ കുറയും. ജീവിതത്തിന്റെ വേഗത കൂടുന്തോറും പല കാര്യങ്ങളിലും ഇതാവര്‍ത്തിയ്ക്കപ്പെടും.
(കാത്തുകാത്തിരുന്ന്‌ കിട്ടുന്ന ഒരു കത്തിന്റെ വിലയും വീര്യവും അറിയാന്‍ പുതുതലമുറയ്ക്ക്‌ ഇനി അവസരങ്ങളില്ലല്ലോ.)

ഷബീര്‍ - തിരിച്ചിലാന്‍ said...

പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ ആ പാട്ട് ഒന്നുകൂടെ കേള്‍ക്കാന്‍ തോന്നി.. കേട്ടു.
നമ്മുടെ വികാരങ്ങള്‍ പകര്‍ത്താന്‍ ഒരു പേനയ്ക്കും, തുണ്ട് കടലാസിനും ആവും എന്നത് അതിശയമാണ്. വരികളില്‍ ഉണ്ടായിരുന്ന സ്നേഹത്തിന്റെ ആ തീവ്രത മൊബൈലിനോ, ഇ-മെയിലുകള്‍ക്കോ ഒരിക്കലും നല്‍കാനാവില്ല.
വെറുതേ ആയില്ല എന്നുതന്നെയാണ് എന്റേയും അഭിപ്രായം.