Monday, May 30, 2011

മൂന്ന് തരം (ഭ്രാന്തുകള്‍)

വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ( :) ) ബ്ലോഗില്‍ കുറിച്ചുവച്ചിരുന്ന വട്ടുകളില്‍ ചിലത് ഇങ്ങോട്ട് പറിച്ച് നട്ടതാണ്

1. പ്ലസ് ബി

കടുംനിറമുള്ള കാര്‍പ്പെറ്റ് തന്നെ സംഘടിപ്പിക്കാനും... അതേ നിറത്തിലുള്ള മേശയും മേശവിരിയും കസേരകളും ഒരുക്കാനും ഒതുക്കാനുമായി ഓഫീസ് സെക്രട്ടറി ഓടിനടന്നു... വാടകക്കാരന്‍ നീലനിറത്തിലുള്ള കസേരകളുമായെത്തിയപ്പോള്‍ അയാള്‍ കയര്‍ത്തു... നിറം മങ്ങിയിരുന്ന ജനല്‍ കര്‍ട്ടണുകള്‍ മാറ്റി... ഇളം നിറത്തിലുള്ളവ തൂക്കി. കോണിപ്പടി മിനുക്കി... പുത്തന്‍ നിറത്തില്‍ ഫൈബര്‍ കസേരകള്‍ വിപ്ലവത്തിനായി കാത്തു കിടന്നു. അവസാന മിനുക്കുപണികള്‍ക്കിടയിലാണ് മീറ്റിംഗിന് വേണ്ട് ബ്രോഡ് ബാന്റ് കണക്ഷന്‍ തയ്യാറാക്കിയത്.

വിശാലമായ മേശയ്ക്ക് ചുറ്റും ഇരുന്നവരില്‍ നിന്ന് സംസാരത്തിന്റെ ചരട് ഏറ്റെടുക്കും മുമ്പ്, ഗ്ലാസില്‍ നുരഞ്ഞുയരുന്ന കറുത്ത ദ്രാവകം കൈവിരല്‍ മുക്കി തണുത്തതാണോ എന്ന് പരിശോധിച്ച് ഒരാള്‍ ശബ്ദമുയര്‍ത്തി...

“ഈ പെപ്സിയെന്തേ തണുപ്പിക്കാഞ്ഞത്...”
“ഇവിടെ ഫ്രിഡ്ജിന് എന്തോ പ്രോബ്ലം ഉണ്ട്... “
“ഇത് ഇന്ന് വാങ്ങിച്ചതല്ലേ... അതോ പഴയ സ്റ്റോക്കാണോ”
“ഇത് പുതുപുത്തന്‍ തന്നെ... പക്ഷേ കവലയിലെ പെട്ടിക്കടയില്‍ നിന്നാ വാങ്ങിച്ചത്... അവിടെ ചിലപ്പോള്‍ കുറച്ച് ദിവസം മുമ്പ് വന്നതായിരിക്കും... ലോഡ് ഷെഡിംഗ് ഇപ്പോള്‍ തീര്‍ന്നതല്ലേ ഉള്ളു.. അതാവും തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള ചുവട് മാറ്റം.“

കറുപ്പ് മുടിയില്‍ ആക്രമിച്ചെത്തിയ വെളുപ്പില്‍ അഭിമാനിക്കുന്ന അംഗത്തിന്റെ മുഴുശ്രദ്ധയും ലാപ് ടോപ്പിലെ മിന്നി മറയുന്ന സ്ക്രീനിലായിരുന്നു. അയാളുടെ പരുക്കന്‍ വിരലുകള്‍ വെളുത്ത അക്കങ്ങളും ചിഹ്നങ്ങളും തലോടി. ഇടയ്ക്കിടെ കൂട്ടിയും കിഴിച്ചും പണപ്പെരുപ്പത്തില്‍ ആധി പ്രകടിപ്പിച്ചു. “നീ എപ്പ വരും...” സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മകനെ മൊബൈലില്‍ ലാളിക്കുന്ന നേതാവിന്റെ മുഖത്ത് ശ്രദ്ധയേക്കാള്‍ സൂക്ഷ്മതയായിരുന്നു. “ഇനി പരസ്പരം കണ്ട് സംസാരിക്കാനും കഴിയുമെത്രെ..” മറ്റുള്ളവരുടെ അസഹ്യത വകവെക്കാതെ അയാള്‍ സംസാരിച്ച് കൊണ്ടിരുന്നു.

അതിക്രമിച്ചെത്തുന്ന മുതലാളിത്വവും ആഗോളവത്കരണവുമായിരുന്നു അജണ്ട... ചര്‍ച്ചയ്ക്കിടയില്‍ വീണുടഞ്ഞ ഗ്ലാസിന്റെ കഷ്ണം ചവിട്ടയരച്ച് ചില കാലുകള്‍ സാമ്രാജ്യത്വത്തോട് അമര്‍ഷം തീര്‍ത്തു. കത്തികയറിയ പ്രസംഗങ്ങള്‍ക്കും പത്രസമ്മേളത്തിനും അവസാനം എല്ലാവരും പിരിഞ്ഞപ്പോള്‍ ... കടും മേശയ്ക്ക് താഴെ, സിഗരറ്റ് കുറ്റികള്‍ക്ക് നടുവില്‍ ഒരു ബീഡികെട്ട് കിടന്നു... നിഷ്കളങ്കമായി...2. ഭ്രമണം

മേശപ്പുറത്തെ എലി ചലിക്കാന്‍ തുടങ്ങി. കീബോര്‍ഡിന്റെ ടാബ്‌ കീ യോടൊപ്പം ആള്‍ട്ട്‌ കീയും ചേര്‍ന്ന് വീടുകളും ജനാലകളും മാറ്റികൊണ്ടിരുന്നു. സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങള്‍ വരകള്‍ വാക്കുകള്‍ ശബ്ദവീചികള്‍ എല്ലാറ്റിന്റേയും സ്രോതസ്സ്‌ തേടി അയാള്‍ അലയാന്‍ തുടങ്ങി.

ഉയര്‍ന്ന് താഴുന്ന അയാളുടെ വിരല്‍ തുമ്പുകളില്‍ സംസ്കാരങ്ങള്‍ ജനിച്ചു മരിച്ചു. മോണിറ്ററില്‍ പായുന്ന കര്‍‍സര്‍ അയാള്‍ക്ക്‌ പ്രചോദനത്തിന്റെ ഊര്‍ജ്ജം നല്‍കി. അവളില്‍ കുരുങ്ങിയ അക്ഷരങ്ങള്‍ക്കായി അയാളുടെ കൈവിരലുകള്‍ കീ ബോര്‍ഡില്‍ പതിഞ്ഞ്‌ കൊണ്ടിരുന്നു. ആ നീല ഷേഡുള്ള കണ്ണുകളുടെ സ്നേഹത്തിനായി അയാള്‍ കാത്തിരുന്നു...

പരന്ന് കിടക്കുന്ന സ്വപ്നങ്ങള്‍ക്ക്‌ മുമ്പില്‍ ചുരുട്ടി വലിച്ചെറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ മുകളില്‍ കറങ്ങുന്ന കസേരയിലുരുന്ന് ആയാള്‍ ചുരുട്ട്‌ കത്തിച്ചു... സ്വപ്നങ്ങള്‍ ചുരുളുകളായി... മോഹങ്ങള്‍ ചാരമായി... അയാള്‍ ദീര്‍ഘനിശ്വാസത്തിലൊതുങ്ങി... കസേര കറങ്ങി കൊണ്ടേയിരുന്നു.3. വിപ്ലവം...

കലപ്പയില്‍ പുരണ്ട ഭൂരക്തത്തെ കഴുകാനാവാതെ അറച്ച് നിന്ന യജമാനന്റെ നിസ്സഹായത ഞാനറിയുന്നു‍... വരണ്ട പുഴകളും നിറഞ്ഞ വയറുകളും കാലം തെറ്റിയെത്തുന്ന പേമാരിയും പരിഹാസത്തിന് പുതിയ വാക്യങ്ങള്‍ സൃഷ്ടിക്കുന്നു. ചിന്തകളുടെ കൂര്‍ത്തമുന ആക്രമിക്കുമ്പോഴും സഹപ്രവര്‍ത്തകന്റെ നിസംഗത നോക്കി നില്‍ക്കാനാണ് മനസ്സ് വന്നത്.

കാര്‍വര്‍ണ്ണത്തില്‍ തീര്‍ത്ത കടുത്ത ശരീരത്തിലെ അദൃശ്യ ബിന്ദുവില്‍ നിന്ന് ഉണരുന്ന നവ ചിന്തയുടെ അനുരണങ്ങള്‍ അടിമയാണെന്ന ബോധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നത് തന്നെ. ചിന്തയിലെ ഈ വിപ്ലവമാണൊ അതോ അടിമുടി ആശ്ലേഷിച്ച അടിമത്തമാണൊ അടിസ്ഥാന പ്രശ്നം... തലപുകയുന്ന വിഷയം ...

“നടക്ക് പോത്തെ...’ എന്ന ശാസനയോടോപ്പം യജമാനന്റെ കൈയ്യിലെ വടി ഉയര്‍ന്ന് തഴ്ന്നു... തൊലിക്കട്ടിയെ ജയിച്ചെത്തിയ വേദന, ചിന്തയുടെ വാത്മീകത്തില്‍ നിന്നുണര്‍ന്ന് നടക്കാന്‍ പ്രേരിപ്പിച്ചു... അപ്പോഴും വിപ്ലവത്തിന്റെ കടക്കല്‍ കത്തിവെച്ച യജമാനന്‍ എന്ന മൂരാച്ചി പിന്നില്‍ നടക്കുന്നുണ്ടായിരുന്നു...

6 comments:

Rasheed Chalil said...

തല്ലണ്ട... ഒന്ന് വിരട്ടി വിട്ടാല്‍ മതിയാവും. :)

പകല്‍കിനാവന്‍ | daYdreaMer said...

തല്കാലത്തേക്ക് വിട്ടിരിക്കുന്നു. :)

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...........

പട്ടേപ്പാടം റാംജി said...

നടക്കു പോത്തേ....
ചിന്തിക്കാനുള്ള ചില ചിന്തകള്‍ സമ്മാനിച്ചു.

ഷമീര്‍ തളിക്കുളം said...

വിജയത്തിന്റെ മൂന്നു വഴികള്‍...!

ഷബീര്‍ - തിരിച്ചിലാന്‍ said...

ഞാനും തല്കാലത്തേക്ക് വിട്ടിരിക്കുന്നു... :D