Wednesday, June 28, 2017

8. വെയിലും തണലും

ഭാഗം : എട്ട്

കരിത്തേച്ച് മിനുക്കിയ ഈര്‍പ്പം മാറാത്ത അടുക്കളപ്പുറത്തൂടെ തിടുക്കത്തില്‍ നീങ്ങുന്ന ഉറുമ്പുകളെ ശ്രദ്ധിച്ചിരുന്നു. നിരത്തെറ്റാത്ത ആ വരിയ്ക്കൊപ്പം നിങ്ങുന്ന മീന്‍ മുള്ള്, അകത്ത് ഒതുക്കി നിര്‍ത്തിയിരുന്ന വിശപ്പ് കൂട്ടുന്നുണ്ട്. കഴിച്ചതിന്റെ അവശിഷ്ടമാണങ്കിലും, മണ്ണ് പറ്റിയിട്ടുണ്ടെങ്കിലും അകത്തെത്തിയാല്‍ ഇച്ചിരി ആശ്വാസമാവും എന്നുറപ്പാണ്. കഴിഞ്ഞ രാത്രിയിലും കാര്യമായൊന്നും കഴിച്ചിട്ടില്ല...

മീന്‍ കൂട്ടാനും കൂട്ടി ചോറ് കുഴക്കുന്നതും നോക്കി നിന്നതിന് ‘ ഇജ്ജ് ന്തിനാ എപ്പളും ഇങ്ങനെ നോക്കി നിക്ക്ണത്... ബാക്കിള്ളൊര്ക്ക് കൊതി കൂടാനോ...“ എന്ന്‍ കദീജുവിനെ പരിഹസിക്കുന്നത് കേട്ടപ്പോള്‍ സങ്കടമടക്കി മിണ്ടാതെ കിടന്നു. തലതാഴ്ത്തി, നനഞ്ഞ കണ്ണുകളുമായി തേങ്ങുന്ന അവളുടെ കുഞ്ഞുമുഖം കണ്ണടച്ച് നിന്നാല്‍ തന്നെ കാണാമായിരുന്നു. സങ്കടം തൊണ്ടയിലെത്തിയപ്പോള്‍ കമിഴ്ന്ന് കിടന്നു... കണ്ണുകള്‍ നിറഞ്ഞൊഴുകി... കരച്ചിലിന്റെ ശബ്ദം പുറത്തെത്തിയാല്‍ അത് വീണ്ടും ഒരു ശകാരത്തിന് കൂടി വഴിവെക്കുമെന്നതിനാല്‍ തേങ്ങലടക്കി. ഇന്നലെ എല്ലാവരും കഴിച്ച ശേഷം കഞ്ഞിക്കലത്തില്‍ ചൂട് വെള്ളമൊഴിച്ച് ഉപ്പിട്ട് നീക്കിവെക്കുമ്പോള്‍ അമ്മായി ഓര്‍മ്മിപ്പിച്ചു. ‘ബേം തിന്ന് പോയി കെട്ന്നോ... രണ്ടും. ഇബടെ ഇങ്ങളേ നോക്കാനൊന്നും ആരും ല്ലാ...”

ആരും ശ്രദ്ധിക്കുന്നില്ലന്ന് ഉറപ്പ് വരുത്തി, ഉറുമ്പിന്‍ ചാലിനരികെ പടിഞ്ഞിരുന്ന് നീങ്ങുന്ന മീന്‍ മുള്ള്‍ കയ്യിലെടുത്തു... പറ്റിപ്പിടിച്ച ഉറുമ്പുകളെ തട്ടിക്കളയുമ്പോള്‍ ഒന്ന്‍ രണ്ടെണ്ണം കൈയിലേക്ക് കയറി. മീന്‍മുള്ള് വായയിലേക്ക് ഉയര്‍ത്തുമ്പോഴാണ് സൂക്ഷിച്ച് നോക്കി നില്‍ക്കുന്ന കദീജുവിന്റെ കലങ്ങിയ കണ്ണുകള്‍ കണ്ടത്. അവിടെയും വിശപ്പിന്റെ നിസ്സഹായതയുണ്ട്. ഏത് നിമിഷവും പൊട്ടിയൊലിക്കാവുന്ന രീതിയില്‍ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്... പാറിപ്പറന്ന മുടിയുമായി പാതി വളഞ്ഞ് ചുമരിനോട് ചാരി നില്‍ക്കുന്ന അവള്‍ക്ക് നീട്ടി. വേണ്ടെന്ന് തലയാട്ടിയെങ്കിലും കയ്യില്‍ വെച്ചു കൊടുത്തു. തിരിച്ചും മറിച്ചും നോക്കി ഒരു കഷ്ണം കടിച്ചെടുത്ത് ബാക്കി തിരിച്ച് നീട്ടുമ്പോഴേക്കും നിറഞ്ഞ് നിന്നിരുന്ന കണ്ണീര്‍ കവിളുകളിലൂടെ ഒലിച്ചിരുന്നു... ഒന്നും പറയാതെ വാങ്ങി വായിലിട്ട് ചവച്ചു...

‘ന്താടാ... ബ് ടെ... അന്നോട് ഞാന്‍ പറഞ്ഞ്ട്ടില്ല്യേ... തൊയുത്തീന്ന് രാവിലെ തന്നെ ചാണം വാരണം ന്ന്... വെറ്തെ തിന്ന് മുടിച്ചാന്‍ വേണ്ടി ഓരോരോ പണ്ടാരങ്ങള്‍...” ദേഷ്യത്തില്‍ വന്ന റുക്ക്യമ്മായിയെ കണ്ട് കദീജു ചൂളി. കണ്ണ് വെട്ടുന്ന സമയം കൊണ്ട് പരന്ന കൈ മുഖത്ത് പതിഞ്ഞു... കവിള്‍ നീറിപ്പൊള്ളിയപ്പോള്‍ കണ്ണടച്ചു... തൊണ്ടയില്‍ ശബ്ദം തടഞ്ഞു. അടി കൊണ്ടത് എനിക്കാണെങ്കിലും എങ്ങിക്കരഞ്ഞത് കദീജു ആയിരുന്നു. “മുണ്ടതിരിക്കടീ ചെയ്ത്താനെ...” അമ്മായി അവളുടെ നേരെ തിരിഞ്ഞു. തേങ്ങലൊതുക്കിയപ്പോള്‍ അമ്മായി തിരിച്ച് നടന്നു...

“വേം പോയി ആ തൊവുത്ത് നന്നാക്ക്... അല്ലാതെ അന്നത്തിന്റെ മുറി നക്കാന്‍ കിട്ടൂല്ല രണ്ടിനും... എന്ത് ഒലക്ക കണ്ട്ട്ടാണ് ഈ പണ്ടാരങ്ങളെ ഇങ്ങട്ട് കൊണ്ടന്ന്ക്ക്ണ്...” ബീവിഅമ്മായിയുടെ വീട്ടില്‍ നിന്ന് ഇങ്ങോട്ട് വിളിച്ച് കൊണ്ട് വന്ന അമ്മാവനോടുള്ള ദേഷ്യം പിറുപിറുപ്പില്‍ ഒതുക്കി അവര്‍ നടന്നകന്നു.

“കൊറച്ച് കയിഞ്ഞ് ഞമ്മക്ക് ബീവി അമ്മായിയുടെ പെരീക്ക് പോവാം... “ എന്ന് പറഞ്ഞപ്പോള്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് അവള്‍ തലയാട്ടി.

ബാപ്പയും ഉമ്മയും മരിച്ച ശേഷം ബാപ്പാന്റെ സഹോദരി ബീവിഅമ്മായിക്കൊപ്പമാണ് താമസം. പക്ഷേ ഇടയ്ക്ക് അമ്മാവന്‍ വിളിക്കാന്‍ വരും... ഇവിടെ റുക്യമ്മായിയുടെ ഉപദ്രവത്തെ കുറിച്ച് അറിയാമെങ്കിലും “ങ്ങള് രണ്ടീസം നിന്ന് പോരി മക്കളേ... ന്റെ കാലം കയിഞ്ഞാല്‍ അവരൊക്കെയല്ലേ നോക്കണ്ടത്... അതോണ്ട് പറ്റെ ബന്ധം വിടണ്ട...” എന്ന് ആശ്വസിപ്പിച്ച് അമ്മാവന്റെ കൂടെ വിടും.

എനിക്ക് അഞ്ച് വയസ്സും കദീജുവിന് നാല് മാസവും ഉള്ള സമയത്താണ് ബാപ്പ മരിച്ചത്. കൊയ്തുകാരെ സഹായിക്കാന്‍ പാടത്ത് പോയതായിരുന്നു. തിരിച്ച് വരുന്ന വഴിയില്‍ തളര്‍ന്ന് വീണു. പിന്നെ രണ്ടാഴ്ച കിടന്നു... അന്നും സഹായത്തിന് ബീവിമ്മായി മത്രമേ ഉണ്ടായിരുന്നുള്ളൂ. അര്‍ദ്ധരാത്രി അലറിക്കരച്ചില്‍ കേട്ട് ഞെട്ടിയുണരുമ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. ഉമ്മ കെട്ടിപ്പിടിച്ച് ‘നമ്മളെ പ്പ പോയി...” എന്ന് കരയുമ്പോഴും ‘മരണം’ എന്താണെന്ന് അറിയില്ലായിരുന്നു.

പാതിയടഞ്ഞ ഉപ്പാന്റെ കണ്ണിന് മുകളില്‍ പതുക്കെ കൈ വെച്ച് തടവി അടക്കുമ്പോള്‍ രായീന്‍ ഹാജിയുടെ ചുണ്ടുകള്‍ അനങ്ങുന്നുണ്ടായിരുന്നു. വെള്ളത്തുണി കീ‍റി കാലുകളുടെ തള്ളവിരലുകള്‍ ചേര്‍ത്ത് കെട്ടി... കൈകള്‍ രണ്ട് ഭാഗത്തുമായി നീട്ടി വെച്ചു.. മുഖത്തിന് ചുറ്റും ഒരു വട്ടക്കെട്ട് കെട്ടി... അപ്പോഴേക്ക് അകത്തെ മുറിയില്‍ നിന്ന് മരക്കട്ടില്‍ കൊലായിയിലേക്ക് എടുത്തു... ബാപ്പയെ അതിലേക്ക് കിടത്തി. വെള്ളമുണ്ട് കൊണ്ട് ശരീരം മൂടി... ചുറ്റുഭാഗത്തും ആളുകള്‍ ഇരുന്ന് മുസ് അഫ് ഓതാന്‍ (ഖുര്‍ ആന്‍ പാരായണം.) തുടങ്ങി.

ബീവിഅമ്മായിയുടെ മൂത്ത മകന്‍ സൈയ്തു കാക്ക അടുത്ത് വന്ന് പറഞ്ഞു.. “അന്റെ ഉപ്പ മരിച്ചെന്ന്..”
“മരിച്ചാലോ...”
“ഇഞ്ഞ് പള്ളിക്കാട്ടില്‍ കൊണ്ടോയി ഖബറടക്കും..” അഞ്ച് വയസ്സിന് മുത്തതാണ് സെയ്തു കാക്ക. അത് കൊണ്ട് എല്ലാ കാര്യങ്ങളും അറിയാം. പിന്നീട് ബാപ്പാന്റെ ഖബര്‍ പലവട്ടം ‘സിയാറത്ത് ‘ (സന്ദര്‍ശിച്ചു) ചെയ്തു. കൂടെ സൈതു കാക്കാന്റെ ബാപ്പാന്റെ ഖബറും. അദ്ദേഹവും കുറെ മുമ്പ് മരിച്ചതാണ്. അമ്മായിക്കാക്ക മരിച്ച ശേഷം ബാപ്പയായിരുന്നു അവക്ക് സഹായം. ബാപ്പ കൂടി മരിച്ചപ്പോള്‍ അമ്മായി പുറം ജോലിക്ക് പോയിത്തുടങ്ങി. ബീത്താത്ത എന്നാണ് എല്ലാവരും അമ്മായിയെ വിളിക്കാറ്...

ഉമ്മാന്റെ കുടുബം നാട്ടിലെ ജന്മിക്കുടുബമാണ്... ഉമ്മയുടെ ഉമ്മ നേരത്തെ മരിച്ചിരുന്നു... അവിടെ കുടുബത്തില്‍ ബാക്കിയുള്ളവരാരും തിരിഞ്ഞ് നോക്കിയില്ല... ബീവി ആമ്മയിയോടൊപ്പം ഉമ്മ ജോലിക്ക് പോയിത്തുടങ്ങി. അത് കുറച്ചിലാണെന്ന്‍ പറഞ്ഞ് അമ്മാവന്‍ പലപ്പോഴും ഉമ്മയോട് ദേഷ്യപ്പെട്ടു... ‘ന്റെ മ്മ ണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ ഗതി വരൂല്ലായിരുന്നൂ..’ എന്ന് പറഞ്ഞ് ഉമ്മ കരഞ്ഞു. ആ സങ്കടം തീരുവോളം ഉമ്മ ജോലിക്ക് പോവില്ല. പട്ടിണിയാവുമ്പോള്‍ പിന്നെയും കൊയ്യാനും മെതിക്കാനും നെല്ല് കുത്താനും ഇറങ്ങും.

ഉമ്മ രോഗിയായപ്പോ‍ള്‍ ബീവിഅമ്മായി പണിക്ക് ഇറങ്ങും മുമ്പ് അതിരാവിലെ വന്ന് കഞ്ഞിയും കഷായവും വെച്ച് തരും. അവര് ഇറങ്ങിയാല്‍ ഉടനെ ചൂടുള്ള കഞ്ഞി പാത്രത്തിലാക്കി ചൂടാറ്റി ഉമ്മയുടെ കട്ടിലിന്നരികെ എത്തിക്കലാണ് ആദ്യത്തെ ജോലി. പതുക്കെ എണീറ്റിരുന്ന് ചേര്‍ത്ത് നിര്‍ത്തി ചോദിക്കും... “ന്റെ കുട്ടി കുടിച്ചോ...
“ങ്ങള് കുടിച്ചോളീ... ന്ന്ട്ട് ഞാന്‍ കുടിക്കാം..”
“കദീജൂനും കൊടുക്കണം... ഓളെ ഇജ്ജ് നോക്കണം... മ്മാക്ക് ബെജ്ജാഞിട്ട് അല്ലേ..”
“ഓക്ക് ഞാന്‍ കഞ്ഞി കൊട്ത്തോളം... മ്മ കുടിച്ചോളി...”
അവള്‍ക്ക് കഞ്ഞി കൊടുത്ത് കഴിയുമ്പോഴേക്ക് അടുപ്പത്ത് വെച്ച കഷായം തിളച്ചിരിക്കും.അത് പിഞ്ഞാണത്തിലാക്കി കൊണ്ട് കൊടുക്കുമ്പോള്‍ “ന്റെ കുട്ടി ഈ പ്രായത്തില്‍ ങ്ങനെ ആയല്ലോ പടച്ചോനെ...” എന്ന് കരയുമായിരുന്നു. ഒന്നും മിണ്ടാതെ പാത്രം തിരിച്ചെടുത്ത് മുറ്റത്തേക്കിറങ്ങും.

മുറ്റത്ത് വീണ ചമ്മലൊക്കെ പെറുക്കി വൃത്തിയാക്കുമ്പോഴേക്ക് കുളിക്കാന്‍ വെള്ളം എടുക്കാന്‍ സമയമായി. ഇടവഴിയിലൂടെ ഒഴുകുന്ന വെള്ളം കിണ്ടിയില്‍ കൊണ്ട് വന്ന് കലം നിറക്കും... ആദ്യം കദീജൂനെ കുളിപ്പിക്കും.. പിന്നെ ഉമ്മാനെ വിളിക്കും... “ കുളിപ്പുര വരെ വാരാന്‍ ഒത്തിരി കഷ്ടപ്പെടണം‍... പിന്നെ ഇരുന്ന് നമസ് കരിക്കും... അത് കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ ഉമ്മാന്റെ രണ്ട് ഭാഗത്തുമായി ചുരുണ്ട് കൂടും... പുറം വീട്ടില്‍ പണിക്ക് പോവുന്ന ബീവി അമ്മായി വൈകുന്നേരമേ വരൂ... അപ്പോള്‍ കഴിക്കാന്‍ എന്തെങ്കിലും ണ്ടാവും... “കുഞ്ഞ്വോ... ഇത് അവുത്ത് കൊണ്ട് വെക്ക്... കുറച്ച് കഴിഞ്ഞ് ഉമ്മാക്ക് കൊടുക്കണം... ന്ന്ട്ട് ഇങ്ങള് തിന്നോണ്ടി.. ”എന്ന് പറഞ്ഞ് . അവര്‍ ഇറങ്ങും.

അന്നും രാവിലെ കഷായം വെച്ചാണ് ബീവി അമ്മായി നെല്ല് കുത്താന്‍ പോയത്. കഞ്ഞിയും മരുന്നും കൊടുത്തപ്പോഴാണ് നഖം മുറിക്കണം എന്ന് പറഞ്ഞത്. കട്ടില്‍ നിന്ന് പതുക്കേ ഇറങ്ങി വരാന്തയില്‍ വന്ന് നഖം മുറിച്ചോണ്ടിരിക്കുമ്പോഴാണ് ഉമ്മ ചരിഞ്ഞ് വീണത്... അലറിക്കരഞ്ഞ് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും എട്ട് വയസ്സുകാരന് അതിന് കഴിയില്ലായിരുന്നു... പിന്നെ ഒന്നും നോക്കാതെ അമ്മായി പണിയെടുക്കുന്ന വീട്ടിലേക്ക് കരഞ്ഞ് കൊണ്ട് ഓടി..

വിവരമറിഞ്ഞപ്പോല്‍ അവര്‍ കൂടെ വന്നു... വീട്ടിലെത്തി കട്ടിലിലേക്ക് കിടത്തി.. ശരീരം മുഴുവന്‍ വെള്ളം ചൂടാകി തുടച്ചു... ഞാന്‍ സൈനൂന് കഞ്ഞി കൊടുക്കുമ്പോഴാണ് താഴത്തീലെ ആച്ചുട്ടിത്താത്തനെ വിളിക്കാന്‍ പറഞ്ഞത്... അവരെ വിളിച്ച് തിരിച്ച് കട്ടിലിനരികില്‍ ഓടിയെത്തി... അമ്മായി വായില്‍ വെള്ളം ഇറ്റിച്ച് കൊടുക്കുന്നുണ്ട്... കട്ടിലിനോട് ചേര്‍ന്ന് നിന്നപ്പോള്‍ ആ കൈകള്‍ കൈത്തണ്ടയില്‍ ഒന്ന് മുറുകി... പിന്നെ അയഞ്ഞു...

യത്തീം ആയ ഞങ്ങള്‍ ബീവി അമ്മായിയോടൊപ്പം ഇറങ്ങി... അവരുടെ വീട്ടിലേക്ക്...

തൊഴുത്തില്‍ നിന്ന് ചാണകം നീക്കി കൈ കഴുകുമ്പോള്‍ കദീജു വീണ്ടും വന്നു. ‘കാക്കാ... ഞമ്മക്ക് പോവാം... ഓല് ഇന്നെ തല്ലാണ്...” റുക്യമ്മായിയെ കുറിച്ചുള്ള പരാതിയാണ് ... അഞ്ചു വയസ്സുകാരിയായ കദീജു തേങ്ങുന്നു... “അമ്മോന്‍ കാക്ക വന്ന്ട്ട് പറഞ്ഞ് പോവാം ഇന്ന്... ട്ടാ... “ കണ്ണീര്‍ തുടച്ച് അവള്‍ ഓടിപ്പോയി.

‘തിരിച്ച് പോവാന്‍ ഇനി എന്ത് പറയും...’ നനവുള്ള തൊഴുത്തിന്‍ വരാന്തയില്‍ ഇരുന്നാലോചിച്ചു.

19 comments:

Rasheed Chalil said...

വെയിലും തണലും...

ആര്‍ബി said...

ആരും ശ്രദ്ധിക്കുന്നില്ലന്ന് ഉറപ്പ് വരുത്തി, ഉറുമ്പിന്‍ ചാലിനരികെ പടിഞ്ഞിരുന്ന് നീങ്ങുന്ന മീന്‍ മുള്ള്‍ കയ്യിലെടുത്തു... പറ്റിപ്പിടിച്ച ഉറുമ്പുകളെ തട്ടിക്കളയുമ്പോള്‍ ഒന്ന്‍ രണ്ടെണ്ണം കൈയിലേക്ക് കയറി. മീന്‍മുള്ള് വായയിലേക്ക് ഉയര്‍ത്തുമ്പോഴാണ് സൂക്ഷിച്ച് നോക്കി നില്‍ക്കുന്ന കദീജുവിന്റെ കലങ്ങിയ കണ്ണുകള്‍ കണ്ടത്. അവിടെയും വിശപ്പിന്റെ നിസ്സഹായതയുണ്ട്.


ഇത്തിരി,, കല്ല്യാണവും ബിരിയാണിയും കാത്തിരുന്ന ഞങ്ങളെ കരയിച്ചു..

പകല്‍കിനാവന്‍ | daYdreaMer said...

ഒരൊത്തിരി വെട്ടമേ.. കണ്ണ് നനഞ്ഞല്ലോ പഹയാ..

jamal|ജമാൽ said...

കല്യാണത്തലേന്ന് ബന്ന് പൊയതേര്‌നി
പിന്നെ കൊറേ കാലത്തിൻ ഒച്ചിം ബുളി ഒന്നും ഇല്ല്യാഞ്ഞപ്പൊ ഇങ്ങട്ട്‌ ബർലില്യ .ഇപ്പൊ ഒന്ന് ബേർത്തെനെ ബന്ന് നോക്യേപ്പൊ കല്യാണം കെയ്‌ഞി പന്തലും പൊളിച്ച്‌ വേറൊര്‌ ബയ്ക്കന്ന് നെലിം വിളിം തൊടങ്ങീക്ക്ണ്‌ മുയ്മനും ബായ്ച്ചിട്ടാ
പിന്നെ ബായ്ച്ച്‌"ന്റെ കുട്ടി ഈ പ്രായത്തില്‍ ങ്ങനെ ആയല്ലോ പടച്ചോനെ...” " ഇബടീത്ത്യേപ്പൊ തിണ്ടീലെന്തൊ കുടുങ്ങിമാതിരി
പിന്നെ കൊർച്ച്‌ കെയ്ഞാ ബാക്കി ബയ്ച്ചത്‌
good work yar

Anil cheleri kumaran said...

മനോഹരം.. വേദനാജനകം.

Jayesh/ജയേഷ് said...

nannayittundu

sHihab mOgraL said...

കരുണ വറ്റിയ മനുഷ്യ ചിത്രവും മരണവുമെല്ലാം കൂടി കണ്ണു നനഞ്ഞല്ലോ ഇത്തിരീ..

കരീം മാഷ്‌ said...

“യത്തീം ആയ ഞങ്ങള്‍ ബീവി അമ്മായിയോടൊപ്പം ഇറങ്ങി... അവരുടെ വീട്ടിലേക്ക്... “
അങ്ങനെ ചെന്നു കയറിയവരെല്ലാം അനുഭവിച്ചേക്കാനിടയുള്ളത്.
ആരും ചര്‍ച്ച ചെയ്യാത്തത്.
വായിക്കാനിഷ്ടപ്പെടാത്തത്.
പക്ഷെ അനുഭവിച്ചാലേ അറിയൂ..

വാഴക്കോടന്‍ ‍// vazhakodan said...

എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
താങ്കളുടെ രചനാ ശൈലി ഇന്നും വളരെ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്ന ഒരാളാണ് ഞാന്‍.
ഈ കഥയും എന്നെ വല്ലാതെ മോഹിപ്പിക്കുന്നു,മനസ്സിനെ നോവിക്കുന്നു,ഇഷ്ടപ്പെടുത്തുന്നു...
നന്ദി കൂട്ടുകാരാ...

മാണിക്യം said...

“വേം പോയി ആ തൊവുത്ത് നന്നാക്ക്...
അല്ലാതെ അന്നത്തിന്റെ മുറി നക്കാന്‍ കിട്ടൂല്ല രണ്ടിനും... എന്ത് ഒലക്ക കണ്ട്ട്ടാണ് ഈ പണ്ടാരങ്ങളെ ഇങ്ങട്ട് കൊണ്ടന്ന്ക്ക്ണ്...”

അഭിപ്രായം പറയാന്‍ ഞാന്‍ ആയിട്ടില്ല
വായിച്ച് തീരുമ്പോള്‍ മനസ്സ് വല്ലതെ പിടയുന്നു
മക്കള്‍ പറക്കമുറ്റും മുന്നെ മാതാപിതാക്കളെ
തിരികെ വിളിക്കുന്ന ദൈവം കുരുന്നു മക്കളുടെ നേരെ കാട്ടുന്ന ക്രൂരത,അതൊ ഈശ്വരന്റെ വിളയട്ടമോ?

കാട്ടിപ്പരുത്തി said...

ഇത്തിരി നൊമ്പരങ്ങള്‍ക്കൊരദ്ധ്യായം

Areekkodan | അരീക്കോടന്‍ said...

ഈ അദ്ധ്യായത്തില്‍ വെയിലിന്‌ കാഠിന്യം കൂടുതലുണ്ടോ?കണ്ണ്‍ നനയുന്നു....

Radhakrishnan said...

വളരെ വളരെ നന്നാവുന്നുണ്ട്‌. പക്ഷെ എവിടെയൊക്കെയോ പല തരം നൊമ്പരങ്ങളുടെ ഒരു കുത്ത്‌, അസഹ്യവേദനയായിത്തീരുന്നു.
കുറച്ചു കൂടി ഒന്നു മിനുക്കി ഒരു പുസ്തകരൂപത്തിലാക്കാന്‍ ശ്രമിക്കുക.

അടുത്ത ഭാഗത്തിനു കാത്ത്‌.

ARK

yousufpa said...

ആഹഹ്....സൂപ്പര്‍ ,വല്ലാത്തൊരു ഫീലിംഗ്.
റഷീദ് ഇത്തിരിവെട്ടത്തിലൂടെ മറ്റൊരു ചരിത്രം സൃഷ്ടിച്ചേക്കും .

ജിപ്പൂസ് said...

ആകെ ബെസമിച്ച് കുത്തിരിക്കായിരുന്നു.അപ്പളാ ഇത്തിര്യേ അന്‍റെ എയ്ത്ത് കണ്ണീ പെട്ടത്.ബെസമം കൂടീന്ന് പറയണ്ടാലോ.ഇജ്ജ് മനിസന്മാരെ ഇങ്ങനെ കരയ്ക്കാന്‍ വേണ്ടി എറങ്ങീരിക്കന്നാ ല്ലേ.

Rasheed Chalil said...

എല്ലാ വായനക്കാര്‍ക്കും നന്ദി. അഭിപ്രായം അറിയിച്ച ആര്‍ ബി, പകല്‍ കിനാവന്‍, ജമാല്‍, കുമാരന്‍, ജയേഷ്, ശിഹാബ്, കരീം മാഷ്, വാഴക്കോടന്‍, മാണിക്യം, കാട്ടിപ്പരുത്തി, അരീക്കോടന്‍, രാധാകൃഷ്ണന്‍, യൂസുഫ്പ, ജിപ്പൂസ്, അഹ്മദ് N ഇബ്രാഹീം .. എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Unknown said...

മനസ്സിനെ നോവിയ്ച്ചിരിക്കുന്നു,ഇഷ്ടപ്പെടുത്തുന്നു...മനോഹരം..

Unknown said...

കുറെ വൈകി എത്തിയ ആളാണ്‌ ഞാന്‍,
തുടക്കം മുതല്‍ എല്ലാം വായിച്ചു.
മനോഹരമായ അവതരണം, നന്ദി

sabeena said...

Nannyittund..othiri nalla mansullavarke ithu pole chinthikan aavu...
manasine vallathe vishamipikunnu ee katha...katha vayichu kazhinju aa kuttikal mansil ninnu mayunnilla