Wednesday, June 28, 2017

3. കൂടൊരുക്കം.

ഭാഗം : മൂന്ന്.

ഈര്‍പ്പം കാരണം അടുപ്പില്‍ ഒതുക്കിവെച്ച ചുള്ളല്‍ പുകയുന്നേ ഉള്ളൂ. ഉണങ്ങിയ കൊതുമ്പിന്റെ ചീന്ത് കൊണ്ട് അടുപ്പിനകം ഇളക്കി, ഉയരുന്ന പുക വകവെക്കാതെ ഊതിത്തുടങ്ങിയപ്പോള്‍ കൊതുമ്പ് കത്തിത്തുടങ്ങി. അടുപ്പിന്‍കണ്ണിയില്‍ (അടുപ്പിന്‍ തിണ്ണ) ഇപ്പോഴും ഇറ്റുന്ന വെള്ളത്തുള്ളികള്‍ക്ക് വേണ്ടി മണ്‍ചട്ടി ഒന്ന് കൂടി നീക്കിവെച്ചു. പെയ്തൊഴിയാത്ത മഴയില്‍ അകം മുഴുവന്‍ നനഞ്ഞിരിക്കുന്നു. ഒരാഴ്ച മുമ്പ് തേച്ചെടുത്ത നിലവും ചുമരും ഒറ്റദിവസം കൊണ്ട് പഴകി. പാടത്തെ പണിയുടെ തിരക്കിനിടയില്‍ ‘ഇപ്പോള്‍ തേക്കാന്‍ നിക്കണ്ട‘ എന്ന് ബാപ്പ പലവട്ടം പറഞ്ഞതാണ്.

ആയിശ്ശാത്താന്റെ കൂടെ പോയി കൊഴിച്ചെടുത്ത കല്‍പ്പൂഴിയില്‍ കുറച്ച് ബാക്കിയുണ്ടായിരുന്നു. അവര് പോകാന്‍ ഇറങ്ങിയപ്പോള്‍ പതിവ് തെറ്റിച്ചില്ല “ആമിന്വോ... ഇന്ന് എതോ പൂരം ആയതോണ്ട് കല്ല് വെട്ട് കാര് ആരും ഇല്ല്യാന്ന് കേട്ടു... ഇജ്ജ് കല്‍പ്പൂയി കൊയിക്കാന് പോരണോ വട്ടപ്പറമ്പ്ക്ക്...” വട്ടപ്പറമ്പിലെ കല്‍പ്പൂഴിക്ക് നല്ല ചുവപ്പ് നിറമാണ്. വെട്ടിവെച്ച ചെങ്കല്ലുകള്‍ക്കിടയില്‍ നിന്ന് ചരല്‍ വാരി, ഇഴയകലമുള്ള പഴയ തോര്‍ത്തിലൂടെ കൊഴിച്ചെടുക്കണം. ഒരു ദിവസത്തെ മെനക്കേടുള്ള പണിയാണ്, എന്നാലും മക്കളെ വീടേല്‍പ്പിച്ച് കുട്ടയുമെടുത്ത് അവരോടോപ്പം കൂടി. തിരിച്ചെത്തിയപ്പോള്‍ ഉച്ചതിരിഞ്ഞിരുന്നു.

താഴത്തീലെ പൂളമരത്തിന്റെ തോലും ഇലയും ഇടിച്ച് കൊഴുപ്പാക്കി അതില്‍ കല്‍പ്പൂഴി കലക്കി അകവും പുറവും ചുമരുകള്‍ തേച്ച് തീര്‍ത്തു. കയ്യെടുക്കും മുമ്പ് ചുമരില്‍ എഴുതാന്‍ വന്ന അബുവിന് ഈര്‍ക്കില്‍ കൊണ്ട് ഒന്ന് കിട്ടുകയും ചെയ്തു. പിറ്റേന്ന് ഉണങ്ങിയ ചകിരിയും കവുങ്ങിന്‍ പട്ടയും കരിച്ച്, കൊഴുപ്പ് കൂട്ടി ഇടിച്ചെടുത്തപ്പോഴേക്ക് ഉച്ചതിരിഞ്ഞിരുന്നു. അകം തേച്ച് ഒഴിഞ്ഞപ്പോഴേക്ക് മഗ് രിബ് ബാങ്കും കൊടുത്തു. പുറത്തെ ചുമര് പിറ്റേന്നാണ് മുഴുവനാക്കിയത്.

പുര കെട്ടിമേഞ്ഞ് കഴിഞ്ഞ് ആദ്യമായാണ് ഇത്രയും വലിയ മഴ പെയ്യുന്നത്. അല്ലെങ്കിലും പുതുമഴക്ക് ഒരു ചോര്‍ച്ച പതിവുള്ളതാണ്. ഏതായാലും കുറച്ച് കഴിഞ്ഞ് കൊട്ടപ്പാള (ഉണങ്ങിയ പാള) മുറിച്ച് ചോര്‍ച്ചയടക്കണം. പുര നില്‍ക്കുന്ന തോട്ടത്തില്‍ തെങ്ങുകള്‍ അധികം ഇല്ല. പിന്നെ വടക്കേ വളപ്പില്‍ നിന്നാണ് കുറച്ച് ഓല ബാക്കിയായി കിട്ടുക. മേയാന്‍ അത് മതിയാവുകയുമില്ല. ഇപ്രാവശ്യവും പീടികത്തോടീന്ന് നൂറ് മടല് ഓലകൂടി വാങ്ങേണ്ടി വന്നു. വൈകീട്ട് വെള്ളം കുടഞ്ഞിട്ട് പിറ്റേന്ന് വെയില് മൂക്കുമ്പോഴേക്ക് പത്ത് മടല് മൊടഞ്ഞിടും. എന്നിട്ടും തികയാത്ത സ്ഥലത്തേക്ക് പഴയ ഓലയില്‍ കേടുപാട് പറ്റാത്തവ മാറ്റിവെച്ചു. മേയാനായി വേനലില്‍ തന്നെ അഞ്ചൂറ് കന്ന് പുല്ല് അവറാന്‍ കാക്കാന്റെ പറമ്പില്‍ നിന്ന് പറിച്ചിരുന്നു.

എല്ലാം ശരിയാക്കി വച്ചിട്ടും പുരക്കെട്ടാന്‍ കിട്ടിണ്ണിയെ ഓല് (ഭര്‍ത്താവിനെ കുറിച്ച് പറയുമ്പോള്‍ സ്ത്രീകള്‍ ബഹുമാനത്തോടെ ഉപയോഗിക്കാറുള്ള പദം. അവര്‍ എന്നതിന്റെ മലബാര്‍ രീതി) പലവട്ടം തിരഞ്ഞ് പോയ ശേഷമാണ് പച്ചോല വെട്ടാന്‍ പറഞ്ഞത്. അന്ന് തന്നെ കറപ്പനെ കൊണ്ട് മൂന്ന് ഓല വെട്ടിച്ചു. രാവിലെ ചമ്മല്‍ കത്തിച്ച് വാട്ടിയെടുത്ത ഓലക്കൊടി അറ്റം കൂര്‍പ്പിച്ച് മുറിച്ചെടുത്ത് കെട്ടാക്കി തീര്‍ന്നപ്പോഴേക്കും കിട്ടുണ്ണി എത്തിയിരുന്നു. വന്നപാട് പഴയ ഓലയും പുല്ലും പോളിച്ചെടുക്കാന്‍ വേണ്ടി പുരപ്പുറത്ത് കേറി. അത് തീര്‍ത്ത് താഴെ ഇറങ്ങിയപ്പോള്‍ കഞ്ഞിയും കൂട്ടാനും തയ്യാറായിരുന്നു. പിന്നെ കെട്ടി ഉറപ്പിക്കാന്‍ തയ്യാറാക്കിയ പച്ചോലക്കൊടി കെട്ടുമായി വീണ്ടും കയറി. ഓല കെട്ടി, പുല്ല് മേഞ്ഞ്, അത് പറന്ന് പോവാതിരിക്കാന്‍ വാറ് കോല് വെക്കുമ്പോഴാണ് മഗ് രിബ് ബാങ്ക് കൊടുത്തത്.

“ആമിന്വോ... “ ബാപ്പ വിളിക്കുന്നുണ്ട്.
“ന്തേ...”
“കഞ്ഞി ആയിലെടീ ‍... ഖാദറ് പാടത്ത്ന്ന് വാന്നിട്ട്ണ്ട്.” ബാപ്പാന്റെ ശബ്ദമാണ്.

“ഇപ്പോ ആവും... നോക്കട്ടേ...”

“ഇഞ്ഞ് ഇന്ന് പാട്ത്ത് പോവാന്‍ പറ്റൂല്ല. മയ മാറുംന്ന് തോന്ന്ണ് ല്യാ..” ഓല് ബാപ്പാനോട് വിശദീകരിച്ച് തുടങ്ങി. തള്ള കയ്‌ല് കൊണ്ട് കഞ്ഞിപ്പാത്രം ഒന്നിളക്കി വേവ് നോക്കി. ഒന്നുകൂടെ തളക്കേണ്ടി വരും. റേഷന്‍ പീട്യേലെ അരിയാണ്. ഉരി അരിയിട്ടാല്‍ എല്ലാവര്‍ക്കും വയര്‍ നിറയില്ലങ്കിലും കഷ്ടിച്ച് വിശപ്പടങ്ങും. തല്‍കാലം ചക്കകുരുവും താളും കൊണ്ട് കൂട്ടാനുണ്ടാക്കാം... അരിവാളുമെടുത്ത് തോട്ടത്തിലേക്കിറങ്ങി.

ചേമ്പിന്‍ തണ്ട് മുറച്ചെടുക്കുമ്പോഴാണ് പഴുത്ത ചേമ്പിന്‍ കുല കാണുന്നത്. സൈനൂന്റെ പ്രായത്തില്‍ വല്യ ഇഷ്ടായിരുന്നു. നല്ലോണം പഴുത്തിട്ടില്ലെങ്കില്‍ ചൊറിയും. കുട്ടിക്കാലത്ത് പനച്ചത്തി ഇലയും പുളിയും ആയിരുന്നു ഏറ്റവും ഇഷ്ടം. പെരീന്ന് (വീട്ടില്‍ നിന്ന്) ഉമ്മകാണാതെ പൊടിയണ്ണി ഇലയില്‍ പൊതിഞ്ഞെടുക്കുന്ന ഉപ്പും കൂട്ടി പനച്ചത്തി ഇല പലവട്ടം തിന്നിട്ടുണ്ട്. മാങ്ങയണ്ടി മുട്ടിപ്പൊളിച്ചത് എപ്പോഴും കോന്തല കെട്ടില്‍ ഉണ്ടാവും. പഴുത്ത ചേമ്പിന്‍ കുല മുറിച്ചെടുക്കുമ്പോഴാണ് സൈനു ഓടിവന്നത്.

“ഓത്ത് പള്ളി വിടാന്‍ നേരം ആയിട്ടില്ലല്ലോ... പിന്നെന്താന്ന്.” എന്റെ ചോദ്യത്തിന് കഥകളൊക്കെ അവള് പറഞ്ഞു. വെളുത്ത കൈകളില്‍ ചുവന്ന് തിണര്‍ത്ത് കിടക്കുന്നു. “ സാരല്യാ... ഞാന്‍ വന്നിട്ട് വെളിച്ചണ്ണ പെരട്ടിത്തരാം... ഇപ്പോ വല്ലിപ്പാന്റെ അട്ത്ത്ക്ക് പെയ്ക്കോ...” അവള്‍ ഓടിപ്പോയി. ഓത്ത്പള്ളിയിലിരുന്ന് സ്വപ്നം കണ്ടിരുന്ന എന്റെ സ്വഭാവം തന്നെയാണ് സൈനൂന്‍. അവളുടെ പ്രായത്തില്‍ നന്നയി അടി കൊണ്ടിട്ടുമുണ്ട്. ഒരിക്കല്‍ മോഷ്ടിച്ചതിനായിരുന്നു. ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഒരു മോഷണം.

വല്യാത്ത കല്യാണം കഴിഞ്ഞ് കുറച്ച് ദിവസം പെരീല് നില്‍ക്കാന്‍ വന്നതായിരുന്നു. വെറുതെ അകത്ത് നടക്കുന്നതിനിടയിലാണ് അവരുടെ തുണിം കുപ്പായവും കെട്ടിവെച്ച നീലം മുക്കിയ തോര്‍ത്ത് കണ്ണില്‍ പെട്ടത്. അതിന്റെ അടുത്ത് ചെന്നാല്‍ എപ്പോഴും നല്ല മണമാണ്. ചെമ്പകപ്പൂവ് ചിലരൊക്കെ തുണിക്കെട്ടില്‍ വെക്കാറുണ്ടെത്രെ. ഞാനാണെങ്കില്‍ അന്നേവരെ അത്.കണ്ടിട്ടുമുണ്ടയിരുന്നില്ല. തോര്‍ത്തുകെട്ട് പത്തായത്തിന്റെ മൂലയിലേക്ക് നീക്കിവെച്ച് പതുക്കെ അഴിച്ചു, നല്ല മണം, ഒതുക്കി വെച്ചിരുന്ന കറുത്ത സൂപ്പുകളും (കറുത്ത മുണ്ട്) വെള്ളകുപ്പായവും രണ്ട് തോര്‍ത്തും എടുത്ത് പുറത്ത് വെച്ചു. അതിനിടയിലാണ് ആ ചെറിയ കുപ്പി താഴെ വിണത്. പതുക്കെ എടുത്ത് മുക്കിനോട് അടുപ്പിച്ചപ്പോള്‍ നല്ല മണം.

പിന്നെ അലോചിച്ചില്ല, കുപ്പിയുടെ ക്വാര്‍ക്ക് കടിച്ചൂരി കൈകളില്‍ മാറി മാറി പുരട്ടി... കൈയ്ക്ക് നല്ല മണം. തോര്‍ത്ത് ഒതുക്കി വെച്ച് പുറത്തിറങ്ങി... ഉമ്മ ചോദിക്കുന്നത് കേട്ടൂ.,... “ന്താ പാത്ത്മ്വോ ഒരു മണം... താത്തയോടാണ്...” അതോടെ ഒരു കാര്യം മനസ്സിലായി... ഞാന്‍ നടക്കുന്ന സ്ഥലത്തൊക്കെ മണവുമുണ്ട്. പതുക്കെ വെള്ളമൊഴുകുന്ന ഇടവഴിയിലേക്ക് ഇറങ്ങി കൈ കഴുകി, പലവട്ടം കഴുകിയിട്ടും മണം പോവാതെ നില്‍ക്കുന്നു... കൈകള്‍ ചുവക്കുവോളം കല്ലില്‍ ഉരസിക്കഴുകി, ഒന്ന് കൂടി മൂക്കത്ത് വെച്ചു നോക്കി, മുഴുവന്‍ പോയിട്ടില്ലായിരുന്നു. വീട്ടില്‍ പെട്ടന്ന് പരന്ന മണത്തിന്റെ രഹസ്യം ഞാന്‍ ചെന്നതോടെ പൊളിഞ്ഞു. ഒന്നും പറയാതെ ഉമ്മ അകത്തേക്ക് പോയി. തിരിച്ച് വരുമ്പോള്‍ കൈയ്യില്‍ അലച്ചില്‍ (തേങ്ങയുടെ ഞെട്ടി) ഉണ്ടായിരുന്നു... രണ്ട് കൈകളും കൂട്ടിപ്പിടിച്ച് അടിയ്ക്കുമ്പോള്‍ “ആരാടീ അന്നെ കക്കാന്‍ പഠിപ്പിച്ചത്...” എന്ന് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം ഇന്നേവരെ ഒന്നും കട്ടെടുക്കാന്‍ തോന്നിയിട്ടില്ല.

മുറിച്ച താളും ചേമ്പും കുറച്ച് പൂളത്തൊലിയും (കപ്പത്തൊലി) കൂട്ടി അടുപ്പത്തിട്ടു... വെന്ത കഞ്ഞിക്കലം അടുപ്പത്ത് നിന്നിറക്കുമ്പോള്‍ സൈനൂനെ വിളിച്ച് നോക്കി.
“ന്തേ...”
“ഇജ്ജ് എവിടെ....”
“വല്ല്യാപ്പാന്റെ അട്ത്ത്ണ്ട്...”
“അദ്ദു എവ്ടെ...”
“ഇവടണ്ട്...”

അവര്‍ അടുത്തില്ലാതായാല്‍ നീട്ടി വിളിക്കുന്നത് ഒരു ശീലമായിരിക്കുന്നു. ഒരിക്കല്‍ ഒന്ന് നഷ്ടപ്പെട്ടു എന്ന് കരുതിയതാണ്. ഇത് പോലെ ഒരു മഴക്കാലം. മഴതോര്‍ന്നിട്ടുണ്ട്... ബാപ്പയും ഓലും ചന്തക്ക് പോയിരുന്നു. സൈനുവും കദീശുവും കൂടി കളിക്കാന്‍ ഇറങ്ങി. മഴയായത് കൊണ്ട് ചീന്തിയ ഓലമടല്‍ അടുപ്പിന് മുകളില്‍ അട്ടിയിടുമ്പോഴാണ് അവളെ വിളിച്ച് നോക്കിയത്. മറുപടി ഇല്ലാതായപ്പോള്‍ അന്വേഷിച്ചിറങ്ങി. പീടികത്തൊടീലെ കുളത്തിന്റെ കരയില്‍ കദീശു കരഞ്ഞോണ്ട് നില്‍പ്പുണ്ട്. ഓടിച്ചെന്നപ്പോള്‍ നിറഞ്ഞ കുളത്തിലേക്ക് കൈചൂണ്ടി ‍. കൂടുതല്‍ ആലോചിക്കാനുണ്ടായിരുന്നില്ല... മുണ്ട് തലയില്‍ ചുറ്റിക്കെട്ടുമ്പോള്‍ കൂടെ ഓടിവന്ന ആയിശാത്ത പറഞ്ഞു “മോളെ ആണുങ്ങളെ ആരെങ്കിലും വിളിച്ചോ... ഇജ്ജ് ചാടല്ലേ... നെലല്ല്യാത്ത ആഴണ്ട് ട്ടാ‍...” “ആയിശാത്ത ന്റെ കുട്ടി...” അത്രയും പറഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞിരുന്നു. “പടച്ചോനെ... ന്റെ കുട്ടിനെ കാത്തോണേ...” എന്ന് കരഞ്ഞതും വെള്ളത്തിലേക്ക് ചാടിയതും ഇന്നും ഓര്‍ക്കുമ്പോള്‍ കോരിത്തരിക്കും. പലവട്ടം മുങ്ങിയപ്പോഴാണ് കുളത്തിലേക്ക് വെട്ടിയിറക്കിയ പടിയില്‍ കമിഴ്ന്ന് കിടക്കുന്ന സൈനൂന്റെ മുടിയില്‍ കൈ തടഞ്ഞത്... വലിച്ച് കരക്കെത്തിച്ചപ്പോള്‍ വാടിയ ചേമ്പില പോലെ.

മറ്റൊന്നും നോക്കാതെ അവളേയും തോളിലിട്ട് വീട്ടിലെത്തിയപ്പോഴേക്കും ആ‍ള് കൂടിയിരുന്നു. ആരോ ഒരാള്‍ കൈയില്‍ നിന്ന് കുട്ടിയെ വാങ്ങി... പടാപൊറത്ത് കിടത്തി രണ്ട് കൈകളും പതുക്കെ കുലുക്കിയപ്പോള്‍ വായയില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒലിച്ചു. കണ്‍പോളകള്‍ ഉയര്‍ത്തി നോക്കിയപ്പോള്‍ അകത്ത് വെള്ള മാത്രം. അവളേയും തോളിലിട്ട് ആദ്യം ഓടിയത് അസ്സന്‍ ഉസ്താദിന്റെ വീട്ടിലേക്കായിരുന്നു... നാട് മുഴുവന്‍ കൂടെ ഉണ്ടെന്ന് തോന്നി. അദ്ദേഹം അവളുടെ കൈ കാലുകള്‍ തിരുമ്മിച്ചൂടാക്കാന്‍ പറഞ്ഞു.. ശ്വാസംണ്ട് പേടിക്കണ്ട... ഗുളിക കലക്കി പതുക്കെ വായില്‍ ഒഴിച്ച് കൊടുത്തു... പിന്നെ ഉരലില്‍ കമിഴ്ത്തിക്കിടത്തി വയറില്‍ നിറഞ്ഞിരുന്ന വെള്ളം പുറത്തെത്തിച്ചു... എല്ലാം ചെയ്തിട്ടും നേരെമേറെ കഴിഞ്ഞാണ് അവള്‍ കണ്ണ് തുറന്നത്. ഇപ്പോഴും വിളിപ്പുറത്ത് അവളില്ലങ്കില്‍ മനസ്സില്‍ ഒരു ആന്തലാണ്.

“ആമിനൂ കഞ്ഞി ആയില്ല്യേ...”

ചൂട് കഞ്ഞി ഉപ്പ് ചേര്‍ത്ത് ചെറിയ മണ്‍പാത്രത്തില്‍ ഒഴിച്ചു... കാലിളകിയ കൈലുകള്‍ ഒന്ന് കൂടി അടുപ്പിന്റെ വീതനിയില്‍ മേടി ഉറപ്പിച്ച് പാത്രത്തിലിട്ടു... വാരാന്തയില്‍ കൊണ്ട് വെച്ചു. ബാപ്പയേയും ഓലേയും വിളിച്ചു. കഞ്ഞി കുടിക്കുമ്പോള്‍ ബാപ്പ പറയുന്നു “ഖാദ്‌റേ ഇജ്ജ് കുഞ്ഞാമ്മൂന്റെ പെരീക്ക് ഒന്നും പോയില്ലേ... അവ്ടെ നമ്മളൊക്കെ അല്ലേ സഹായിക്കണ്ടത്.

“കഞ്ഞി കുടിച്ചിട്ട് ഒന്ന് എറങ്ങി നോക്കട്ടേ...“ എന്ന് മറുപടിയും കേട്ടു.

തൊപ്പിക്കൊട എടുക്കുമ്പോള്‍ വിളിച്ചു... “ ഇന്ന് ആ കുഞ്ഞാമ്മുന്റെ പെര വരെ പോട്ടേ...രണ്ടീസം കയിഞ്ഞാ കല്യാണല്ലേ അവ്ടെ... കൊറേ പണിണ്ടാവും. ഇന്നേതായാലും പാടത്ത്ക്ക് എറങ്ങാം പറ്റുംന്ന് തോന്ന്ണ് ല്യാ...”

“ഇങ്ങള് പോണ്ണ്ടങ്കി ഞാനും പോരാം. അരീലെ കല്ല് പെറ്ക്കാനും നെലം തേക്കാനും ആയിട്ട് കൊറേ പണികാണും... ഇഞ്ഞ് കല്യാണം കയിയ്ണ് വരെ എത്ര ആള്ണ്ടായാലും മതിവൂല്ല...”

“ഇന്നാ ഞാനും പോരും...” സൈനു അടുക്കളയിലെത്തി.
“ഞാനും..” അബ്ദു കൂടെ തന്നെ ഉണ്ട്.
“അപ്പോ വല്യാപ്പാന്റെ അട്ത്ത് ആരാ...“
“അയ്‌ന് ബാപ്പ തായത്ത്ക്ക് എറങ്ങി... ന്നാ ബേം കഞ്ഞി കുടിച്ച് ഇജ്ജ് ഓളേം കൂട്ടി എറങ്ങ്...”

വരാന്തയില്‍ നിന്നെടുത്ത കഞ്ഞി പാത്രത്തിലേക്ക് രണ്ട് കൈല് കഞ്ഞികൂടി കോരിയൊഴിച്ച് വലിച്ച് കുടിച്ച് വാതില് ചാരി കൂടെ ഇറങ്ങി.

25 comments:

Rasheed Chalil said...

മൂന്നാം ഭാഗം, കുരുവി കൂടൊരുക്കുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

കുരുവി കൂടൊരുക്കും പോലെ തന്നെയല്ലെ വീടെരുക്കുന്നതും.. ചെമ്മണ്ണ് വെച്ച് മെഴുകുന്നത് ഞാനും കണ്ടിട്ടുണ്ട്.. പക്ഷെ അത് എങ്ങിനെ ഉണ്ടാക്കുന്നെന്ന് അറിയില്ലാരുന്നു

അപ്പോള്‍ കഥ തുടരട്ടെ.. :)

മുസാഫിര്‍ said...

മണ്ണ് കൊണ്ട് കട്ടയുണ്ടാ‍ക്കീ ഓലമേഞ്ഞ് ചാണകം കൊണ്ട് നിലം മെഴുകി വീടൊരുക്കുന്നത് വായനയൂടെയെങ്കിലും പുതിയ തലമുറ അറിയട്ടെ.

വല്യമ്മായി said...

രണ്ടും മൂന്നും ഭാഗങ്ങള്‍ ഒന്നിച്ച് വായിച്ചു,നേരില്‍ കാണുന്ന പോലെ.ചോദിക്കാതേയും പറയാതെയും പരസ്പരം സഹായിച്ചിരുന്ന നാട്ടിന്‍പുറകാഴ്ചകള്‍ :)

shams said...

ഓലപ്പുരയുടെ നിലം മെഴുകാന്‍ വേണ്ടി കളിമണ്ണെടുക്കാന്‍ അടുത്തുള്ള പാടത്തേക്ക് നിലാവുള്ള രാത്രികളില്‍ പോയിരുന്ന കാലം ഓര്‍മ്മയിലുണര്‍ന്നു.
ഇത്തിരീ... നന്നായിരിക്കുന്നു.

സുല്‍ |Sul said...

അപ്പൊ ഒരു കല്യാണൊക്കെ വരികയല്ലേ. കൂടുതല്‍ ആലോചിച്ചിരിക്കാതെ കാര്യങ്ങള്‍ ഉഷാറാവട്ടെ ഇത്തിരീ.

-സുല്‍

പകല്‍കിനാവന്‍ | daYdreaMer said...

കൊള്ളാട്ടോ .. ആശംസകള്‍...

sHihab mOgraL said...

ചായ ഉണ്ടാക്കാനുപയോഗിച്ച തേയിലപ്പൊടി പ്രത്യേകം ഒരു പാത്രത്തില്‍ സൂക്ഷിച്ച് കുറേ ആയിക്കഴിഞ്ഞാല്‍ ശീമക്കൊന്നയുടെ ഇലയും കൂട്ടി ചേര്‍ത്തരച്ച് മെഴുകുന്ന ഒരു പതിവ് ഞങ്ങളുടെ നാട്ടിന്‍‌പുറത്തുണ്ടായിരുന്നു. കുഞ്ഞിമാന്റെ (ഉപ്പയുടെ പെങ്ങള്‍) പറമ്പിലേക്ക് ഇല പറിച്ചെടുക്കാന്‍ പോകുന്ന ഒരു കാലം ഓര്‍മ്മയില്‍ തെളിയുന്നു...
ചാണകം മെഴുകുന്ന കാലം വളരെ ചെറുപ്പത്തിലെ മങ്ങിയ ഓര്‍മ്മകളിലൊന്നാണ്‌.
------------------------
ആവശ്യമറിഞ്ഞ് സഹായിക്കാനെത്തുന്ന നാട്ടിന്‍പുറത്തുകാരുടെ നിഷ്ക്കളങ്കത ഇന്ന് മതിലുകള്‍ക്കകത്തേക്ക് ഉള്‍‌വലിഞ്ഞു പോകുന്നുവോ....

yousufpa said...

ഇത് മറ്റൊരു ഹിറ്റാകും തീര്‍ച്ച.ഗ്രാമത്തിന്‍റെ ആ നന്മ തെളിയുന്നുണ്ട് എഴുത്തില്‍.

പ്രതിധ്വനി said...

സത്യം ഏതോ ഒരനുഭൂതിയിലായിപ്പോയി.
ആ കുഞ്ഞ് സൈനു എന്റെ കൈകളിലാണു കിടന്നിരുന്നതെന്നു തോന്നി പ്പോയി!!!!!!!!!!!!
ഭാവുകങ്ങൾ...........................

ആര്‍ബി said...

ഇത്തിരീ,, കലക്കുന്നു,,,,
അടുത്ത പോസ്റ്റെന്നാ....

ആശംസകള്‍,,,,





ഒന്നു രണ്ടു അക്ഷരതെറ്റുകള്‍ കണ്ടോ എന്നൊരു സംശയം,,,

thoufi | തൗഫി said...

ഇന്നിന്റെ തലമുറക്കന്യമായ
ഇന്നലെയുടെ കാഴ്ച്ചകള്‍..
അപരന്റെ സന്തോഷവും നോവും
തന്റേതായികൂടി കണ്ടിരുന്ന
ഒരു തലമുറയുടെ,
നാട്ടുമ്പുറ നന്മയുടെ സ്നേഹക്കൊയ്ത്തിന്റെ കഥകള്‍..!

Unknown said...

ഇത്തിരീ :)

ഒത്തിരിയൊത്തിരി വര്‍ഷങ്ങള്‍ക്കു പിറകിലേക്ക് ഓര്‍മ്മകളെ കൈപിടിച്ചു കൊണ്ടു പോകുന്ന പോസ്റ്റ്.

കല്‍പ്പൂഴിയെടുത്തു തേക്കുന്ന രീതി ഞങ്ങളുടെ നാട്ടിലില്ല,മണ്ണു കുഴച്ചു തേച്ചു മരം കൊണ്ടുണ്ടാക്കുന്ന നിലം തല്ലി കൊണ്ട് അടിച്ചു മിനുസപ്പെടുത്തി അതിനു മീതെ ചകിരി കത്തുമ്പോള്‍ വെള്ളമൊഴിച്ചു കരിയാക്കിയെടുത്ത് അതും പശുക്കളുടെ ചാണകവും ചേര്‍ത്തു മെഴുകുന്നതാണു ഞാന്‍ കണ്ടിട്ടുള്ളത്.

പുര മേയുന്ന കാര്യമാണെങ്കില്‍ ഓല മെടഞ്ഞ് കെട്ടും.

മഴ മാറി കുളിരു വരുന്ന വൃശ്ചിക മാസത്തില്‍ വിശാലമായ കുന്നിന്‍ പുറങ്ങളില്‍ മുറ്റി വളര്‍ന്നു നില്‍ക്കുന്ന പുല്ല് ഉണങ്ങാന്‍ തുടങ്ങുമ്പോള്‍ നാട്ടിന്‍പുറത്തെ സ്ത്രീകള്‍ കൂട്ടം കൂട്ടമായി അരിവാളുമായിറങ്ങും, മുളിയരിയാന്‍(മുളി എന്നാണ് ആ പുല്ല് അറിയപ്പെടുന്നത് അതില്‍ത്തന്നെ പട്ടു പോലെ മൃദുലമായവയും ,അല്ലാത്തവയും ഉണ്ടായിരുന്നു. ആദ്യത്തെ വിഭാഗത്തില്‍പ്പെട്ടതിനെ നെയ്മുളി എന്നും വിളിക്കുമായിരുന്നു).ഇങ്ങനെ അരിഞ്ഞെടുക്കുന്ന പുല്ലു വെച്ചാണ് പുര പുതക്കുന്നത്(മേഞ്ഞിരുന്നത്).

സ്കൂള്‍ പഠനത്തിന്റെ അവസാന കാലങ്ങളില്‍ ചെറിയ തൊഴുത്തൊക്കെ ഞാനും മേഞ്ഞിട്ടുണ്ട്.


ഫ്ലാറ്റ് സംസ്കാരത്തിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെയെങ്കിലും പൂര്‍വികര്‍ കഴിഞ്ഞു കൂടിയ ആവാസ വ്യവസ്ഥയെയും അന്നു വന്മഴകളായി തിമര്‍ത്തു പെയ്തൂ പരന്നൊഴുകിയ പരസ്പര സ്‌നേഹത്തേയും കുറിച്ചുള്ള അറിവുകള്‍ പകര്‍ത്തി വെച്ചതിനു നന്ദി.വരും തലമുറകളും എന്നും സ്മരിക്കുമാറാകട്ടെ.

കുഞ്ഞന്‍ said...

ഇത്തിരിമാഷെ..

ഹെഡ്ഡിങ്ങ് പോലെ, ഒരു പ്രദേശത്തെ ജനതയുടെ കൂടൊരുക്കല്‍ എങ്ങനെയാണെന്ന് അറിയാന്‍ കഴിയുന്നു. ഞങ്ങളുടെ നാട്ടില്‍ ഓല മെടഞ്ഞതൊ വയ്ക്കോലൊ ആണ് പുര മേയാനുപയോഗിക്കുന്നത്. നിലം ചാണകം കൊണ്ടു മെഴുകും അതില്‍ ചിലപ്പോള്‍ ബാറ്ററി തല്ലിപ്പൊട്ടിച്ച് അതിലെ കാര്‍ബണും ചേര്‍ക്കും കറുപ്പ് കൂടുതല്‍ കിട്ടാന്‍. ചുമരുകള്‍ അധികം ഉണ്ടാകാറില്ല. ഉണ്ടെങ്കില്‍ത്തന്നെ അരഭിത്തിയായിരിക്കും. മണ്‍ചുമരുകള്‍ക്ക് പകരം പലക കൊണ്ട് ചുമരുണ്ടാക്കും. അല്ലെങ്കില്‍ അടക്കാമര വാരിയില്‍ ഓലമഡല്‍ കൊണ്ടുകെട്ടി ചുമരുപോലെയാക്കും.

ഈ പോസ്റ്റ് താരശങ്കര്‍ ബാനര്‍ജിയുടെ ഗണദേവത എന്ന നോവലിനെപ്പോലെയായിത്തീരുമെന്ന് സംശയമില്ല.

ഒന്നു ചോദിക്കട്ടെ ആദ്യ ഭാഗത്ത് പൂളമരത്തൊലി ചുമരുകള്‍ തേയ്ക്കാനുപയോഗിക്കുന്നുവെന്നു പറയുന്നു. പിന്നീട് കറിയുണ്ടാക്കാമ്പോള്‍ പൂളത്തൊലി ചേര്‍ക്കുന്നതായും പറയുന്നു.രണ്ടും രണ്ടല്ലെ? പൂള മരം എന്നു പറയുന്നത് കപ്പ(മരച്ചീനി)ആണെങ്കില്‍ അത് ചുമര് തേയ്ക്കാനുപയോഗിക്കുമൊ?

Rasheed Chalil said...

ഇട്ടിമാളു : നന്ദി, അതെ... കുരുവി കൂടൊരുക്കും പോലെ തന്നെയായിരുന്നു പഴയകാലത്തെ വീടൊരുക്കലും. ഓലപ്പുരയുടെ മേല്‍കൂര മേയുന്ന ദിവസത്തെ ‘പുരകെട്ട് കല്യാണം’ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. വീട്ടുകാരും അയല്‍കാരും സജീവമായി പങ്കെടുക്കുന്ന ഒരു ചടങ്ങായിരുന്നു വീടൊരുക്കല്‍.

മുസാഫിര്‍ ഭായ്... നന്ദി., മണ്‍ചുമരുകളും കരിയോ ചാണകമോ മെഴുകിയ തറയും പൂര്‍ണ്ണമായും അപ്രത്യക്ഷമാവുന്നത് എന്റെ തലമുറയുടെ തുടക്കത്തിലാണ്. കുട്ടിക്കാലത്തെ ഓര്‍മ്മകളാണ് ഇത്തരം വീടുകള്‍... ഇത് അതിനും ഒരു അമ്പത് വര്‍ഷമെങ്കിലും പിന്നോട്ട് നടക്കാനുള്ള ഒരു ശ്രമവും... വിജയിക്കുമോ എന്നൊന്നും ഉറപ്പില്ല... ശ്രമിക്കാം ല്ലേ..

വല്യമ്മായി... നന്ദി., നാട്ടിലെ ഓരോ വീട്ടിലെയും ചടങ്ങുകള്‍ നാട്ടുകാരുടെ പൊതുപ്രശ്നം ആയിരുന്നു. പരസ്പരം സഹകരിച്ചേ നില‍നില്‍ക്കാനാവൂ എന്ന തോന്നലില്‍ നിന്നുണ്ടായ നന്മയാവാം... അങ്ങന്നെ പറയാന്‍ കാരണം,ആ തോന്നല്‍ നഷ്ടപ്പെട്ട് തുടങ്ങിയതോടെ ഇത്തരം നന്മകളും കൈമോശം വന്ന് തുടങ്ങി.

shams : നന്ദി., അത്തരം ഒരു മങ്ങിയ ഓര്‍മ്മയാണ് ഈ കുറിപ്പും.

സുല്‍ : നന്ദി. നമുക്ക് ശ്രമിക്കാംഷ്ടാ...

പകല്‍കിനാവ് : നന്ദി.

ശിഹാബ് നന്ദി. ആ പഴയമയിലേക്ക് ഓര്‍മ്മകളിലൂടെ ഒരു തിരിച്ച് നടത്തം, അത്രയേ ഇത് കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ... അക്ഷരമായി കിടന്നാല്‍ ഇടയ്കിടെ നമുക്ക് യാത്രചെയ്യാമല്ലോ :)

യുസുഫ് ഭായ്... നന്ദി. നഷ്ടഗ്രാമത്തിലെ ചില ഓര്‍മ്മകളാണ് ഇത്.

പ്രതിധ്വനി... നന്ദി. നല്ലവാക്കുകള്‍ക്ക് ഒത്തിരി നന്ദി.

ആര്‍ബി നന്ദി. ഒറ്റയിരുപ്പില്‍ ടൈപ്പുന്നതാണ് മിക്കപോസ്റ്റുകളും. (അല്ലെങ്കില്‍ നടക്കില്ലെന്നത് കൊണ്ട് തന്നെ) അത് കൊണ്ട് വരുന്നതാണ് അക്ഷര പിശാശ്... അറിയിക്കണം... തീര്‍ച്ചയായും തിരുത്താം... അറിയത്തിന് ഒരു സ്പെഷ്യല്‍ താങ്ക്സ്. :)


മിന്നാമിങ്ങ് : ഒത്തിരി നന്ദി, ആ കഴ്ചകളിലേക്ക് മനസ്സ് കൊണ്ടൊരു മടങ്ങാന്‍ ശ്രമിക്കുന്നു ഈ പോസ്റ്റുകളിലൂടെ...
പൊതുവാള്‍ : നന്ദി, ഓര്‍മ്മളുമായി ചങ്ങാത്തത്തില്‍ തീര്‍ത്തത് തന്നെയാണ് ഈ പോസ്റ്റ്. എന്റെ ഓര്‍മ്മകളല്ല അധികവും... ഉപ്പയും ഉമ്മയുമൊക്കെ അവരുടെ കുട്ടിക്കാലത്തെ കുറിച്ച് പറയുമ്പോള്‍ കൌതുകത്തോടെ കേട്ടിരിക്കാറുണ്ട്. ആ കേള്‍വിയുടെ ഓര്‍മ്മകളാണ് പോസ്റ്റുകളും...

കുഞ്ഞന്‍ ഒത്തിരി നന്ദി. ന പിന്നെ പൂള
രണ്ട് രീതിയില്‍ പ്രയോഗിക്കാറുണ്ട്. നിലം മെഴുകുമ്പോള്‍ കൊഴുപ്പിന് ഉപയോഗിക്കുന്ന ഒരു തരം മരമുണ്ട്. അതിനെ പൂള എന്ന് വിളിക്കാറുണ്ട്. പിന്നെ സാധാരണ മരച്ചീനി(കപ്പ)യും അതേ പേരില്‍ തന്നെ. മെഴുകാന്‍ ഉപയോഗിക്കുന്ന പൂളത്തോല് മരത്തിന്റെ തോലും കഴിക്കാനുപയോഗിക്കുന്നത് മരച്ചീനിയുടെ പുറം തൊലി നീക്കിയാല്‍ മങ്ങിയ റോസ് നിറത്തില്‍ കാണുന്ന തോലിയും ആണ്...

വായിക്കാനെത്തിയ എല്ലാവര്‍ക്കും ഒത്തിരി നന്ദി.

സ്നേഹപൂര്‍വ്വം.
ഇത്തിരി.

ചന്ദ്രകാന്തം said...

'ഗ്രാമത്തിന്‍ വിശുദ്ധിയും, മണവും മമതയും' ഓരോ വരികളിലും നിറഞ്ഞു നില്‍ക്കുന്നു. ആര്‍ഭാടങ്ങളോ, പൊങ്ങച്ചങ്ങളോ വികൃതമാക്കാത്ത ആ അന്തരീക്ഷം‌പോലും, ഇന്ന്‌ 'പണ്ടുപണ്ട്‌..' എന്നു തുടങ്ങുന്ന വെറും കഥകളില്‍ മാത്രം.
മഴ ചാറുന്നുണ്ടിപ്പൊഴും. കല്യാണപ്പൊരേലെത്തുമ്പോഴേയ്ക്കും കൂട്വോ ആവോ. ചൂടാന്‍ ഒരു ചേമ്പില പൊട്ടിയ്ക്കട്ടെ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരുപാടിഷ്ടമായി ഈ കൂടൊരുക്കല്‍

ഏറനാടന്‍ said...

ഇത്തിരീ, ഇങ്ങനെ ഒരു തുടരന്‍ ഇവിടെ ഉള്ളത് അറിയാന്‍ വൈകി. ക്ഷമീര്‌. എനിക്ക് പെരുത്ത് പിടിച്ചു ഈ നോവലും അതിലെ കഥാപാത്രങ്ങളും അവതരണശൈലിയും..

പിന്നെ ഓരോ ലക്കത്തിനും ആദ്യം ഒരു രത്നച്ചുരുക്കം കൊടുക്കുന്നത് വായനക്കാര്‍ക്ക് കണക്ഷന്‍ കിട്ടാന്‍ ഈസി ആയിരിക്കും എന്ന് തോന്നുന്നു. ഇങ്ങള്‍ക്കെന്തു തോന്നുന്നു?

B Shihab said...

ആശംസകള്‍

Appu Adyakshari said...

ഇത്തിരീ വളരെ നന്നാവുന്നുണ്ട്. ഇതൊരു നല്ല നോവലായി വരും. എനിക്കൊരു സംശയവുമില്ല. അടൂത്ത മീറ്റിനു നമുകിതിന്റെ പുസ്തകം ഇറക്കണം..

Rasheed Chalil said...

അഭിപ്രായം അറിയിച്ച..

ചന്ദ്രകാന്തം.
പ്രിയ ഉണ്ണികൃഷ്ണന്‍.
ഏറനാടന്‍.
ബി ശിഹബ്.
അഹ് മദ് എന്‍ ഇബ്രാഹീം
അപ്പു..

എല്ലാവര്‍ക്കും നന്ദി.

വേണു venu said...

ഇത്തിരീ വായിക്കുന്നുണ്ട്.
എഴുത്തിഷ്ടമാകുന്നു. കഥകള്‍ തുടരട്ടെ...

Sathees Makkoth | Asha Revamma said...

ആ പഴയകാലം കണ്മുന്നിൽ കാണുന്നു ഇത്തിരീ.ഭാഷാവ്യത്യാസമൊഴികെ ബാക്കിയെല്ലാം ഒരുപോലെ.

Unknown said...

നാട്ടുമ്പുറ നന്മയുടെ സ്നേഹക്കൊയ്ത്തിന്റെ കഥകള്‍..!

Unknown said...
This comment has been removed by the author.